സി.പി.എമ്മുകാരെ പ്രതിചേര്‍ത്ത വീട് തകര്‍ക്കല്‍ സംഭവത്തിന് പിന്നില്‍ ആര്‍.എസ്.എസുകാരെന്ന് വീട്ടുടമ

കണ്ണൂര്‍: സി.പി.എം പ്രവര്‍ത്തകര്‍ വീട് തകര്‍ത്ത് ആഭരണവും പണവും കവര്‍ന്നെന്ന ആര്‍.എസ്.എസ് പ്രചാരണം കള്ളമാണെന്ന് വീട്ടുടമ. മട്ടന്നൂര്‍ ചാവശ്ശേരി പുതുക്കുടി ആദിശ് നിവാസില്‍ ടി.കെ. വിനോദാണ് ഇക്കാര്യം കണ്ണൂരില്‍ മാധ്യമ പ്രവര്‍ത്തകരോട് വിവരിച്ചത്. അക്രമ സംഭവത്തെ തുടര്‍ന്ന് മട്ടന്നൂര്‍ പൊലീസ് അഞ്ച് സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്തിരുന്നു. കഴിഞ്ഞ ഏഴിന് ഭാര്യ വീട്ടില്‍ പോയി തിരിച്ചുവന്നപ്പോഴാണ് വീടിന്‍െറ ജനലുകളും പ്ളമ്പിങ്ങും നശിപ്പിച്ച നിലയില്‍ കണ്ടതെന്ന് വിനോദ് പറഞ്ഞു. സി.പി.എം പ്രവര്‍ത്തകരാണ് ഇത് ചെയ്തതെന്നാണ് ആര്‍.എസ്.എസുകാര്‍ തന്നോട് പറഞ്ഞത്. വീട്ടില്‍നിന്ന് ആഭരണവും പണവും കളവുപോയെന്ന പ്രചാരണവും ശരിയായിരുന്നില്ല. തന്‍റ വീട് സി.പി.എം പ്രവര്‍ത്തകര്‍ ആക്രമിക്കാന്‍ ഒരു സാധ്യതയുമില്ളെന്ന് ആര്‍.എസ്.എസുകാരോട് പറയുകയും ചെയ്തിരുന്നു. ജനല്‍ ഗ്ളാസുകളും ടാങ്കിലേക്കുള്ള പൈപ്പും തകര്‍ത്തതിന് മട്ടന്നൂര്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്ന് വിനോദ് പറഞ്ഞു. എന്നാല്‍, ആരുടെയും പേര് പരാതിയില്‍ സൂചിപ്പിച്ചിരുന്നില്ല. ആര്‍.എസ്.എസുകാര്‍ അഞ്ച് സി.പി.എം പ്രവര്‍ത്തകരുടെ പേര് നല്‍കിയതും പണവും സ്വര്‍ണവും നഷ്ടപ്പെട്ടതായി പരാതിയില്‍ പറഞ്ഞതും താന്‍ അറിയാതെയാണെന്ന് വിനോദ് വ്യക്തമാക്കി. താന്‍ അറിയാതെ തന്ന പരാതി പിന്‍വലിക്കണമെന്ന് എസ്.ഐയോട് ആവശ്യപ്പെട്ടെങ്കിലും സമ്മതിച്ചില്ല. ചാവശ്ശേരി ഗ്രാമദീപം വായനശാല തകര്‍ത്ത കേസിനുള്ള കൗണ്ടറാണിതെന്ന മറുപടിയാണ് എസ്.ഐ നല്‍കിയത്. എസ്.ഐയുടെ മറുപടിയോടെയാണ് തന്‍െറ വീട് ആര്‍.എസ്.എസുകാര്‍ തന്നെയാണ് തകര്‍ത്തതെന്ന് ബോധ്യമായതെന്നും വിനോദ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.