പയ്യന്നൂർ: എടാട്ടെ വാടക കോർട്ടേഴ്‌സിൽനിന്ന് പൊലീസ് കഞ്ചാവ് പിടികൂടി. പിന്നീടെത്തിയ പ്രതികളെന്ന് സംശയിക്കുന്ന ഇതരസംസ്ഥാന തൊഴിലാളികൾ പൊലീസിനെയും നാട്ടുകാരെയും വെട്ടിച്ച് പുഴയിൽ ചാടി രക്ഷപ്പെട്ടു. തിങ്കളാഴ്ച രാവിലെ 11 മുതലാണ് സംഭവങ്ങൾക്ക് തുടക്കം. എടാട്ട് തൃക്കൈ മഹാവിഷ്ണു ക്ഷേത്രത്തിന് സമീപത്തെ സി.എം. രാമുണ്ണി റോഡിലെ വാടക ക്വാർട്ടേഴ്സിൽനിന്നാണ് പയ്യന്നൂർ എസ്.ഐ കെ.പി. ഷൈനിെൻറ നേതൃത്വത്തിൽ അര കിലോയോളം കഞ്ചാവ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്നായിരുന്നു പരിശോധന. സംഭവ സമയത്ത് ക്വാർട്ടേഴ്സിൽ താമസക്കാർ ആരുമില്ലായിരുന്നു. പയ്യന്നൂരിലെ സ്വകാര്യ കോളജിൽ പഠിക്കുന്ന മൂന്ന് യുവാക്കളാണ് താമസക്കാരെന്നാണ് പരിസരവാസികളിൽനിന്ന് പൊലീസിന് വിവരം കിട്ടിയത്. കെട്ടിട ഉടമയുടെ കൈയിലുണ്ടായിരുന്ന വാടകക്കാരുടെ വിലാസം തെറ്റാണെന്ന് ബോധ്യപ്പെട്ടതോടെ അന്വേഷണം വഴിമുട്ടി. എന്നാൽ, ഉച്ചക്ക് ശേഷം രണ്ടോടെ ബൈക്കിലെത്തിയ രണ്ടുപേരെ നാട്ടുകാർ തടഞ്ഞുവെച്ച് പൊലീസിൽ അറിയിച്ചു. പൊലീസ് എത്തുമ്പോഴേക്കും ഇരുവരും പുഴക്കരയിലേക്കോടി. പൊലീസും നാട്ടുകാരും പിന്തുടർന്ന് എത്തിയപ്പോഴേക്കും ഇവർ പെരുമ്പപുഴയിൽ ചാടി അക്കരേക്ക് നീന്തിക്കയറി. തുടർന്ന് മാവിച്ചേരിയിലെ നാട്ടുകാരും പൊലീസും തിരച്ചിൽ നടത്തിയിട്ടും ഇവരെ കണ്ടെത്താനായില്ല. ഇവരുടെ ബൈക്ക് കസ്റ്റഡിയിലെടുത്തു. വൈകീട്ട് വാടക ക്വാർട്ടേഴ്സിലെത്തിയ മറ്റ് രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.