അ​റ​സ്​​റ്റി​ലാ​യ​വ​ർ​ക്ക് ജാ​മ്യം: രാ​മ​ന്ത​ളി പ​ഞ്ചാ​യ​ത്തി​ൽ ഹ​ർ​ത്താ​ൽ പൂ​ർ​ണം

പയ്യന്നൂർ: ഏഴിമല നാവിക അക്കാദമി മാലിന്യ പ്ലാൻറ് മാറ്റിസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധിച്ച ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തകരെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് രാമന്തളി പഞ്ചായത്തിൽ ആഹ്വാനം ചെയ്ത ഹർത്താൽ പൂർണം. ഹർത്താലിൽ പഞ്ചായത്ത് പരിധിയിൽ വാഹന ഗതാഗതവും വ്യാപാര മേഖലയും പൂർണമായും സ്തംഭിച്ചു. പഞ്ചായത്തിലെ പ്രധാന കേന്ദ്രങ്ങളായ സെൻട്രൽ, വടക്കുമ്പാട്, പാലക്കോട്, എടക്കുളം എന്നിവിടങ്ങളിൽ കടകമ്പോളങ്ങൾ പൂർണമായി അടഞ്ഞുകിടന്നു. ഹർത്താലിൽ ജനാരോഗ്യ സംരക്ഷണ സമിതി പ്രവർത്തകർ രാമന്തളി സെൻട്രലിൽ റോഡ് ഉപരോധിച്ചു. നാവിക അക്കാദമിയിലേക്കുള്ള വാഹനങ്ങൾ ഹർത്താലനുകൂലികൾ തടഞ്ഞു. അക്കാദമിയിലേക്കുള്ള രാമന്തളി ഗേറ്റും രാവിലെ സമരക്കാർ അൽപനേരം ഉപരോധിച്ചു. രാമന്തളിയിലെ ജനങ്ങൾക്ക് ദുരിതമായിത്തീർന്ന നാവിക അക്കാദമി മാലിന്യ പ്ലാൻറ് അടച്ചുപൂട്ടണമെന്നാവശ്യപ്പെട്ട് കഴിഞ്ഞ 50 ദിവസമായി ജനാരോഗ്യ സംരക്ഷണ സമിതി അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. സമരത്തോടും ഉന്നയിച്ച ആവശ്യത്തോടും അധികൃതർ കാണിക്കുന്ന അവഗണനയിൽ പ്രതിഷേധിച്ചാണ് കഴിഞ്ഞ ദിവസം സംരക്ഷണ സമിതി പ്രവർത്തകർ റോഡ് ഉപരോധിച്ചത്. ഇതിൽ എഴുപതോളം പ്രവർത്തകരെ പൊലീസ് അറസ്റ്റുചെയ്യുകയായിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് പഞ്ചായത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്തത്. ബി.ജെ.പിയും സി.പി.ഐ (എംഎൽ) പാർട്ടികളും ഹർത്താലിന് പിന്തുണ നൽകിയിരുന്നു. കഴിഞ്ഞ ദിവസം സമരസമിതി നടത്തിയ റോഡ് ഉപരോധത്തിനിടെ അറസ്റ്റുചെയ്ത് റിമാൻഡിലായ അഞ്ച് സമരസമിതി നേതാക്കൾക്ക് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. ജയിലിൽനിന്നിറങ്ങിയ കെ.പി. രാജേന്ദ്രൻ, സുനിൽ രാമന്തളി, വിനോദ്കുമാർ രാമന്തളി, കെ.ടി. രതീഷ്, അരുൺ ബാബു എന്നിവരെ ആനയിച്ച് രാമന്തളി സെൻട്രലിൽ പ്രവർത്തകർ പ്രകടനം നടത്തി. ഡോ. ഡി. സുരേന്ദ്രനാഥ്, എൻ.കെ. ഭാസ്കരൻ എന്നിവർ സംസാരിച്ചു. അതിനിടെ, അനിശ്ചിതകാല നിരാഹാര സമരം അമ്പത്തിഒന്നാം ദിവസത്തിലേക്ക് കടന്നു. സമരപന്തലിൽ സമരസമിതി പ്രവർത്തകനും ഓട്ടോ ഡ്രൈവറുമായ വിനീത് കാവുങ്കാൽ നടത്തുന്ന നിരാഹാര സമരം അഞ്ചാം ദിവസത്തിലേക്ക് കടന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.