പയ്യന്നൂർ: പ്ലാസ്റ്റിക് സഞ്ചികൾ നിരോധിച്ച ജില്ലയിൽ പകരമെത്തുന്നത് അതീവ പാരിസ്ഥിതിക പ്രശ്നത്തിന് കാരണമാവുന്ന സഞ്ചികൾ. നേരത്തെ സാധനങ്ങൾ പൊതിഞ്ഞുനൽകാൻ ഉപയോഗിക്കുന്ന 20 മൈക്രോണിൽ താഴെയുള്ളവയാണ് ഇപ്പോൾ കടകളിലും മറ്റും വ്യാപകമായി ഉപയോഗിക്കുന്നത്. കാരിബാഗിനുപകരം സാധനങ്ങൾ കൊണ്ടുപോകാനും ഇതുതന്നെയാണ് പല കടകളിൽനിന്നും നൽകുന്നത്. മിക്ക കമ്പനികളും 40 മൈക്രോണെന്ന് കവറിൽ എഴുതിയാണ് ഇവ എത്തിക്കുന്നത്. പ്ലാസ്റ്റിക് നിരോധനത്തിനുശേഷം ഇവയുടെ ഉപയോഗം ഇരട്ടിയിലധികം വർധിച്ചതായി കടയുടമകൾ പറയുന്നു. സാധനം പൊതിഞ്ഞു നൽകാനുപയോഗിച്ചിരുന്ന ഇവ നിരോധനത്തിെൻറ ഭാഗമായി തടഞ്ഞിരുന്നില്ല. ഉപഭോക്താക്കൾക്ക് പല സംഘടനകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തുണിസഞ്ചികൾ നൽകിയിരുന്നുവെങ്കിലും ഇതിെൻറ ഉപയോഗം ആരംഭശൂരത്വത്തിലൊതുങ്ങിയതായി വ്യാപാരികൾ പറയുന്നു. മുൻകാലങ്ങളിൽ കടകളിൽ സാധനങ്ങൾ പൊതിഞ്ഞുനൽകിയിരുന്നത് പഴയ വർത്തമാന പത്രങ്ങളിലായിരുന്നു. പ്ലാസ്റ്റിക് നിരോധനശേഷവും ഇവ തിരിച്ചുവന്നിട്ടില്ലെന്നതാണ് യാഥാർഥ്യം. വീടുകളിലെത്തുന്ന കാരിബാഗ് നിയന്ത്രിച്ചതുകൊണ്ടുമാത്രം പ്ലാസ്റ്റിക് നിരോധനം യാഥാർഥ്യമാവില്ലെന്ന് നേരത്തേ പരിസ്ഥിതി പ്രവർത്തകർ മുന്നറിയിപ്പു നൽകിയിരുന്നു. ഫലത്തിൽ 40,50 മൈക്രോണുള്ള കാരിബാഗുകൾക്കുപകരം അതിൽ താഴെയുള്ള നേരിയവ വ്യാപകമാവുകയാണ് നിരോധനത്തിലൂടെ ഉണ്ടായത്. സാധനം വാങ്ങുന്നവർക്കുമാത്രമാണ് ഇതുകൊണ്ട് ദുരിതമുണ്ടായതെന്ന് നാട്ടുകാർ പറയുന്നു. മത്സ്യമാർക്കറ്റു മുതൽ സർക്കാർ സ്ഥാപനമായ സപ്ലൈകോ സൂപ്പർ മാർക്കറ്റുവരെ പ്ലാസ്റ്റിക്കിലാണ് സാധനങ്ങൾ നൽകുന്നത്. ഇതിനുപുറമെ ഇലക്ട്രിക് സാധനങ്ങൾവരെ കേരളത്തിൽ എത്തുന്നത് നിരോധിത പ്ലാസ്റ്റിക്കിൽ പൊതിഞ്ഞാണ്. ഇവയൊക്കെ വൻ പാരിസ്ഥിതിക പ്രശ്നങ്ങളാണുണ്ടാക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.