തദ്ദേശ സ്ഥാപനങ്ങൾ മാർച്ചിൽ പദ്ധതി തട്ടിക്കൂട്ടുന്ന പരിപാടി ഇനി നടപ്പില്ല -മുഖ്യമന്ത്രി പയ്യന്നൂർ: തദ്ദേശ സ്ഥാപനങ്ങൾ മാർച്ച് മാസത്തിൽ പദ്ധതി തട്ടിക്കൂട്ടി ഫണ്ട് ചെലവാക്കുന്ന പരിപാടി ഇനി നടപ്പില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പയ്യന്നൂരിൽ ബ്ലോക്ക് പഞ്ചായത്ത് ഓഫിസ് കെട്ടിടം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. മാർച്ചിൽ ഇനിമുതൽ 15 ശതമാനം ഫണ്ടുമാത്രമെ ചെലവഴിക്കാൻ അനുവാദമുള്ളൂ. ജനുവരി, െഫബ്രുവരി മാസങ്ങളിലും 15 ശതമാനം ചെലവഴിക്കാം. ബാക്കി 70 ശതമാനം ഫണ്ടും ഡിസംബറിനു മുമ്പ് ചെലവഴിക്കണം. വികസനപ്രവർത്തനത്തിൽ പ്രാദേശിക സർക്കാറുകൾ മാതൃകയാവണം. വികസനമെന്നാൽ എല്ലാ മേഖലകളിലുമുള്ള സമഗ്രവികസനമാണ് സർക്കാർ ലക്ഷ്യമിടുന്നത്. ഈ വർഷത്തെ പദ്ധതിപ്രവർത്തനം നല്ല രീതിയിൽ മുന്നേറിയതായാണ് സംസ്ഥാനതല വിലയിരുത്തൽ. ബാക്കിയായവ ഡിസംബറിനു മുമ്പ് പൂർത്തിയാക്കാനാണ് ലക്ഷ്യമിടുന്നത്. കേന്ദ്രസർക്കാർ പഞ്ചവത്സര പദ്ധതിയും പ്ലാനിങ് കമീഷനും നിർത്തലാക്കുകയാണ്. എന്നാൽ, കേരളത്തിൽ ഇതു രണ്ടുമുണ്ട്. പദ്ധതിനിർവഹണം ഉദ്യോഗസ്ഥതലത്തിൽ മാത്രം ഒതുങ്ങാതെ ജനകീയപിന്തുണ അനിവാര്യമാണ്. ത്രിതല പഞ്ചായത്തിൽ ബ്ലോക്ക് പഞ്ചായത്ത് അനിവാര്യമല്ലെന്ന് ചർച്ച നടക്കുന്നുണ്ട്. കേരളത്തിൽ ത്രിതല പഞ്ചായത്ത് സംവിധാനത്തിലെ ബ്ലോക്ക് പഞ്ചായത്ത് നിർത്തലാക്കാനാവില്ല. കേരളത്തിലെ അധികാരവികേന്ദ്രീകരണം ലോകരാഷ്ട്രങ്ങൾക്ക് അദ്ഭുതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.