ഒരാണ്ടിന്റെ ഇടവേള; രമേഷ് ഇനി മക്കളുടെയും മരുമക്കളുടെയും സ്നേഹത്തണലിൽ

പയ്യന്നൂർ: ഒരു വർഷത്തെ ഇടവേളക്കുശേഷം മകൻ വിജയിനെയും ബന്ധുക്കളെയും കണ്ടപ്പോൾ രമേഷിന്റെ കണ്ണ് നിറഞ്ഞു. തമിഴ്‌നാട് മധുര സ്വദേശി രമേഷിന് (56) സ്വന്തം വീട്ടുകാരുടെ തണലൊരുക്കിയത് കണ്ണൂർ സിറ്റി പൊലീസിന്റെയും കണ്ണൂർ ഗവ. മെഡിക്കൽ കോളജ് അധികൃതരുടെയും ഇടപെടൽ.

മധുര വിശാലാക്ഷിപുരം സ്ട്രീറ്റ് നമ്പർ ഒന്നിൽ താമസിക്കുന്ന രമേഷ് പാലക്കാട് ഒരു ബാൻഡ് മേളത്തിൽ പങ്കെടുക്കാനായി എത്തിയതായിരുന്നു. എന്നാൽ, മടക്കയാത്രയിൽ കൂട്ടുകാരോടൊപ്പം രമേഷ് ഉണ്ടായിരുന്നില്ല. വീട്ടുകാരും തമിഴ്നാട് പൊലീസും അന്വേഷിച്ചുവെങ്കിലും നിരാശയായിരുന്നു ഫലം. ആഴ്ചകൾക്കു മുമ്പ് അസുഖബാധിതനായി കണ്ണൂർ ജില്ല ആശുപത്രിയിൽ ചികിത്സ തേടിയത് നിമിത്തമായി. ഇവിടെനിന്ന് വിദഗ്ധ ചികിത്സക്ക് മെഡിക്കൽ കോളജിലേക്ക് മാറ്റി.

കൂടെ ആരുമില്ലാതെ 21 ദിവസത്തോളം മെഡിക്കൽ കോളജിൽ ചികിത്സയിൽ കഴിഞ്ഞ രമേഷിന് താങ്ങായി നിന്നത് മെഡിക്കൽ കോളജിലെ സോഷ്യൽ സയന്റിസ്റ്റ് കെ. ശാലിനിയായിരുന്നു.

ഇവരുടെ സഹജീവിസ്നേഹം ഇന്ധനമായപ്പോൾ ഉറ്റവരെ കണ്ടെത്താനുള്ള ദൗത്യം കണ്ണൂർ സിറ്റി പൊലീസ് എസ്.ഐ രഞ്ജിത്ത് ഏറ്റെടുത്തു. രമേഷ് നൽകിയ വിവരങ്ങൾപ്രകാരം എസ്.ഐ മധുരയിലെ തല്ലാകുളം പൊലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടു. അപ്പോഴാണ് രമേഷിനെ കാണാനില്ലെന്നു കാണിച്ച് ബന്ധുക്കൾ പരാതി നൽകിയ വിവരം അറിയുന്നത്. അന്വേഷണം എങ്ങുമെത്താത്തതിനെ തുടർന്ന് ഇക്കഴിഞ്ഞ മാർച്ചിൽ മധുര ഹൈകോടതിയിൽ ഹേബിയസ് കോർപസ് ഹരജി ഫയൽചെയ്തിരിക്കുകയാണെന്നും തമിഴ്നാട് പൊലീസ് അറിയിച്ചു.

പൊലീസ് നൽകിയ വിവരമനുസരിച്ച് മകനും മറ്റു ബന്ധുക്കളും ഞായറാഴ്ച മെഡിക്കൽ കോളജിലെത്തി.

ആശുപത്രി അധികൃതർ നടപടിക്രമങ്ങൾ പൂർത്തിയാക്കി രമേഷിനെ ഡിസ്ചാർജ് ചെയ്തു. ഒരു വർഷത്തെ നീണ്ട അനിശ്ചിതത്വങ്ങൾക്കൊടുവിൽ രമേഷിനെ തിരികെ ലഭിച്ചതിന്റെ സന്തോഷത്തിലായിരുന്നു മകൻ വിജയ്, ബന്ധുക്കളായ രഞ്ജിത്ത് കുമാർ, മുരുകൻ, സുന്ദരരാജ എന്നിവർ. മെഡിക്കൽ കോളജ് സൂപ്രണ്ടിനും ഡോക്ടർമാർക്കും ജീവനക്കാർക്കും സോഷ്യൽ സയന്റിസ്റ്റ് ശാലിനിക്കും സാമൂഹികപ്രവർത്തകൻ റിയാസിനും കണ്ണൂർ പൊലീസിനും ഹൃദയം നിറഞ്ഞ നന്ദി പറഞ്ഞാണ് സംഘം മടങ്ങിയത്.

Tags:    
News Summary - After a gap of one year; Ramesh now in the loving care of his children and in-laws"

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.