കണ്ണൂരിന് ഇതെന്തുപറ്റി? യു.ഡി.എഫ് സുനാമിയിൽ അമ്പരന്ന് സി.പി.എം നേതൃത്വം; കടപുഴകിയത് പാർട്ടി ​കോട്ടകൾ, ജയിച്ചിടത്തെല്ലാം ഭൂരിപക്ഷം കുത്തനെ ഇടിഞ്ഞു

കണ്ണൂർ: കണ്ണൂരിൽ സി.പി.എമ്മിനോട് ഏറ്റുമുട്ടി പുറത്തേക്ക് വന്ന് മൽസരിച്ച് ജയിച്ച സാക്ഷാൽ എം.വി. രാഘവനെ അനുസ്മരിപ്പിക്കുന്നതായി പയ്യന്നൂരിലും തളിപ്പറമ്പിലും വിജയിച്ച വി. കുഞ്ഞികൃഷ്ണന്റെയും ടി.കെ. ഗോവിന്ദന്റെയും മിന്നും ജയം. സി.പി.എമ്മിനെതിരെ പോരടിച്ച് പുറത്തേക്ക് പോയ ജില്ല നേതാക്കളായ ഇരുവരും തീർത്ത രാഷ്ട്രീയ സൂനാമിയിൽ കണ്ണൂരിൽ ചെങ്കോട്ടകൾ ഒലിച്ചുപോയി.

പയ്യന്നൂരിൽ കഴിഞ്ഞ തവണ അര​ലക്ഷത്തോളം വോട്ടിന് ജയിച്ച സി.പി.എമ്മിലെ ടി.ഐ. മധുസൂദനനെ 7,487 വോട്ടിനാണ് യു.ഡി.എഫ് സ്വത​ന്ത്രനായ വി. കുഞ്ഞികൃഷ്ണൻ തറപറ്റിച്ചത്. തളിപ്പറമ്പിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാർഥിയാക്കിയതിനെ ചോദ്യം ചെയ്തു പാർട്ടിവിട്ട ടി.കെ. ഗോവിന്ദനും വിജയിച്ചത് സി.പി.എമ്മിന് കനത്തപ്രഹരമായി. യു.ഡി.എഫ് തരംഗത്തിനപ്പുറം സി.പി.എമ്മിലെ കടുത്ത വിഭാഗീയതയാണ് പാർട്ടി ചിഹ്നത്തിൽ മാത്രം വോട്ട് ചെയ്തുശീലിപ്പിച്ച പാർട്ടിക്കാരെ മറുത്തു ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ചത്.

പയ്യന്നൂരിൽ ധൻരാജ് രക്തസാക്ഷി ഫണ്ടിൽ അഴിമതി നടത്തിയെന്ന് ആരോപിച്ചാണ് സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ പാർട്ടിവിട്ടത്. പ്രചാരണവേളയിൽ വിരലിലെണ്ണാവുന്ന സി.പി.എമ്മുകാർ മാത്രമാണ് അദ്ദേഹത്തൊടൊപ്പം ഉണ്ടായിരുന്നത്. കുഞ്ഞികൃഷ്ണനൊപ്പം നടന്നവരുടെ വീടിനും വാഹനങ്ങൾക്കുമെല്ലാം ആക്രമണമുണ്ടായി. കുഞ്ഞികൃഷ്ണനൊപ്പം കാര്യമായി ആരുമില്ലെന്ന ആശ്വാസത്തിലായിരുന്നു സി.പി.എം.

എന്നാൽ, പാർട്ടി കേന്ദ്രങ്ങളിലെ ശക്തമായ അടിയൊഴുക്കിൽ പയ്യന്നൂരിൽ സി.പി.എം നിലംപരിശാവുന്നതാണ് ഇപ്പോൾ കണ്ടത്. തുടക്കത്തിൽ 5000ലേറെ വോട്ടിന്റെ ഭൂരിപക്ഷം ടി.ഐ. മധുസൂദനന് ലഭിച്ചുവന്നല്ലാതെ പിന്നീട് മാറിമറിയുന്നതും അവസാന റൗണ്ടുകളിൽ കുഞ്ഞികൃഷ്ണൻ കയറുന്നതുമാണ് കണ്ടത്.

കഴിഞ്ഞ തവണ തളിപ്പറമ്പിൽ എം.വി. ഗോവിന്ദൻ 22,689 വോട്ടിന് ജയിച്ചിടത്താണ് സി.പി.എം മുൻ ജില്ല സെക്രട്ടേറിയറ്റംഗം ടി.കെ. ഗോവിന്ദന്റെ മിന്നുംജയം. എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളക്കെതിരെ പാർട്ടി അണികളിലുണ്ടായ വൻ വികാരമാണ് വോട്ടായത്. തളിപ്പറമ്പിൽ എന്തെങ്കിലും അട്ടിമറി പാർട്ടി തന്നെ പ്രതീക്ഷിച്ചുവെങ്കിലും പയ്യന്നൂരിൽ ഒന്നും സംഭവിക്കില്ലെന്ന ആത്മവിശ്വാസമായിരുന്നു സി.പി.എമ്മിന്. രക്തസാക്ഷി ഫണ്ടിൽ തട്ടിപ്പ് നടന്നുവെന്ന കുഞ്ഞികൃഷ്ണന്റെ ആരോപണം പാർട്ടിഅണികൾ ഏറ്റെടുത്തുവെന്ന് വേണം കരുതാൻ.

ജയിച്ചിടത്തെല്ലാം ഭൂരിപക്ഷം കുത്തനെ കുറഞ്ഞു

കണ്ണൂരിൽ എൽ.ഡി.എഫ് വിജയിച്ച ആറിടത്തും ഭൂരിപക്ഷത്തിൽ വൻ ഇടിവുണ്ടായി. ധർമടത്ത് കഴിഞ്ഞ തവണ അരലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിന് വിജയിച്ച പിണറായി വിജയന് അതിന്റെ പകുതിപോലും ലഭിച്ചിച്ചില്ല. കഴിഞ്ഞ തവണ കെ​.കെ.ശൈലജക്ക് 60963 വോട്ടിന്റെ ഭൂരിപക്ഷം നൽകിയ മട്ടന്നൂരിൽ ഇത്തവണ ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജിന് അതിന്റെ നാലിലൊന്നുപോലും ലഭിച്ചില്ലെന്നത് പാർട്ടിഗ്രാമങ്ങ​ളിലെ വോട്ടുചോർച്ച വ്യക്തമാക്കുന്നു. കല്യാശ്ശേരി, തലശ്ശേരി എന്നിവിടങ്ങളിലും സി.പി.എമ്മിന് വൻവോട്ടാണ് ചോർന്നത്.

കല്യാശ്ശേരിയിൽ കഴിഞ്ഞതവണ എം.വിജിന് 44,393 ന്റെ ഭൂരിപക്ഷം ലഭിച്ചിടത്ത് ഇത്തവണ പകുതിപോലുമില്ല. തലശ്ശേരിയിൽ കഴിഞ്ഞ തവണ എ.എൻ.ഷംസീറിന് ലഭിച്ച 36,801ന്റെ ഭൂരിപക്ഷം കാരായി രാജനിൽ എത്തിയപ്പോൾ ഇരുപതിനായിരത്തിലെത്തി. കഴിഞ്ഞതവണ ആറായിരത്തിലേറെ ലീഡ് ലഭിച്ച അഴീക്കോട് കെ.വി.സുമേഷിന് ഇത്തവണ 349ൽ ഒതുങ്ങി. കണ്ണൂർ ജില്ലയിലെ 11 മണ്ഡലങ്ങളിൽ ഒമ്പതിടത്തും എൽ.ഡി.എഫ് എന്നതായിരുന്നു കഴിഞ്ഞ തവണത്തെ കക്ഷി നില. കണ്ണൂരും തളിപ്പറമ്പും പയ്യന്നൂരും പിടിച്ചെടുത്ത് യു.ഡി.എഫ് കക്ഷിനില അഞ്ചാക്കിയപ്പോൾ എൽ.ഡി.എഫിന് തലശ്ശേരി, കല്യാശ്ശേരി, മട്ടന്നൂർ, ധർമടം, കൂത്തുപറമ്പ് എന്നിവിടങ്ങളിൽ ഒതുങ്ങി. ജയിച്ചിടത്തെല്ലം ഭൂരിപക്ഷം കുത്തനെ കുറഞ്ഞു.

മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പത്തുവർഷമായി ​ജയിച്ചുവരുന്ന കണ്ണൂർ മണ്ഡലം കോൺഗ്രസിലെ ടി.ഒ.മോഹനനിലൂടെ 18551 ഭൂരിപക്ഷത്തിനാണ് യു.ഡി.എഫ് തിരിച്ചുപിടിച്ചത്. സി.പി.എം കോട്ടയായ കൂത്തുപറമ്പ് എൽ.ഡി.എഫിലെ ആർ.ജെ.ഡി നിലനിർത്തിയെങ്കിലും ഭൂരിപക്ഷം 1286 ആയി കുറഞ്ഞു. അതായത്, കഴിഞ്ഞതവണ കെ.പി. മോഹനന്റെ 9,541 ഭൂരിപക്ഷം കിട്ടിയില്ല. വയനാട്ടിൽനിന്ന് വന്ന മുസ്‍ലിം ലീഗിലെ ജയന്തി രാജൻ ശക്തമായ മൽസരം കൂത്തുപറമ്പിൽ സൃഷ്ടിച്ചു. പ്രചാരണത്തിന് കുറച്ചുകൂടി സമയം കിട്ടിയിരുന്നെങ്കിൽ കൂത്തുപറമ്പിൽ ചിത്രം മറ്റൊന്നാവുമായിരുന്നുവെന്ന് ഉറപ്പ്.

Tags:    
News Summary - kerala assembly election 2026 result: historic electoral collapse in kannur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.