തൃക്കരിപ്പൂരിലെ കള്ളവോട്ട്; 18 ബൂത്തിൽ റീ പോളിങ് വേണമെന്ന് യു.ഡി.എഫ്

ചെറുവത്തൂർ: തൃക്കരിപ്പൂർ നിയമസഭ മണ്ഡലത്തിലെ നിരവധി ബൂത്തുകളിൽ പ്രിസൈഡിങ് ഓഫിസർമാർ എൽ.ഡി.എഫ് പ്രവർത്തകർക്ക് കള്ളവോട്ട് ചെയ്യാൻ ഒത്താശ നടത്തിയെന്നും നിഷ്പക്ഷരായ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ റീ പോളിങ് നടത്തണമെന്നും യു.ഡി.എഫ് ആവശ്യപ്പെട്ടു. നിയോജക മണ്ഡലത്തിൽ പിലിക്കോട് പഞ്ചായത്തിലെ 136, 137, 138, 139, 140, 141, 142, 143, 144, 145, 146 എന്നീ പോളിങ് സ്റ്റേഷനുകളിലാണ് റീപോളിങ് ആവശ്യപ്പെട്ടത്.

പരാതിയിൽ ചൂണ്ടിക്കാട്ടിയ ബൂത്തുകളിലെ പോളിംഗ് ശതമാനം 90 ശതമാനത്തിന് മുകളിലാണ് രേഖപ്പെടുത്തിയത്. സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ, മണ്ഡലം വരണാധികാരി എന്നിവർക്ക് പരാതി നൽകി. വോട്ട് ചാലഞ്ച് ചെയ്ത യു.ഡി.എഫ് ഏജന്റ് രാജനെ ബൂത്തിനകത്ത് മർദിച്ചിട്ടും പ്രിസൈഡിങ് ഓഫിസർ പക്ഷപാതപരമായ നിലപാടാണ് സ്വീകരിച്ചത്.

വ്യാജ തിരിച്ചറിയൽ കാർഡ് കൊണ്ടുവന്ന വിദേശത്തുള്ള വ്യക്തിയുടെ വോട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ യു.ഡി.എഫ് ഏജന്റ് എതിർത്തെങ്കിലും പ്രിസൈഡിങ് ഓഫിസർ കള്ളവോട്ട് ചെയ്യാൻ കൂട്ടുനിന്നു. യു.ഡി.എഫ് സ്ഥാനാർഥി പോളിങ് സ്റ്റേഷൻ സന്ദർശിച്ചപ്പോൾ എൽ.ഡി.എഫ് പ്രവർത്തകർ അധിക്ഷേപിച്ചു. പൊലീസ് സംവിധാനവും അക്രമികൾക്ക് കൂട്ടായിരുന്നു. കേന്ദ്രസേനയുടെ നേരിട്ടുള്ള ഇടപെടലിൽ മാത്രമേ നീതിപൂർവമായ വോട്ടിങ് നടത്താൻ പറ്റൂവെന്നും ലൈവ് ടെലികാസ്റ്റ്, ഏജന്റുമാർക്ക് സുരക്ഷ എന്നിവ ഒരുക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടു.

പടന്ന പഞ്ചായത്തിലെ ഉദിനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ 154 നമ്പർ ബൂത്തിൽ യു.ഡി.എഫ് ഏജന്റിന് മേൽ നായ്ക്കുരണ പൊടി വിതറി. ചെറുവത്തൂർ പഞ്ചായത്തിലെ പോളിങ് സ്റ്റേഷൻ നമ്പർ 107ൽ നാട്ടിൽ ഇല്ലാത്തവരുടെയും താമസക്കാരല്ലാത്തവരുടെയും മുഴുവൻ വോട്ടുകളും വ്യാജ തിരിച്ചറിയർ കാർഡുകൾ ഉപയോഗിച്ച് ചെയ്തു. 113ാം നമ്പർ ബൂത്തിൽ തിരിച്ചറിയൽ കാർഡ് പോലും ഇല്ലാതെ വോട്ടുകൾ രേഖപ്പെടുത്തി. വെസ്റ്റ് എളേരി പഞ്ചായത്തിലെ പോളിങ് സ്റ്റേഷൻ 71, 72 എന്നിവിടങ്ങളിൽ ഉദ്യോഗസ്ഥരാണ് വോട്ട് ചെയ്യാൻ സഹായിയായി പോയത്.

ചീമേനി പഞ്ചായത്തിലെ 49ാം ബൂത്തിൽ വേഷം മാറിയും അല്ലാതെയും വ്യാജ കാർഡുകൾ ഉപയോഗിച്ച് വ്യാപകമായ കള്ളവോട്ടുകൾ രേഖപ്പെടുത്തിയതായും യു.ഡി.എഫ് തൃക്കരിപ്പൂർ നിയോജക മണ്ഡലം തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ അഡ്വ. കെ.കെ. രാജേന്ദ്രൻ സംസ്ഥാന മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർ, ജില്ല തിരഞ്ഞെടുപ്പ് ഓഫിസർ, മണ്ഡലം വരണാധികാരി എന്നിവർക്ക് നൽകിയ പരാതിയിൽ പറഞ്ഞു. 

Tags:    
News Summary - Fake voting in Thrikaripur; UDF demands re-polling in 18 booths

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.