നീലേശ്വരം: പ്ലാസ്റ്റിക്കിനെതിരെ വ്യാപക പ്രചാരണം നടക്കുന്നുണ്ടെങ്കിലും അത് പ്രാവർത്തികമാക്കാനുള്ള മാർഗവുമായി മുന്നോട്ടുവരുന്നവർ കുറവാണ്. എന്നാൽ, ഇതിൽനിന്ന് വ്യത്യസ്തമാവുകയാണ് പാലായിലെ കണ്ണൻ തത്ത്വക്കാരൻ. വീടിന് മുമ്പിലെ കൃഷിയിടത്തിൽ ചിരട്ടയിൽ അടക്കപാകി തൈ മുളപ്പിച്ച് പ്ലാസ്റ്റിക്കിനെതിരായ സന്ദേശം നൽകുകയാണ് ഈ കർഷകൻ. സർക്കാർ ഫാമിൽ നിന്ന് തെങ്ങിൻ തൈ, കവുങ്ങിൻ തൈ, പച്ചക്കറിവിത്തുകൾ തുടങ്ങിയവയെല്ലാം പ്ലാസ്റ്റിക് കവറുകളിലാണ് മുളപ്പിച്ച് വിതരണം ചെയ്യുന്നത്. ഈ പ്ലാസ്റ്റിക് കവറുകൾ കൃഷിയിടങ്ങളിൽ അടിഞ്ഞ് കൂടുകയാണ്. ഇതിനൊരു പ്രതിവിധിയായാണ് കണ്ണൻ തെൻറ പറമ്പിൽ 200ഓളം അടക്ക ചിരട്ടയിൽ മണ്ണുനിറച്ച് പാകി മുളപ്പിച്ചെടുത്തത്. പാലാ കൊഴുമ്മൽ ഭഗവതി ക്ഷേത്രത്തിലെ തത്ത്വക്കാരനായ ഇദ്ദേഹം മുളപ്പിച്ചെടുക്കുന്ന തൈകൾ സ്വന്തം ആവശ്യത്തിന് പുറമെ വിൽക്കുന്നുമുണ്ട്. കശുമാവ്, പ്ലാവ്, മാവ്, മറ്റ് നടീൽ വസ്തുക്കൾ മുതലായവ തെങ്ങിെൻറ തൊണ്ടിൽ പാകി മുളപ്പിച്ച് പ്ലാസ്റ്റിക്കിനെ പാടേ ഒഴിവാക്കുന്നതിനുള്ള പരീക്ഷണത്തിനൊരുങ്ങുകയാണ് ഇപ്പോൾ. മറ്റുള്ളവരും ഈ രീതിയിൽ മുന്നോട്ടുവന്നാൽ കാർഷിക മേഖലയിൽ നിന്ന് പ്ലാസ്റ്റിക്കിനെ തുടച്ചുമാറ്റാൻ കഴിയുമെന്ന് ഈ കർഷകൻ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.