ജില്ലയില്‍ അക്രമങ്ങള്‍ക്ക് അയവില്ല

ശ്രീകണ്ഠപുരം: കഴിഞ്ഞദിനം കോണ്‍ഗ്രസിന്‍െറ രണ്ട് സ്തൂപങ്ങളും കൊടിമരങ്ങളും തകര്‍ത്ത ചുണ്ടപ്പറമ്പില്‍ കോണ്‍ഗ്രസ്-സി.പി.എം സംഘര്‍ഷം തുടരുന്നു. സംഘര്‍ഷത്തില്‍ കോണ്‍ഗ്രസ്, സി.പി.എം പ്രവര്‍ത്തകരുടെ ഓട്ടോറിക്ഷകള്‍ തകര്‍ത്തു. മൂന്നുപേര്‍ക്ക് പരിക്കേറ്റു. തിങ്കളാഴ്ച രാത്രി ഓട്ടോ തൊഴിലാളി യൂനിയന്‍ (സി.ഐ.ടി.യു) ശ്രീകണ്ഠപുരം ഏരിയാ കമ്മിറ്റിയംഗം പി. പ്രകാശന്‍െറ ചുണ്ടപ്പറമ്പ് പ്ടാരി റോഡരികിലുള്ള  വീട്ടില്‍ അതിക്രമിച്ചു കയറിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുകയും പ്രകാശന്‍െറ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ഓട്ടോറിക്ഷ അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിനുശേഷം ഇതേ സംഘം പയ്യാവൂര്‍ പാറക്കടവിലുള്ള സി.പി.എം അനുഭാവി എം.ജി. ചന്ദ്രന്‍െറ വീട്ടിലത്തെി കമ്പിപ്പാരകൊണ്ട് ചന്ദ്രന്‍െറ കൈകള്‍ അടിച്ചൊടിക്കുകയും വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. പരിക്കേറ്റ ചന്ദ്രനെ തളിപ്പറമ്പ് താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതേസമയം, കഴിഞ്ഞദിനം രാത്രി വീട്ടിലേക്ക് നടന്നുപോകവെ കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ജിനേഷ് ഓലിക്കലിനെ (35) സി.പി.എം സംഘം ആക്രമിച്ചുവെന്നാണ് പരാതി. ജിനേഷിനെ ആശുപത്രിയിലേക്ക് കൊണ്ടുപോവുകയായിരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും ഏരുവേശ്ശി സ്വദേശിയും ഐച്ചേരിയില്‍ താമസക്കാരനുമായ ആലാറമ്പത്ത് സുരേഷ്(35)നെയും ഐച്ചേരിയില്‍വെച്ച് ഒരു സംഘം സി.പി.എമ്മുകാര്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചു. സുരേഷിന്‍െറ ഓട്ടോറിക്ഷ അടിച്ചുതകര്‍ത്തു. ചില്ല് തുളഞ്ഞുകയറിയാണ് സുരേഷിന് പരിക്കേറ്റത്. ജിനേഷിനെയും സുരേഷിനെയും തളിപ്പറമ്പ് ലൂര്‍ദാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രകാശന്‍െറ ഓട്ടോ തകര്‍ത്തതില്‍ പ്രതിഷേധിച്ച് ശ്രീകണ്ഠപുരത്ത് ഓട്ടോ തൊഴിലാളികള്‍ പണിമുടക്കി.
പയ്യന്നൂര്‍: അന്നൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍െറ ഓട്ടോറിക്ഷ കുത്തിക്കീറി നശിപ്പിച്ചു. നഗരസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് ബൂത്ത് ഏജന്‍റായി പ്രവര്‍ത്തിച്ച ഐ.എന്‍.ടി.യു.സി പ്രവര്‍ത്തകന്‍ കൂടിയായ പറമ്പത്ത് രവിയുടെ ഓട്ടോറിക്ഷയാണ് കഴിഞ്ഞ ദിവസം രാത്രി കുത്തിക്കീറി നശിപ്പിച്ചത്. 
ഓട്ടോറിക്ഷയുടെ വുഡും സീറ്റും കുത്തിക്കീറി നശിപ്പിച്ച നിലയിലാണ്. പയ്യന്നൂര്‍ പൊലീസില്‍ പരാതി നല്‍കി. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.