പാപ്പിനിശ്ശേരി മേല്‍പാലം പ്രവൃത്തി ഇന്ന് പുനരാരംഭിക്കും

പാപ്പിനിശ്ശേരി: തൊഴിലാളികളുടെ പണിമുടക്കിനെ തുടര്‍ന്ന് നിലച്ച പാപ്പിനിശ്ശേരി മേല്‍പാലം പ്രവൃത്തി ശനിയാഴ്ച പുനരാരംഭിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. വേതനം മുടങ്ങിയതിനെ തുടര്‍ന്നുള്ള തൊഴിലാളി പണിമുടക്കില്‍ മേല്‍പാലം പ്രവൃത്തി തിങ്കളാഴ്ച മുതല്‍ നിലച്ചിരുന്നു. എന്നാല്‍, തൊഴിലാളികളുടെ വേതന കുടിശ്ശിക ഉടന്‍ അനുവദിക്കാന്‍ കെ.എസ്.ടി.പി ചീഫ് എന്‍ജിനീയര്‍ പി. സുരേഷ് പാലം നിര്‍മാണ കറാറുകാരായ ഡല്‍ഹി ആസ്ഥാനമായ ആര്‍.ഡി.എസിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അനുകൂല തീരുമാനമുണ്ടായതിനെ തുടര്‍ന്നാണ് പ്രശ്ന പരിഹാരമായത്. കരാറുകാരുടെ നടപടിയില്‍ അദ്ദേഹം അതൃപ്തി പ്രകടിപ്പിച്ചു. പണിമുടക്കിയ തൊഴിലാളികള്‍ മേല്‍പാല നിര്‍മാണ സ്ഥലത്തുനിന്ന് തിങ്കളാഴ്ച മുതല്‍ വിട്ടുനിന്നു. എന്നാല്‍, തൊഴിലാളികള്‍ പണിമുടക്കിയതുകൊണ്ടല്ല പ്രവൃത്തി മുടങ്ങിയതെന്നായിരുന്നു ആര്‍.ഡി.എസ് അധികൃതരുടെ ആദ്യവാദം. വൈദ്യുതി വകുപ്പിന്‍െറ നിസ്സഹകരണമാണ് പ്രവൃത്തി നടക്കാത്തതിന് കാരണമെന്നായിരുന്നു കമ്പനി നിലപാട്. പ്രദേശത്തെ വൈദ്യുതി വിതരണം പൂര്‍ണമായി വിച്ഛേദിച്ച് തൂണുകള്‍ മാറ്റിസ്ഥാപിക്കുന്നത് സംബന്ധിച്ച് തര്‍ക്കമുണ്ടായിരുന്നു. കഴിഞ്ഞ ദിവസം വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥരും കെ.എസ്.ടി.പി അധികതരും ആര്‍.ഡി.എസ് പ്രതിനിധികളുമായി ചര്‍ച്ച നടന്നിരുന്നു. തുടര്‍ച്ചയായ ദിവസങ്ങളില്‍ വൈദ്യുതി വിതരണം വിച്ഛേദിക്കുന്നത് 4000ത്തോളം ഉപഭോക്താക്കള്‍ക്ക് ദുരിതമാകുമെന്ന നിലപാടാണ് വൈദ്യുതി വകുപ്പ് സ്വീകരിച്ചത്. വൈദ്യുതി വിതരണം തടസ്സപ്പെടുന്നത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിന് ഇടയാക്കുമെന്ന ആശങ്കയാണ് വൈദ്യുതി വകുപ്പിനുള്ളത്. ഒടുവില്‍ ആഴ്ചയില്‍ രണ്ടുദിവസം വൈദ്യുതി വിതരണം വിച്ഛേദിക്കാമെന്ന ധാരണയിലത്തെുകയും ചെയ്തിരുന്നു. എന്നാല്‍, മുടങ്ങിയ വേതനം ആവശ്യപ്പെട്ട് കരാര്‍ തൊഴിലാളികള്‍ സമരരംഗത്തിറങ്ങിയതോടെ മേല്‍പാലം പ്രവൃത്തി വീണ്ടും പ്രതിസന്ധിയിലായി. തൊഴിലാളികളുടെ വേതന കുടിശ്ശിക ആര്‍.ഡി.എസ് അനുവദിച്ചതായും നിര്‍മാണം ഉടന്‍ തുടങ്ങുമെന്നും ചീഫ് എന്‍ജിനീയര്‍ ‘മാധ്യമ’ത്തെ അറിയിച്ചു. പാപ്പിനിശ്ശേരി-പിലാത്തറ റോഡില്‍ ഏറ്റവും പ്രധാനപ്പെട്ട പ്രവൃത്തിയാണ് പാപ്പിനിശ്ശേരി മേല്‍പാലം. 40 കോടിയോളം രൂപ മേല്‍പാലം പ്രവൃത്തിക്ക് നീക്കിവെച്ചിട്ടുണ്ട്. എന്നാല്‍, പ്രവൃത്തി ഓരോ കാരണങ്ങള്‍ പറഞ്ഞ് നീട്ടിക്കൊണ്ടുപോകുന്നത് ജനങ്ങളില്‍ കടുത്ത പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. 2016 മാര്‍ച്ചിന് മുമ്പ് പ്രവൃത്തി പൂര്‍ത്തീകരിക്കേണ്ടതുണ്ട്. തിങ്കളാഴ്ച മേല്‍പാലം പ്രവൃത്തി സ്ഥലം സന്ദര്‍ശിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് സൂപ്രണ്ടിങ് എന്‍ജിനീയര്‍ എന്‍.എസ്. ഹേമ അറിയിച്ചു. തൊഴിലാളികളുടെ ശമ്പള കുടിശ്ശിക അനുവദിച്ചതായും പ്രവൃത്തി ശനിയാഴ്ച തന്നെ ആരംഭിക്കുമെന്നും ആര്‍.ഡി.എസ് പ്രോജക്ട് മാനേജര്‍ അനില്‍ കുമാര്‍ വ്യക്തമാക്കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.