കണ്ണൂർ: ദലിത് യുവതി ചിത്രലേഖയുടെ നിർമാണത്തിലിരിക്കുന്ന വീട് യു.ഡി.എഫ് നേതാക്കൾ സന്ദർശിച്ചു. അനുവദിച്ച ഭൂമി തിരിച്ചെടുക്കാനുള്ള സർക്കാർ ഉത്തരവിനെ തുടർന്ന് വീടുനിർമാണം പ്രതിസന്ധിയിലായ സാഹചര്യത്തിലാണ് നേതാക്കളുടെ സന്ദർശനം. കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം കെ. സുധാകരൻ, കെ.എം. ഷാജി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് സതീശൻ പാച്ചേനി എന്നിവരുടെ നേതൃത്വത്തിലാണ് സന്ദർശിച്ചത്. ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിലെ അഞ്ചുസെൻറ് സ്ഥലത്താണ് വീടുനിർമാണം നടക്കുന്നത്. ചിത്രലേഖക്ക് യു.ഡി.എഫ് സർക്കാർ വീടുവെക്കാൻ അനുവദിച്ച ഭൂമി എൽ.ഡി.എഫ് സർക്കാർ തിരിെച്ചടുത്താൽ എന്തുവിലകൊടുത്തും വീടുപണി പൂർത്തിയാക്കുമെന്ന് കെ. സുധാകരൻ പറഞ്ഞു. മുഖ്യമന്ത്രി ദലിത് യുവതിയോട് കാണിക്കുന്ന ഇപ്പോഴത്തെ സമീപനം തികച്ചും കാടത്തവും നിന്ദ്യവും നീചവുമാണ്. പരിഷ്കൃതസമൂഹത്തിന് ചേർന്നതല്ല ഇത്തരം നടപടി. ഉമ്മൻ ചാണ്ടി സർക്കാറിെൻറ കാലത്ത് എല്ലാ രേഖകളും വ്യക്തമായി വിലയിരുത്തിയതിന് ശേഷമാണ് ഭൂമിയും അഞ്ചുലക്ഷം രൂപയും അനുവദിച്ചത്. റദ്ദ്ചെയ്ത നടപടി സർക്കാർ പുനഃപരിശോധിക്കണം. കാലങ്ങളായി സി.പി.എം ചിത്രലേഖയെ വേട്ടയാടുകയാണ്. പയ്യന്നൂരിൽനിന്ന് വേട്ടപ്പട്ടിയെപ്പോലെയാണ് ഓടിച്ചത്. ഏകപക്ഷീയ നിലപാടുകൾ അംഗീകരിക്കാനാകില്ലെന്നും സുധാകരൻ പറഞ്ഞു. പയ്യന്നൂർ എടാട്ട് സ്വദേശിയായ ചിത്രലേഖ സി.പി.എമ്മിെൻറ എതിർപ്പുകാരണം ജീവിക്കാനും ജോലിചെയ്യാനും കഴിയുന്നില്ലെന്ന് ആരോപിച്ച് ഏറെക്കാലം പ്രക്ഷോഭം നടത്തിയിരുന്നു. ഇതേതുടർന്നാണ് അന്നത്തെ യു.ഡി.എഫ് സർക്കാർ കാട്ടാമ്പള്ളിയിൽ വീടുവെക്കാനായി സ്ഥലം നൽകിയത്. ഇൗ ഭൂമി തിരിച്ചെടുത്തതായി കഴിഞ്ഞദിവസമാണ് റവന്യൂ അഡീഷനൽ ചീഫ് സെക്രട്ടറി പി.എച്ച്. കുര്യെൻറ കത്ത് ചിത്രലേഖക്ക് ലഭിച്ചത്. വീടുനിർമാണം പുരോഗമിക്കുന്നതിനിടെയുള്ള സർക്കാർനിലപാട് വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്. നേരത്തേ വീടുപണിക്ക് അനുവദിച്ച അഞ്ചുലക്ഷവും റദ്ദാക്കിയിരുന്നു. ദലിത് വനിതയോടുള്ള സർക്കാർ സമീപനത്തിനെതിരെ വിവിധ മേഖലകളിൽനിന്ന് പ്രതിഷേധമുയർന്നിട്ടുണ്ട്. കെ.എം. ഷാജി എം.എൽ.എയുടെ ശ്രമഫലമായി മുസ്ലിംലീഗിെൻറ പ്രവാസി കൂട്ടായ്മ 'ഗ്രീൻവോയ്സി'െൻറ സഹായത്തോടെയാണ് വീടുപണിയുന്നത്. മുസ്ലിംലീഗ് ജില്ല ട്രഷറർ വി.പി. വമ്പൻ, ബ്ലോക്ക് പഞ്ചായത്തംഗം അജിത്ത് മാട്ടൂൽ എന്നിവരും യു.ഡി.എഫ് നേതാക്കൾക്കൊപ്പമുണ്ടായിരുന്നു. ബി.ജെ.പി നേതാക്കളും വീട് സന്ദർശിച്ചു. എം.എം. ഹസൻ, രമേശ് ചെന്നിത്തല എന്നിവർ ഞായറാഴ്ച ചിത്രലേഖയുടെ വീട് സന്ദർശിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.