കണ്ണൂർ: എല്ലാ വീട്ടിലും മഴവെള്ള ശേഖരണമെന്ന ലക്ഷ്യവുമായി ജില്ലയില്‍ വിപുലമായ ജലസംരക്ഷണ കാമ്പയിന് ഒരുക്കം തുടങ്ങി. ജില്ല പഞ്ചായത്തിെൻറ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെയാണ് ‘ജലം സുലഭം’ പദ്ധതി ആരംഭിക്കുന്നത്. എല്ലാ വീടുകളിലും കിണര്‍ റീചാര്‍ജ് യൂനിറ്റും മഴക്കുഴിയും എന്നതാണ് ലക്ഷ്യം. ഇതിെൻറ ഭാഗമായി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറുമാര്‍, തൊഴിലുറപ്പ് പദ്ധതി എൻജിനീയര്‍മാർ, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കായി ശില്‍പശാല സംഘടിപ്പിച്ചു. ഓരോ പ്രദേശത്തിനും ഇണങ്ങുന്ന കിണര്‍ റീചാര്‍ജ് സംവിധാനം ഒരുക്കുന്നതിനും മഴക്കുഴികള്‍ നിര്‍മിക്കുന്നതിനുമുള്ള പ്രായോഗിക പരിശീലനമാണ് നല്‍കിയത്. പദ്ധതിയുടെ മുന്നൊരുക്കമെന്ന നിലയില്‍ ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത്, നഗരസഭാ തലത്തിലും വാര്‍ഡ് തലത്തിലും വിപുലമായ ജനകീയ കമ്മിറ്റികള്‍ക്ക് രൂപം നല്‍കും. ഏപ്രില്‍ 25നകം ബ്ലോക്ക്തല സമിതികളും 30നകം പഞ്ചായത്ത് സമിതികളും രൂപവത്കരിക്കും. തൊഴിലുറപ്പ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി കിണര്‍ റീചാര്‍ജ് സംവിധാനം ഒരുക്കാന്‍ സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. ഒരു കിണറിന് പരമാവധി 8000 രൂപ ഇങ്ങനെ വിനിയോഗിക്കാം. കൂടുതല്‍ വരുന്ന തുക ഗുണഭോക്തൃ വിഹിതമായി വകയിരുത്തും. തൊഴിലുറപ്പ് പദ്ധതിയില്‍ തൊഴില്‍ കാര്‍ഡുള്ള കുടുംബങ്ങളെയാണ് ഇതിെൻറ ഗുണഭോക്താക്കളാക്കുക. കുളം വൃത്തിയാക്കൽ, കുളം പുനരുദ്ധാരണം, ചെക്ക്ഡാം നിര്‍മാണം, മണ്‍കയ്യാല-, കല്ല് കയ്യാല നിര്‍മാണം എന്നിവയും പദ്ധതിയുടെ ഭാഗമായി നടപ്പാക്കും. കൃഷി, ഭൂഗര്‍ഭജലം, മണ്ണ് സംരക്ഷണം എന്നീ വകുപ്പുകളെയും വാട്ടര്‍ അതോറിറ്റിയെയും കുടുംബശ്രീയെയും ഏകോപിപ്പിച്ചായിരിക്കും പദ്ധതി നിര്‍വഹണം. കിണര്‍ റീചാര്‍ജ് സംവിധാനം തയാറാക്കാന്‍ തൊഴിലുറപ്പ് തൊഴിലാളികളെയും കുടുംബശ്രീ അംഗങ്ങളെയും വിദഗ്ധ പരിശീലനം നല്‍കി നിയോഗിക്കും. ഓരോ വീട്ടിലും അനുയോജ്യമായ കിണര്‍ റീചാര്‍ജ് രീതിയായിരിക്കും സ്വീകരിക്കുക. ശിൽപശാല കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനം ചെയ്തു. ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷ് അധ്യക്ഷത വഹിച്ചു. മഴവെള്ള ശേഖരണവും ജലസംരക്ഷണവും കാമ്പയിനൊപ്പം സ്ഥിരമായ ശീലമാക്കാന്‍ കഴിയണമെന്ന് കലക്ടര്‍ പറഞ്ഞു. ഇതിനായി നിയമപരമായ നിര്‍ബന്ധം ഉണ്ടാവണം. പുതിയ വീടുകള്‍ക്ക് മഴവെള്ള സംഭരണി നിര്‍ബന്ധമാക്കാന്‍ തദ്ദേശസ്ഥാപനങ്ങള്‍ക്ക് കഴിയും. നിലവിലുള്ള വീടുകളിലും മഴവെള്ള സംഭരണി നിഷ്‌കര്‍ഷിക്കണം. ഇത്രയേറെ മഴ ലഭിക്കുന്ന കേരളത്തില്‍ കടുത്ത വരള്‍ച്ച അനുഭവപ്പെടുന്നതിന് നാമെല്ലാവരും ഉത്തരവാദികളാണ്. ഈ വര്‍ഷം ജലസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ശക്തമായി നടത്തിയാല്‍ അടുത്തവര്‍ഷം ഭൂഗര്‍ഭജല നിരപ്പില്‍ വലിയ വ്യത്യാസമുണ്ടാക്കാന്‍ കഴിയുമെന്നും കലക്ടര്‍ അഭിപ്രാ യപ്പെട്ടു. ദാരിദ്ര്യ ലഘൂകരണ വിഭാഗം പ്രോജക്ട് ഡയറക്ടര്‍ കെ.എം. രാമകൃഷ്ണന്‍, ഐ.ആര്‍.ടി.സി റിസർച് കോഒാഡിനേറ്റര്‍ പ്രഫ. ബി.എം. മുസ്തഫ, തൊഴിലുറപ്പ് പദ്ധതി അക്രഡിറ്റഡ് എൻജിനീയര്‍ എന്‍.വി. രജിത, ഭൂജല വകുപ്പ് ജില്ല ഓഫിസര്‍ അഷ്‌റഫ്, മണ്ണ് സംരക്ഷണ വകുപ്പ് ജില്ല ഓഫിസര്‍ വി.വി. പ്രകാശ്, കുടുംബശ്രീ അസി. കോഒാഡിനേറ്റര്‍ സലാം എന്നിവര്‍ ക്ലാസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.