വ്യാപാരികളുടെ ദുരിതത്തിന് പരിഹാരമാവുന്നു

കൂത്തുപറമ്പ്: കൂത്തുപറമ്പ് നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സിലെ വ്യാപാരികളുടെ ദുരിതത്തിന് പരിഹാരമാവുന്നു. പുതിയ കോംപ്ളക്സില്‍ മുറികള്‍ ലേലത്തിനെടുത്തവര്‍ക്ക് വ്യാപാരം ആരംഭിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് ബുധനാഴ്ച നടക്കുന്ന നഗരസഭാ കൗണ്‍സിലിന്‍െറ പ്രത്യേക യോഗം തീരുമാനമെടുക്കും. മുറികള്‍ ലേലം ചെയ്ത് നല്‍കിയതുമായി ബന്ധപ്പെട്ട് മുന്‍ കൗണ്‍സിലിന്‍െറ തീരുമാനം പുന:പരിശോധിക്കുന്നതിന്‍െറ ഭാഗമായാണ് പ്രത്യേക യോഗം വിളിക്കുന്നത്. അഞ്ച് വര്‍ഷം മുമ്പാണ് കൂത്തുപറമ്പ് ടൗണിലെ നഗരസഭാ മാര്‍ക്കറ്റ് കോംപ്ളക്സിന്‍െറ പഴയ കെട്ടിടം പൊളിച്ച് പുതിയത് നിര്‍മിക്കാന്‍ കൗണ്‍സില്‍ യോഗം തീരുമാനിച്ചത്. ഇതിനായി 60ഓളം വ്യാപാരികളെ കുടിയൊഴിപ്പിച്ചു. പുതിയ കെട്ടിടത്തില്‍ മുറികള്‍ നല്‍കുമെന്ന ഉറപ്പിന്മേലായിരുന്നു വ്യാപാരികളെ കുടിയൊഴിപ്പിച്ചത്. മൂന്ന് കോടിയോളം രൂപ ചെലവിലാണ് ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിച്ചത്. ഒരു വര്‍ഷം മുമ്പെ പണി പൂര്‍ത്തിയായ കെട്ടിടത്തിന്‍െറ ഉദ്ഘാടനം ആറ് മാസം മുമ്പാണ് നിര്‍വഹിച്ചത്. എന്നാല്‍, ഒരു വിഭാഗം വ്യാപാരികള്‍ കോടതിയെ സമീപിച്ചതോടെ പുന:പ്രവേശത്തിന്‍െറ കാര്യത്തില്‍ അനിശ്ചിതത്വം നിലനില്‍ക്കുകയായിരുന്നു. കേസ് ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞ നഗരസഭാ കൗണ്‍സിലിന്‍െറ കാലത്ത് പുതിയ മാര്‍ക്കറ്റ് കോംപ്ളക്സിലെ ഏതാനും മുറികള്‍ ലേലം ചെയ്ത് നല്‍കിയിരുന്നു. എന്നാല്‍, വാടക സംബന്ധിച്ച് വ്യാപാരികളും നഗരസഭയും തമ്മില്‍ തര്‍ക്കം ഉടലെടുത്തതോടെ വ്യാപാരികളും വിട്ടുനില്‍ക്കുകയായിരുന്നു. അതേസമയം, കെട്ടിടം പണി പൂര്‍ത്തിയായി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് രൂപയാണ് വാടകയിനത്തില്‍ ഇതിനകം നഗരസഭക്ക് നടഷ്ടമായിട്ടുള്ളത്. പുതിയ നഗരസഭാ കൗണ്‍സില്‍ അധികാരത്തിലത്തെിയയോടെയാണ് മാര്‍ക്കറ്റ് കോംപ്ളക്സിന്‍െറ കാര്യത്തില്‍ വീണ്ടും പ്രതീക്ഷ ഉയര്‍ന്നിട്ടുള്ളത്. ബുധനാഴ്ചത്തെ നഗരസഭാ കൗണ്‍സില്‍ യോഗത്തില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയാണ് വ്യാപാരികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.