വിദ്യാലയ പരിസരത്തെ മയക്കുമരുന്ന് വിൽപന: കർശന നടപടിയെടുക്കണം -മന്ത്രി

കണ്ണൂർ: വിദ്യാലയ പരിസരങ്ങളിലെ മയക്കുമരുന്ന്, ലഹരി വസ്തുക്കളുടെ വിൽപന തടയാൻ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കാൻ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥരുടെ അവലോകന യോഗത്തിലാണ് മന്ത്രി നിർദേശം നൽകിയത്. സ്കൂൾ, കോളജ് പരിസരങ്ങളിൽ ലഹരി വിൽപന അനുവദിക്കരുത്. ഇങ്ങനെ ചെയ്യുന്നതായി കണ്ടാൽ അത്തരം കടകൾ അടപ്പിക്കണം. വ്യാജമദ്യത്തിനെതിരായ പരിശോധനകളും നടപടികളും ശക്തമായി തുടരണം. ഓണക്കാലമായതിനാൽ ഇക്കാര്യത്തിൽ കൂടുതൽ ജാഗ്രതയോടെയുള്ള പ്രവർത്തനം വേണം. വ്യാജകള്ള് വരുന്നത് തടയാൻ ശ്രദ്ധ വേണം. ആദിവാസി മേഖലകളിൽ അവർക്ക് ബുദ്ധിമുട്ടില്ലാത്തവിധത്തിലാകണം നടപടികളെന്ന് മന്ത്രി ഓർമിപ്പിച്ചു. മദ്യത്തിനും മയക്കുമരുന്നിനുമെതിരായ ബോധവത്കരണത്തിനുള്ള വിമുക്തി പദ്ധതി ജില്ലയിൽ നല്ല നിലയിൽ നടക്കുന്നുണ്ട്. ഇത് കുറേക്കൂടി വിപുലവും കാര്യക്ഷമവുമാക്കണമെന്നും മന്ത്രി പറഞ്ഞു. എക്സൈസ് ജോ. കമീഷണർ ഡി. സന്തോഷ്, അസി. എക്സൈസ് കമീഷണർ എം. അൻസാരി ബീഗു തുടങ്ങിയവർ പങ്കെടുത്തു. ജില്ലയിലെ അസി. എക്സൈസ് ഇൻസ്പെക്ടർമാർ വരെയുള്ള ഉദ്യോഗസ്ഥരാണ് യോഗത്തിൽ പങ്കെടുത്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.