ജില്ലാ ലീഗ് നേതൃത്വം മാറണമെന്ന് മണ്ഡലം കമ്മിറ്റികള്‍

കണ്ണൂര്‍: മുസ്ലിം ലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തെ മാറ്റണമെന്നും ഇതിനുള്ള നടപടികള്‍ ഉണ്ടായില്ളെങ്കില്‍ പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന സംസ്ഥാന ജാഥയുമായി സഹകരിക്കില്ളെന്നും മുസ്ലിംലീഗ് മണ്ഡലം കമ്മിറ്റികള്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുശേഷം നേതൃമാറ്റം ആവശ്യപ്പെട്ട് ഉയരുന്ന പരാതികള്‍ പരിഹരിക്കുന്നതിന്‍െറ ഭാഗമായി മണ്ഡലം കമ്മിറ്റി ഭാരവാഹികളെ ഇന്നലെ പാണക്കാടേക്ക് വിളിച്ചുവരുത്തിയിരുന്നു. പത്ത് മണ്ഡലം കമ്മിറ്റികളിലെ പ്രസിഡന്‍റുമാരും സെക്രട്ടറിമാരുമാണ് ഹൈദരലി ശിഹാബ് തങ്ങളെ കാണാന്‍ പോയത്. പത്ത് മണ്ഡലം കമ്മിറ്റികളും നേതൃമാറ്റം അനിവാര്യമാണെന്ന് പറഞ്ഞു. ഇതില്‍ എട്ട് മണ്ഡലം കമ്മിറ്റികള്‍ പി. കുഞ്ഞിമുഹമ്മദ് പ്രസിഡന്‍റും കരീം ചേലേരി ജനറല്‍ സെക്രട്ടറിയും പൊട്ടങ്കണ്ടി അബ്ദുല്ല ട്രഷററുമായുള്ള പുതിയ നേതൃത്വത്തിന് ചുമതല നല്‍കണമെന്നും ആവശ്യപ്പെട്ടു. തലശ്ശേരി മണ്ഡലം കമ്മിറ്റി അഡ്വ. കെ.എ. ലത്തീഫിന്‍െറയും അഴീക്കോട് മണ്ഡലം കമ്മിറ്റി വി.പി. വമ്പന്‍െറയും പേരുകളും ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് നിര്‍ദേശിച്ചു. നേതൃമാറ്റവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ നിലവിലെ ജില്ലാ കമ്മിറ്റിയുമായി ബന്ധപ്പെട്ട് രണ്ട് ദിവസത്തിനുള്ളില്‍ നടപടിയെടുക്കുമെന്ന് ഹൈദരലി ശിഹാബ് തങ്ങള്‍ ഇവരെ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ ഉള്‍പ്പെടെ സംഭവിച്ച പരാജയത്തിന് നേതൃത്വത്തിന് പങ്കുണ്ടെന്ന് മണ്ഡലം കമ്മിറ്റികള്‍ പറഞ്ഞു. കണ്ണൂര്‍ കോര്‍പറേഷനില്‍ തെരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന യുവ നേതാവിനെതിരെ സാമ്പത്തിക ക്രമക്കേടുള്‍പ്പെടെയുള്ള പരാതികളും മണ്ഡലം കമ്മിറ്റികളില്‍ നിന്നുയര്‍ന്നു. തെരഞ്ഞെടുപ്പിനുശേഷം ലീഗ് ജില്ലാ നേതൃത്വത്തിനെതിരെ പ്രവര്‍ത്തകരില്‍ എതിര്‍പ്പുയര്‍ന്നിരുന്നു. നേതൃമാറ്റം ആവശ്യപ്പെട്ടുള്ള പ്രതിഷേധങ്ങളെ തുടര്‍ന്ന് ജില്ലാ കമ്മിറ്റി യോഗം വിളിക്കാന്‍ പോലും സാധിച്ചിരുന്നില്ല. പി.കെ. കുഞ്ഞാലിക്കുട്ടി നയിക്കുന്ന സംസ്ഥാന ജാഥയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് യോഗം വിളിക്കാന്‍ ശ്രമിച്ചിട്ടും പ്രവര്‍ത്തകര്‍ ഉടക്കിനിന്നു. ഈ സാഹചര്യത്തിലാണ് അടിയന്തര നടപടി ലക്ഷ്യമിട്ട് മണ്ഡലം കമ്മിറ്റികളെ വിളിച്ചുകൂട്ടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.