ദൂരപരിധി രണ്ടുമാസത്തിനിടയില്‍ നിര്‍ണയിക്കണമെന്ന് സുപ്രീം കോടതി

മാഹി: സംസ്ഥാന-ദേശീയ പാതയോരങ്ങളിലെ മദ്യഷാപ്പുകളുടെ ദൂരപരിധി നിര്‍ണയിക്കാന്‍ രണ്ടുമാസത്തിനിടയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് തീരുമാനം അറിയിക്കണമെന്ന് സുപ്രീം കോടതി. ദേശീയപാതയോരത്തെ മദ്യഷാപ്പുകള്‍ സംബന്ധിച്ച കേസ് പരിഗണിച്ച ജഡ്ജിമാരായ മദന്‍ ലോക്കൂര്‍, എസ്.എ. ബോബ്ടെ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിര്‍ദേശം നല്‍കിയത്. കേന്ദ്ര സര്‍ക്കാറിനുവേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ മുകുള്‍ രോഹത്കി, 2005-06 വര്‍ഷത്തില്‍ എല്ലാ സംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും വാദം കേട്ട ശേഷം കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന-ദേശീയ പാതയോരങ്ങളില്‍നിന്ന് 250 മീറ്റര്‍ മാറി മദ്യഷാപ്പുകള്‍ അനുവദിക്കാമെന്ന നയം രൂപവത്കരിച്ചതായി വാദിച്ചു. എന്നാല്‍, മറ്റുസംസ്ഥാനങ്ങളുടെയും കേന്ദ്രഭരണ പ്രദേശങ്ങളുടെയും കൂടെ മാഹിയുടെ കാര്യം പരിഗണിക്കുന്നത് ശരിയല്ളെന്നും മാഹിയിലെ മദ്യഷാപ്പുകളുടെ വിഷയം കോടതി പ്രത്യേകം പരിഗണിക്കണമെന്നും മാഹി പ്രൊഹിബിഷന്‍ കൗണ്‍സിലിനുവേണ്ടി ഹാജരായ അഡ്വ. മനോജ് ജോര്‍ജ് വാദിച്ചു. മാഹിയിലൂടെ കടന്നുപോകുന്ന ഒരു കിലോമീറ്റര്‍ ദേശീയപാതയുടെ ഇരുവശങ്ങളിലുമായി 35ഓളം മദ്യഷാപ്പുകളുണ്ട്. വെറും ഒമ്പത് ചതുരശ്ര കിലോമീറ്റര്‍ പരിധിയില്‍ 64 മദ്യഷാപ്പുകളും അതിനിടയില്‍ അനേകം വിദ്യാലയങ്ങളും ആരാധനാലയങ്ങളുമൊക്കെയുണ്ടെന്നത് ഗൗരവമായ സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്ന വിഷയമാണ്. അതിനാല്‍, മാഹിയിലെ ജനസാന്ദ്രതയും മദ്യഷാപ്പുകളുടെ എണ്ണവും പ്രത്യേകം പരിഗണിക്കണമെന്ന് അഡ്വ. മനോജ് ജോര്‍ജ് സുപ്രീം കോടതിയില്‍ അവതരിപ്പിച്ച വാദങ്ങള്‍ പരിഗണിച്ച ശേഷമാണ് കോടതി അറ്റോര്‍ണി ജനറലിനോട് മദ്യഷാപ്പുകളുടെ ദൂരപരിധി നിര്‍ണയിക്കാന്‍ രണ്ടുമാസത്തിനിടയില്‍ ബന്ധപ്പെട്ടവരുടെ യോഗം ചേര്‍ന്ന് തീരുമാനമെടുക്കണമെന്ന് നിര്‍ദേശിച്ചത്. കേന്ദ്ര സര്‍ക്കാര്‍ നിയമിക്കുന്ന ഉദ്യോഗസ്ഥന് സമിതിയില്‍ ആരൊക്കെയുണ്ടാകണമെന്ന് തീരുമാനിക്കാന്‍ അധികാരമുണ്ടെങ്കിലും മാഹിയില്‍നിന്ന് പ്രൊഹിബിഷന്‍ കൗണ്‍സില്‍ നിശ്ചയിക്കുന്ന പ്രതിനിധികള്‍ എല്ലാ മീറ്റിങ്ങുകളിലുമുണ്ടെന്ന് ഉറപ്പുവരുത്തണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. മാഹിയിലെ മദ്യഷാപ്പുകളുടെ ആധിക്യം സുപ്രീം കോടതിയെ ബോധിപ്പിക്കുന്നതില്‍ അഭിഭാഷകന്‍ വിജയിച്ചതാണ് സുപ്രീം കോടതി തീരുമാനം പൊതുസമൂഹത്തിന് അനുകൂലമാകാന്‍ ഇടയാക്കിയതെന്ന് മയ്യഴിക്കൂട്ടം ഭാരവാഹികളായ പ്രസിഡന്‍റ് താജുദ്ദീന്‍ അഹമ്മദ്, ജിനോസ് ബഷീര്‍, ജേക്കബ് സുധീര്‍, ഹംസാ പി. മുഹമ്മദ്, പ്രസീല്‍ കുമാര്‍, സഫര്‍, സാഗര്‍ പത്മനാഭന്‍ എന്നിവര്‍ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.