പിടികൂടിയ പുകയില ഉൽപന്നങ്ങൾ ആർ.പി.എഫ് ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

ട്രെയിനിൽ കടത്തിയ നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി

തലശ്ശേരി: ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന നിരോധിത പുകയില ഉൽപന്നങ്ങളുടെ വൻശേഖരവുമായി രണ്ട് മറുനാടൻ തൊഴിലാളികളെ റെയിൽവേ സുരക്ഷാ സേനയും തലശ്ശേരി നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥനും പ്ലാറ്റ്ഫോമിൽവെച്ച് പിടികൂടി. ഉത്തർപ്രദേശ് അഅ്സംഗഢ് സ്വദേശികളായ നഹയ്യ ശങ്കർ (25), കരൺ ശങ്കർ (29) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്നും പാൻപരാഗ്, ഹൻസ്, സ്വാഗത് തുടങ്ങി വിവിധ പേരുകളിലുള്ള 10,000ത്തോളം പാക്കറ്റ് നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ കണ്ടെടുത്തു.

പെയിന്റ് തൊഴിലാളികളെന്ന വ്യാജേന മൂന്ന് വലിയ പെയിന്റ് ബക്കറ്റുകളിലും ഷോൾഡർ ബാഗിലും നിറച്ചാണ് ഏതാണ്ട് രണ്ട് ലക്ഷം രൂപ വില വരുന്ന പുകയില പാക്കറ്റുകൾ  ഇരുവരും കടത്തിക്കൊണ്ടുവന്നത്. അറസ്റ്റിലായ രണ്ടുപേരും സ്ഥിരം ലഹരിക്കച്ചവടക്കാരാണെന്ന് വിവരമുണ്ട്.

തലശ്ശേരിയിലെ കുയ്യാലിയിലും പരിസരത്തുമായാണ് താമസം. വാഹന ഡ്രൈവർമാരും ചില വിദ്യാർഥികളുമാണ് ഇടപാടുകാർ. പ്രതികൾ ലഹരി ഉൽപന്നങ്ങൾ വാങ്ങാൻ പുറപ്പെട്ടതായി കഴിഞ്ഞ ദിവസം ഹെൽത്ത് ഇൻസ്പെക്ടർ അനിൽകുമാർ വിലങ്ങലിന് രഹസ്യസൂചന ലഭിച്ചിരുന്നു. ഹെൽത്ത് ഇൻസ്പെക്ടർ വിവരം തലശ്ശേരിയിലെ ആർ.പി.എഫിന് കൈമാറി. ആർ.പി.എഫ് ഇൻസ്പെക്ടർ കെ.വി. മനോജ് കുമാറിന്റെ നേതൃത്വത്തിൽ സേനാംഗങ്ങൾ  പ്ലാറ്റ്ഫോമിൽ നിരീക്ഷണം ഏർപ്പെടുത്തി. സമീപം ഹെൽത്ത് ഇൻസ്പെക്ടർ അനിലും കാവൽ നിന്നു.

രാവിലെ മംഗളൂരു വഴി എത്തിയ എഗ്‌മോർ എക്സ്പ്രസിൽ ഷോൾഡർ ബാഗും പെയിന്റ് ബക്കറ്റുകളുമായി പെയിന്റിങ് തൊഴിലാളികളെന്ന നാട്യത്തിലെത്തിയ ഇരുവരെയും ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന്‌ ഔട്ട് പോസ്റ്റിലെത്തിച്ചു ചോദ്യംചെയ്തു പരിശോധിച്ചപ്പോഴാണ് നിരോധിത പുകയില ഉൽപന്ന പാക്കറ്റുകൾ കണ്ടെടുത്തത്. ഇരുവരിൽനിന്നും 5000 രൂപ വീതം പിഴ ഈടാക്കി.  ആർ.പി.എഫ് സേനാംഗങ്ങളായ വിഷ്ണുരാജ്, ശ്രീരഞ്ജ് എന്നിവരും പരിശോധനയിൽ പങ്കെടുത്തു.

Tags:    
News Summary - Prohibited tobacco products smuggled on train seized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.