കണ്ണൂർ: സംസ്ഥാനമാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന പയ്യന്നൂരും തളിപ്പറമ്പും ഉൾപ്പെടുന്ന കണ്ണൂർ ജില്ലയുടെ ജനവിധി കാത്ത് നെഞ്ചിടിപ്പോടെ മുന്നണികൾ. പി.കെ. ശ്യാമളയും ടി.കെ. ഗോവിന്ദനും ഏറ്റുമുട്ടിയ തളിപ്പറമ്പിലും ടി.ഐ. മധുസൂദനനും വി. കുഞ്ഞികൃഷ്ണനും നേർക്കുനേർ പോരാടിയ പയ്യന്നൂരിലും എന്തുസംഭവിക്കുമെന്ന് അറിയാൻ ഇനി മണിക്കൂറുകൾ മാത്രം. അടിയൊഴുക്കുകളുടെ ആഴമാണ് ഇവിടെ ജയം നിർണയിക്കുക.
അഴീക്കോട്, കൂത്തുപറമ്പ്, പേരാവൂർ, കണ്ണൂർ എന്നിവിടങ്ങളിലും കനത്ത പോരാണ് ഇക്കുറി. മുഖ്യമന്ത്രി പിണറായി വിജയൻ മത്സരിച്ച ധർമടത്തെ ഭൂരിപക്ഷത്തെ കുറിച്ചും അറിയാൻ ഫലം കാത്തിരിക്കുകയേ നിർവാഹമുള്ളൂ.
എൽ.ഡി.എഫ് ഒമ്പത്, യു.ഡി.എഫ് രണ്ട് എന്ന നിലവിലെ സ്ഥിതിയല്ല ഇത്തവണയെന്ന് എല്ലാവർക്കും ഉറപ്പുണ്ട്. കല്യാശ്ശേരി, തലശ്ശേരി, മട്ടന്നൂർ, ധർമടം സീറ്റുകൾ എൽ.ഡി.എഫിനൊപ്പമാവുമെന്ന് ഉറപ്പാണെങ്കിലും ഭൂരിപക്ഷം കുറയുമെന്നാണ് വിലയിരുത്തൽ. ഇതിൽതന്നെ ധർമടത്ത് ഭൂരിപക്ഷത്തിൽ കാര്യമായ വ്യത്യാസവും പ്രവചിക്കുന്നു. ധർമടത്ത് അത്ഭുതം സംഭവിക്കുമെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി വി.പി. അബ്ദുൽ റഷീദിന്റെയും പ്രവർത്തകരുടെയും വിശ്വാസം. സണ്ണി ജോസഫിന്റെ സിറ്റിങ് സീറ്റായ പേരാവൂരിൽ കെ.കെ. ശൈലജ വന്നപ്പോൾ എന്താണുണ്ടാവുകയെന്നതും കാത്തിരുന്നു കാണണം. കടുത്ത പോരാട്ടം അരങ്ങേറിയ അഴീക്കോട്ട് ഇത്തവണ പ്രവചനാതീതമാണ് കാര്യങ്ങൾ.
ജില്ലയിലെ 11 മണ്ഡലങ്ങളിലെയും വോട്ടെണ്ണലിനുള്ള ഒരുക്കം പൂർത്തിയായി. പയ്യന്നൂർ, കല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തളിപ്പറമ്പ് സർ സയ്യിദ് ഹയർ സെക്കൻഡറി സ്‌കൂളിലും അഴീക്കോട്, കണ്ണൂർ, ധർമടം, മട്ടന്നൂർ, പേരാവൂർ എന്നീ മണ്ഡലങ്ങളിലെ വോട്ടെണ്ണൽ ചാല ചിൻടെക്കിലും തലശ്ശേരി, കൂത്തുപറമ്പ് മണ്ഡലങ്ങളിലെ വോട്ടെണ്ണൽ തലശ്ശേരി ഗവ. ബ്രണ്ണൻ കോളജിലും നടക്കും. മേയ് നാലിന് രാവിലെ അഞ്ച് മണിക്ക് കൗണ്ടിങ് ഉദ്യോഗസ്ഥരുടെ മൂന്നാം ഘട്ട റാൻഡമൈസേഷൻ നടക്കും.
രാവിലെ ആറ് മണിക്ക് നിരീക്ഷകൻ, വരണാധികാരി/ ഉപ വരണാധികാരി, സ്ഥാനാർഥി/ സ്ഥാനാർഥിയുടെ ഏജന്റ് എന്നിവരുടെ സാന്നിധ്യത്തിൽ സ്‌ട്രോങ് റൂമുകൾ തുറന്നതിന് ശേഷം പോസ്റ്റൽ ബാലറ്റുകളുടെ എണ്ണൽ രാവിലെ എട്ട് മണിയോടെ ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.