ബ​​ന്ധു​​നി​​യ​​മ​​നം ഹൈ​​കോ​​ട​​തി സ്​​​റ്റേ: ഇ.​​പി. ജ​​യ​​രാ​​ജ​െൻറ തി​​രി​​ച്ചു​​വ​​ര​​വ്​ പാ​​ർ​​ട്ടി കോ​​ർ​​ട്ടി​​ൽ

കണ്ണൂർ: ബന്ധുനിയമന വിവാദത്തിൽ വിജിലൻസ് രജിസ്റ്റർചെയ്ത കേസിൽ തുടരന്വേഷണവും മറ്റ് നടപടികളും സ്റ്റേചെയ്ത ഹൈകോടതി നടപടിയോടെ ഇ.പി. ജയരാജെൻറ മന്ത്രിസഭയിലേക്കുള്ള തിരിച്ചുവരവ് ഇനി പാർട്ടിയുടെ കൈയിൽ. പ്രശ്നം നിയമപരം മാത്രമല്ലെന്നും ധാർമികം കൂടിയാണെന്നുമുള്ള പാർട്ടിയിലെ ഒരു വിഭാഗത്തിെൻറ നിലപാട് മയപ്പെട്ടില്ലെങ്കിൽ ജയരാജെൻറ വഴി സുഗമമാവില്ല. എന്നാൽ, പാർട്ടി കുടുംബമാണെന്ന് കരുതി യോഗ്യതയുള്ളവർക്ക് തൊഴിൽ നൽകാതിരിക്കാനാവില്ല എന്ന് തുടക്കത്തിൽ പറഞ്ഞ സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ അതിൽ ഉറച്ചുനിന്നാൽ ജയരാജന് ആശ്വാസമാവും. രണ്ടിലൊരു നിലപാട് സ്വീകരിക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം കേന്ദ്രകമ്മിറ്റിയുടെ അഭിപ്രായം ആരായുമെന്നാണ് സൂചന. ബന്ധുനിയമന വിവാദം സംബന്ധിച്ച് പാർട്ടി അന്വേഷണ റിപ്പോർട്ട് കേന്ദ്രകമ്മിറ്റിയുടെ പരിഗണനയിലാണ്. വിജിലൻസ് റിപ്പോർട്ട് കൂടി വന്നശേഷമാണ് കേന്ദ്ര കമ്മിറ്റി ചേർന്നത്. ഭാര്യാസഹോദരിയായ കേന്ദ്ര കമ്മിറ്റി അംഗം പി.കെ. ശ്രീമതി കൂടി ഇതിൽ കക്ഷിയായതിനാൽ ആഭ്യന്തരമായ തരംതാഴ്ത്തലിനപ്പുറമൊന്നും ഉണ്ടാവില്ല. എന്നാൽ, മന്ത്രിപദവി രാജിവെക്കാനിടയായ കാരണം ഹൈകോടതി സ്റ്റേയോടെ ഇല്ലാതായെന്നാണ് ജയരാജനെ അനുകൂലിക്കുന്നവർ ചൂണ്ടിക്കാണിക്കുന്നത്. താൻ നിയമവിരുദ്ധമായിെട്ടാന്നും ചെയ്തിട്ടില്ലെന്ന് രാജിക്ക് ശേഷം നിയമസഭയിൽ ഇ.പി. ജയരാജൻ വാദിച്ചിരുന്നു. ഹൈകോടതി വിധിയോടെ ഇൗ വാദം ഇനി പാർട്ടി വേദിയിൽ ശക്തമായി ഉന്നയിക്കാം. നിയമനത്തിലെ സാമ്പത്തിക ക്രമക്കേട് വിജിലൻസിന് കോടതിയിൽ ബോധിപ്പിക്കാനായിട്ടില്ല. ബന്ധുവിന് ‘വിലയേറിയ കാര്യസാധ്യം’ നേടിക്കൊടുക്കാൻ ശ്രമിച്ചു എന്നതാണ് ആരോപണത്തിെൻറ ചുരുക്കം. അതാണ് പാർട്ടിയിൽ ജയരാജനെതിരായ കുറ്റവും. എന്നാൽ, പി.കെ. ശ്രീമതിയുടെ മകന്‍ പി.കെ. സുധീര്‍ നമ്പ്യാരെ കേരള സ്റ്റേറ്റ് ഇന്‍ഡസ്ട്രിയല്‍ എൻറര്‍പ്രൈസസിെൻറ മാനേജിങ് ഡയറക്ടറായി നിയമിച്ച നടപടി സ്വമേധയാ പിൻവലിച്ചതിനാൽ അതൊരു ‘തിരുത്ത്’ ആയി കണക്കാക്കണമെന്നാണ് ജയരാജന് വേണ്ടി വാദിക്കുന്നവരുടെ നിലപാട്. സംസ്ഥാന നേതൃത്വത്തിലെ കണ്ണൂർ ടീമിനും ഇതേ നിലപാടാണ്. കേസ് തുടരണമോ എന്നത് ഇനി വിജിലൻസിന് തീരുമാനിക്കാം എന്നാണ് കോടതി വ്യക്തമാക്കിയത്. ജയരാജനെ ഒന്നാം പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത് വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസ് ആണ്. എന്നാൽ, ജേക്കബ് തോമസ് പുറത്തായ സാഹചര്യത്തിൽ വിജിലൻസ് ഇനി ശക്തമായ തുടർനടപടി സ്വീകരിക്കാനിടയില്ല. ജേക്കബ് തോമസിനെതിരെ ജയരാജൻ പരസ്യമായി പ്രതികരിച്ചിരുന്നു. ബന്ധുനിയമനം എന്ന് പറയണമെങ്കില്‍ രക്തബന്ധം ഉണ്ടാകണമെന്നും താന്‍ ബന്ധുനിയമനം നടത്തിയിട്ടില്ലെന്നും ജേക്കബ് തോമസ് എന്ത് അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് നല്‍കിയതെന്ന് അറിയില്ലെന്നുമായിരുന്നു ജയരാജെൻറ പ്രതികരണം. മന്ത്രിസ്ഥാനം രാജിവെച്ച ജയരാജൻ തനിക്കെതിരെ മാഫിയസംഘം കരുനീക്കിയെന്ന് ആരോപിച്ചിരുന്നു. വിഷയം ചർച്ചചെയ്ത സെക്രേട്ടറിയറ്റ് യോഗത്തിൽനിന്ന് ഇറങ്ങിപ്പോയ ജയരാജൻ പിന്നീട് പാർട്ടിയുടെ പൊതുവേദികളിൽനിന്ന് മാറിനിൽക്കുമെന്ന അഭ്യൂഹം സൃഷ്ടിച്ചിരുന്നു. പിന്നീട് ജയരാജനെ സെക്രേട്ടറിയറ്റിൽ നേരിട്ട് വിളിച്ചുവരുത്തി പ്രകോപനമില്ലാതിരിക്കാൻ ഉപദേശിക്കുകയായിരുന്നു. മലപ്പുറം ഉപതെരഞ്ഞെടുപ്പിൽ പ്രചാരണത്തിെൻറ മേൽനോട്ടമുൾപ്പെടെ ചുമതലകൾ നൽകിയിരിക്കെയാണ് ഹൈകോടതി നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.