പേരാവൂരിൽ എൽ.ഡി.എഫ് കോട്ടകളിൽ കനത്ത വോട്ട് ചോർച്ച

പേരാവൂർ: പേരാവൂർ നിയോജക മണ്ഡലത്തിൽ റെക്കോഡ് ഭൂരിപക്ഷം നേടാൻ സണ്ണി ജോസഫിനെ സഹായിച്ചത് സി.പി.എം കോട്ടകളിലെ വോട്ടുചോർച്ച. സണ്ണി ജോസഫിനെ പോലും ഞെട്ടിച്ച ഭൂരിപക്ഷമാണ് പേരാവൂരിൽ യു.ഡി.എഫിന് ലഭിച്ചത്.സി.പി.എമ്മിന്റെ കോട്ടകളിൽ ശൈലജ ടീച്ചർ തേരോട്ടത്തെ പിടിച്ചുകെട്ടിയതിനൊപ്പം യു.ഡി.എഫിന്റെ ശക്തികേന്ദ്രങ്ങളിൽ ചോർച്ച തടയാനും കൂടുതൽ വോട്ട് സമാഹരിക്കാൻ കഴിഞ്ഞതും റെക്കോഡ് വിജയത്തിലേക്ക് സണ്ണിയെ എത്തിച്ചു. പായത്ത് 3000ത്തിന് മുകളിൽ ഭൂരിപക്ഷം പ്രതീക്ഷിച്ച ശൈലജക്ക് 1500 വോട്ടിന്റെ ഭൂരിപക്ഷംപോലും തികക്കാൻ കഴിഞ്ഞില്ല. പായം പഞ്ചായത്തിലെ 25 ബൂത്തുകളിൽ 12 ബൂത്തുകളിൽ സണ്ണി ജോസഫ് മുന്നേറിയപ്പോൾ 13 ബൂത്തുകളിൽ മാത്രമാണ് നാട്ടുകാരി കൂടിയായ കെ.കെ. ശൈലജക്ക് മുന്നിലെത്താനായത്.

സി.പി.എം ഭരിക്കുന്ന ഇരിട്ടി നഗരസഭയിലും സണ്ണിജോസഫ് ഉണ്ടാക്കിയ മുന്നേറ്റം ശൈലജയുടെ വിജയപ്രതീക്ഷ പൂർണമായും തല്ലിക്കെടുത്തി. എൽ.ഡി.എഫ് ഭൂരിപക്ഷം പ്രതീക്ഷിച്ച ഇരിട്ടി നഗരസഭയിൽ മാത്രം 2200 വോട്ടിന്റെ മേൽക്കൈയാണ് സണ്ണി ജോസഫിന് ലഭിച്ചത്. നഗരസഭയിലെ 32 ബൂത്തുകളിൽ 20ലും മുന്നിലെത്താൻ സണ്ണി ജോസഫിന് കഴിഞ്ഞു. മുഴക്കുന്നും മുടക്കോഴി മലയും ഉൾപ്പെടുന്ന മുഴക്കുന്ന് പഞ്ചായത്തിൽപോലും ശക്തമായ മേൽവിലാസം ഉണ്ടാക്കാൻ ശൈലജ ടീച്ചർക്കായില്ല. ഇവിടെ കേവലം 700 വോട്ടിന്റെ ഭൂരിപക്ഷം മാത്രമാണ് എൽ.ഡി.എഫിന് ലഭിച്ചത്.യു.ഡി.എഫിന്റെ ശക്തിദുർഗമായ അയ്യൻകുന്നിൽ വൻ മുന്നേറ്റമാണ് സണ്ണി ജോസഫ് ഉണ്ടാക്കിയത്.4900ഓളം വോട്ടിന്റെ ഭൂരിപക്ഷം ലഭിച്ചതിനൊപ്പം പഞ്ചായത്തിലെ 19 ബൂത്തുകളിൽ ഒന്നിൽപോലും മുന്നിൽ എത്താൻ എൽ.ഡി.എഫിന് കഴിഞ്ഞില്ല.

പേരാവൂരിലും സി.പി.എമ്മിന് കാലിടറി

1500ഓളം വോട്ടിന്റെ ഭൂരിപക്ഷം പ്രതീക്ഷിച്ച പേരാവൂർ പഞ്ചായത്തിൽ 300ൽതാഴെ വോട്ടിന്റെ മേൽക്കൈ നേടാനേ ശൈലജക്ക് കഴിഞ്ഞുള്ളൂ. ഇവിടത്തെ 20 ബൂത്തുകളിൽ 12ലും മുന്നിലെത്തി സണ്ണി ജോസഫ് അജയ്യത തെളിയിച്ചു. ആറളം, കേളകം, കൊട്ടിയൂർ, കണിച്ചാർ പഞ്ചായത്തുകളിൽ പ്രതീക്ഷിച്ചതിൽ കൂടുതൽ ഭൂരിപക്ഷം നേടാൻ യു.ഡി.എഫിന് കഴിഞ്ഞു. ആറളത്ത് 3900 വോട്ടും കണിച്ചാറിൽ 2184 വോട്ടും കേളകത്ത് 1477 വോട്ടും കൊട്ടിയൂരിൽ 1640 വോട്ടിന്റെ ഭൂരിപക്ഷവുമാണ് സണ്ണി ജോസഫ് നേടിയത്.

Tags:    
News Summary - Heavy vote leakage in LDF strongholds in Peravoor

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.