ബ്ലോക്ക് ഒമ്പതിലെ കളികയത്തെ താമസക്കാരായ ജാനുവും കയമനും ഇടിഞ്ഞുവീഴാറായ വീടിന് മുന്നിൽ
കേളകം: ആറളത്തെ വാഗ്ദത്ത ഭൂമിയിൽ വീടെന്ന സ്വപ്നവുമായി ആദിവാസി കുടുംബങ്ങൾ. പോരാട്ടങ്ങൾക്ക് ഒടുവിൽ 2004ൽ ആറളം ഫാമിൽ ഒരേക്കർ ഭൂമി ലഭിക്കുമ്പോൾ പുതിയ ജീവിതം പ്രതീക്ഷിച്ച് കുടിയേറിയെത്തിയവരിൽ പലതും ഇന്നും അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാതെ ബുദ്ധിമുട്ടുകയാണ്. അതിദരിദ്രർ ഇല്ലാത്ത സംസ്ഥാനമായും ജില്ലയായും സർക്കാർ പ്രഖ്യാപിച്ചെങ്കിലും അതിദരിദ്രരായ കുടുംബങ്ങൾ ഇന്നും പുനരധിവാസ മേഖലയിലെ കാഴ്ചയാണ്.
ആദിവാസികളുടെ പുനരുദ്ധാരണത്തിനായി നിരവധി പദ്ധതികൾ നടപ്പിലാക്കുന്നുണ്ടെങ്കിലും ഒന്നുംആവശ്യക്കാരിലേക്ക് എത്തിക്കാൻ പട്ടികജാതി വികസന വകുപ്പിന് കഴിയുന്നില്ല. ആറളം പുനരധിവാസ മേഖലയിൽ ടി ആർ ഡി എമ്മിന്റെ പ്രവർത്തനം പൂർണ്ണ പരാജയമാണ് എന്നതിന്റെ തെളിവാണ് ബ്ലോക്ക് ഒമ്പതിലെ കാളികയത്തെ താമസക്കരായ കയമന്റെയും (80), ഭാര്യ ജാനു (65) ന്റെയും ഇന്നത്തെ ദയനീയ അവസ്ഥ.
ആനക്കാട്ടിനുള്ളിൽ അടച്ചുറപ്പുള്ള വീടിനുവേണ്ടി ഇവർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളയായി. അപസ്മാര രോഗികൂടിയായ കയമൻ നിരവധി ആരോഗ്യ പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുമ്പോൾ ഇനിയെന്ത് എന്നചിന്തയുമാണ് കുടുംബം. മൺകട്ടകൊണ്ട് തീർത്ത വീടിന്റെ പലഭാഗങ്ങളും ഇടിഞ്ഞു വീണുതുടങ്ങി.
ഒട്ടും സുരക്ഷിതമല്ലാത്ത വീടിന് പകുതിയിൽ അധികം മേൽക്കൂരയില്ല. അടച്ചുറപ്പുള്ള വാതിലില്ല. കാഴ്ച ശക്തി കുറഞ്ഞു തുടങ്ങിയ ജാനുവിനും രോഗത്താൽ വലയുന്ന കയമനും ജീവൻ പണയം വെച്ചാണ് ഇവിടെ കഴിയുന്നത്. രണ്ട് വർഷം മുമ്പ് അന്നത്തെ ടി.ആർ.ഡി.എം ഓഫിസറും പ്രമോട്ടറും വീട്ടിൽ എത്തി പട്ടയം നമ്പർ മാറ്റാനായി പട്ടയം വാങ്ങിക്കൊണ്ടു പോയി എന്നാണ് കയമൻ പറയുന്നത് .കണ്ണിന് കാഴ്ച കുറവുള്ള ജാനുവും കയമനും തനിച്ചാണ് കഴിയുന്നത് .മൂത്ത മകൻ ഫാമിന് വെളിയിലാണ് താമസം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.