മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനം നാളെ നാടിന് സമര്‍പ്പിക്കും

തലശ്ശേരി: 33,000ലധികം പേര്‍ തിങ്ങിത്താമസിക്കുന്ന കതിരൂര്‍ ഗ്രാമപഞ്ചായത്തില്‍ മലബാറിലെ ആദ്യ ഗ്യാസ് ശ്മശാനം പൂര്‍ത്തിയായി. ജലനിധിയുടെ ‘ശുചിത്വം’ പദ്ധതി പ്രകാരം 52 ലക്ഷം രൂപ ചെലവിലാണ് ലോകബാങ്ക് സഹായത്തോടെ ശ്മശാനമൊരുക്കിയത്. സംസ്കാരം വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നതിനിടെ ശാസ്ത്രീയമായ ശ്മശാനം എന്ന ജനങ്ങളുടെ ആവശ്യത്തെ തുടര്‍ന്ന് പഞ്ചായത്ത് ഭരണസമിതി സംസ്ഥാനമാകെ സഞ്ചരിക്കുകയുണ്ടായി. മൂന്നും നാലും സെന്‍റുകളില്‍ വീടുവെച്ച് താമസിക്കുന്നവര്‍ക്കുള്‍പ്പെടെ ആര്‍ക്കും പ്രയോജനപ്പെടുത്താവുന്ന പാരിസ്ഥിതിക പ്രശ്നമില്ലാത്ത ഗ്യാസ് ശ്മശാനം എന്ന ആശയം ഈ യാത്രയില്‍ നിന്നാണ് ഉരിത്തിരിഞ്ഞത്. ആലുവയിലാണ് നിലവില്‍ ഈ സംവിധാനമുള്ളത്. പഞ്ചായത്തിന്‍െറ കൈവശമുള്ള കുണ്ടുചിറയിലെ 54 സെന്‍റ് സ്ഥലത്ത് കിണര്‍, പൂന്തോട്ടം, സിലിണ്ടര്‍ റൂം എന്നിവയുള്‍പ്പെടെയാണ് തയാറായത്. പരിസര പ്രദേശങ്ങളിലെ ഗ്രാമപഞ്ചായത്തുകള്‍ക്കും സൗകര്യം ഉപയോഗപ്പെടുത്താം. 30 മീറ്റര്‍ ഉയരമുള്ള പുകക്കുഴലുകളാണ് സ്ഥാപിച്ചത്. ശവശരീരം കത്തുമ്പോഴുണ്ടാകുന്ന പുക വാട്ടര്‍ ട്രീറ്റ്മെന്‍റ് നടത്തിയാണ് ഈ കുഴല്‍ വഴി കടത്തിവിടുക. ഒരു ശരീരം കത്തിത്തീരാന്‍ ഏകദേശം 10 മുതല്‍ 12 കി.ഗ്രാം വരെ ഗ്യാസ് ചെലവാകും. ഏകദേശം ഒരു മണിക്കൂര്‍ സമയവുമെടുക്കും. എട്ട് ഗ്യാസ് കുറ്റികളില്‍നിന്ന് ഒരേസമയം ഒരേ അളവില്‍ ഗ്യാസ് കടത്തിവിടും. എട്ട് കുറ്റി ഗ്യാസ് കൊണ്ട് 13 മൃതദേഹം ദഹിപ്പിക്കാനാവും. കെട്ടിടവും ഓഫിസും ശമശാനത്തോടൊപ്പം ഒരുങ്ങി. ശവസംസ്കാര ചടങ്ങില്‍ പങ്കെടുക്കുന്നവര്‍ക്ക് ഇരിക്കാനും കര്‍മങ്ങള്‍ ചെയ്യുന്നവര്‍ക്ക് കുളിക്കാനും വസ്ത്രം മാറാനും ഇവിടെ സൗകര്യമുണ്ട്. പ്രദേശത്തെ വെള്ളവും മറ്റും മലിനമാകുന്നത് ഒഴിവാക്കാനും ഗ്യാസ് ശ്മശാനം വഴി സാധിക്കും. കെട്ടിടത്തിന്‍െറ താക്കോല്‍ദാനം ഞായറാഴ്ച നടക്കുമെന്ന് കതിരൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് കെ.വി. പവിത്രന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. രാവിലെ ഒമ്പതിന് ശ്മശാനത്തിന് സമീപം നടക്കുന്ന ചടങ്ങില്‍ പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ പഞ്ചായത്ത് സെക്രട്ടറിക്ക് താക്കോല്‍ കൈമാറും. ജില്ലാ കലക്ടര്‍ പി. ബാലകിരണ്‍ മുഖ്യാതിഥിയായിരിക്കും. യന്ത്രസാമഗ്രികളുടെയും മൃതദേഹം ദഹിപ്പിക്കുന്നതിന്‍െറയും പ്രവര്‍ത്തനത്തില്‍ ജീവനക്കാര്‍ പരിശീലനം നേടിയ ഉടന്‍ മൃതദേഹം സംസ്കരിക്കാന്‍ തുടങ്ങും. ഗ്രാമപഞ്ചായത്ത് അംഗത്തിന്‍െറയോ ബന്ധപ്പെട്ട അധികാരിയുടെയോ സാക്ഷ്യപത്രവും 2500 രൂപയുമാണ് ശ്മശാന ഓഫിസില്‍ എത്തിക്കേണ്ടത്. വാര്‍ത്താസമ്മേളനത്തില്‍ സെക്രട്ടറി എന്‍. പവിത്രന്‍, എം. ഷീബ, ടി.കെ. ഷാജി, പി.വി. രാഘവന്‍, സി. ബാലകൃഷ്ണന്‍, പി. ലീല എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.