കണ്ണൂർ: ചന്ദ്രബോസ് വധക്കേസിൽ ജീവപര്യന്തം ശിക്ഷയനുഭവിക്കുന്ന മുഹമ്മദ് നിസാം കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് മൊബൈൽ ഫോണിൽ വിളിച്ചും കത്തിലൂടെയും ഭീഷണിപ്പെടുത്തുന്നതായി ബന്ധുക്കൾ. മുമ്പും ഇത്തരത്തിലുള്ള ആക്ഷേപങ്ങൾ ബന്ധുക്കൾ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് അന്വേഷണം നടന്നിരുന്നെങ്കിലും മൊബൈൽ ഫോൺ കണ്ടെത്താനായിരുന്നില്ല. എന്നാൽ, ഫോണിലും കത്തിലൂടെയും ഭീഷണി ആരംഭിച്ചതോടെ വീണ്ടും പൊലീസിൽ പരാതി നൽകാനുള്ള തീരുമാനത്തിലാണ് ബന്ധുക്കൾ. വൻ വ്യവസായിയായ മുഹമ്മദ് നിസാമിന് കോടികളുടെ ആസ്തിയുണ്ടായിരുന്നു. സ്വത്തുവകകൾ കൈകാര്യം ചെയ്തിരുന്ന മാനേജറും നിസാം ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തുന്നതായി പൊലീസിനും ജയിൽ അധികൃതർക്കും പരാതി നൽകിയിരുന്നു. ഇതേത്തുടർന്ന് നിസാമിന് നേരത്തേ അനുവദിച്ച ഫോൺ നമ്പറുകളിൽ നിന്ന് മാനേജറുടെ നമ്പർ ഒഴിവാക്കുന്ന നടപടി കൈക്കൊണ്ടതായി ജയിൽ സൂപ്രണ്ട് അറിയിച്ചു. ഇപ്പോൾ ബന്ധുക്കളിൽ ചിലരെയും ഇത്തരത്തിൽ ഭീഷണിപ്പെടുത്തുന്നതായാണ് ആരോപണം. ഇതുസംബന്ധിച്ച് ജയിൽ അധികൃതർക്കും പരാതി ലഭിച്ചിട്ടുണ്ട്. ജയിലിലുള്ള കോയിൻബോക്സ് ഫോൺ നിസാം ഉപയോഗിക്കുന്നുണ്ടെന്നും അനുവദിച്ച നമ്പറുകളിൽ മാത്രമേ ഫോൺ വിളിക്കുന്നുള്ളൂവെന്നും ജയിൽ സൂപ്രണ്ട് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.