ഭക്ഷ്യവസ്തുക്കളിലെ മായം: സമഗ്ര നിയമത്തിനായി പരിശ്രമിക്കും –എം.പി

കണ്ണൂര്‍: ഭക്ഷ്യവസ്തുക്കളിലെ മായം തടയാന്‍ സമഗ്രമായ നിയമം കൊണ്ടുവരാന്‍ പരിശ്രമിക്കുമെന്ന് കെ.കെ. രാഗേഷ് എം.പി. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ കണ്ണൂര്‍ ആകാശവാണി സംഘടിപ്പിച്ച ജനകീയം ജനസമക്ഷം പരിപാടിയില്‍ വിദ്യാര്‍ഥികള്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്‍റിന്‍െറ ഇതു സംബന്ധിച്ച സ്റ്റാന്‍റിങ് കമ്മിറ്റി വിഷയം ഗൗരവമായി പരിഗണിക്കുകയാണെന്ന് കമ്മിറ്റി അംഗം കൂടിയായ രാഗേഷ് പറഞ്ഞു. പച്ചക്കറിയിലെ വിഷാംശം, വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്യുന്ന ഭക്ഷ്യവസ്തുക്കളിലെ രാസവസ്തുക്കളുടെ സാന്നിധ്യം, മറ്റ് ഭക്ഷ്യവസ്തുക്കളിലെ മായം തുടങ്ങിയ പ്രശ്നങ്ങള്‍ ഫലപ്രദമായി തടയാന്‍ ശക്തമായ നിയമം വേണമെന്നാണ് സ്റ്റാന്‍റിങ് കമ്മിറ്റിയിലുണ്ടായ പൊതു അഭിപ്രായം. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസിന്‍െറ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ പൊതുവായ വികസന പ്രശ്നങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളാണ് വിദ്യാര്‍ഥികള്‍ ഉന്നയിച്ചത്. ഗള്‍ഫ് യാത്രക്കാരില്‍നിന്ന് വിമാന കമ്പനികള്‍ അമിത ചാര്‍ജ് ഈടാക്കുന്നുവെന്ന പ്രശ്നവും ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും ഈ പ്രശ്നത്തിലും സജീവമായി ഇടപെടുമെന്നും എം.പി അറിയിച്ചു. ജില്ലയുടെ റെയില്‍വേ, റോഡ് എന്നിവയുടെ വികസനത്തിന് എല്ലാ ജനപ്രതിനിധികളും കക്ഷിരാഷ്ട്രീയത്തിനതീതമായി ഒന്നിച്ചുനിന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റെയില്‍വേ സ്േറ്റഷനുകളുടെ വികസനം, പുതിയ പാത എന്നീ കാര്യങ്ങളിലെല്ലാം മലബാര്‍ പൊതുവെ പിന്നാക്കാവസ്ഥയിലാണ്. പ്രഖ്യാപിക്കപ്പെട്ട ട്രെയിനുകള്‍പോലും യാഥാര്‍ഥ്യമാകാത്ത സ്ഥിതിയുണ്ട്. റോഡ് വികസനത്തിന് പ്രധാന തടസ്സമാകുന്നത് ഭൂമി ഏറ്റെടുക്കുന്നതിനുള്ള പ്രയാസമാണ്. ഭൂമി നഷ്ടപ്പെടുന്നവര്‍ക്ക് ന്യായമായ നഷ്ടപരിഹാരത്തോടൊപ്പം വികസന നേട്ടത്തിന്‍െറ ഗുണവും ലഭിക്കുന്ന വിധത്തിലുള്ള ഭാവനാപൂര്‍ണമായ സമീപനത്തോടെയുള്ള നടപടികളാണ് വേണ്ടത്. കണ്ണൂര്‍ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുത്തത് ഈ രീതിയിലാണെന്നും അദ്ദേഹം പറഞ്ഞു. തെരുവുനായ ശല്യം, മാലിന്യ പ്രശ്നം, വിദ്യാര്‍ഥികളുടെ യാത്രാപ്രശ്നം തുടങ്ങിയ നിരവധി കാര്യങ്ങള്‍ വിദ്യാര്‍ഥികള്‍ ചോദ്യങ്ങളായി ഉന്നയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പ്രഫ. കെ.എ. സരള അധ്യക്ഷത വഹിച്ചു. കണ്ണൂര്‍ ആകാശവാണി പ്രോഗ്രാം മേധാവി കെ. ബാലചന്ദ്രന്‍, പ്രോഗ്രാം എക്സിക്യൂട്ടിവ് പി.വി. പ്രശാന്ത്കുമാര്‍ എന്നിവര്‍ സംസാരിച്ചു. സെപ്റ്റംബര്‍ 15ന് രാവിലെ 7.05ന് ആകാശവാണിയില്‍ ഈ പരിപാടി പ്രക്ഷേപണം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.