കണ്ണൂര്‍: തോട്ടട ഗവ. പോളിടെക്നിക്കിലെ വിദ്യാര്‍ഥികള്‍ ക്ളീനറെ മര്‍ദിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍-തലശ്ശേരി റൂട്ടില്‍ തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വകാര്യ ബസുകള്‍ പണിമുടക്കി. കണ്ണൂര്‍-കൂത്തുപറമ്പ് റൂട്ടിലും ബസുകള്‍ തടയാനുള്ള ശ്രമമുണ്ടായി. ഇതുകാരണം ഈ റൂട്ടിലും ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ലൈസന്‍സ് റദ്ദാക്കാന്‍ ആര്‍.ടി.ഒ നിര്‍ദേശം നല്‍കി. ലൈസന്‍സുള്ള ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും പൂര്‍ണ വിവരങ്ങള്‍ നല്‍കണമെന്ന് ബസുടമകളോട് ആവശ്യപ്പെട്ടതായി റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍ സി.ജെ. പോള്‍സന്‍ പറഞ്ഞു. പ്രശ്നപരിഹാരത്തിനായി ജില്ലാ കലക്ടര്‍ ഇടപെട്ട് ബസുടമകളുടെയും തൊഴിലാളി യൂനിയനുകളുടെയും യോഗം ഉടന്‍ വിളിച്ചുചേര്‍ക്കാനും തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍, ബസുടമസ്ഥ സംഘമോ തൊഴിലാളി യൂനിയനുകളോ പണിമുടക്കിനോട് യോജിക്കുന്നില്ല. യൂനിയന്‍ അംഗങ്ങളല്ല പണിമുടക്കിനു പിന്നിലെന്നാണ് ഭാരവാഹികള്‍ അറിയിച്ചത്. അതുകൊണ്ടു തന്നെ ആരെ ചര്‍ച്ചക്കു വിളിക്കണമെന്ന കാര്യത്തിലും അവ്യക്തത നിലനില്‍ക്കുകയാണ്. തിങ്കളാഴ്ച വൈകീട്ടാണ് പറശ്ശിനിക്കടവ്-തലശ്ശേരി റൂട്ടിലോടുന്ന ഷോലി ബസിലെ ക്ളീനര്‍ ദിനേശ് ബാബു (52)വിനെ തോട്ടട പോളിടെക്നിക്കിന് മുന്നില്‍ വിദ്യാര്‍ഥികള്‍ മര്‍ദിച്ചത്. പോളിടെക്നിക്കിനു മുന്നില്‍ ബസുകള്‍ നിര്‍ത്താത്തതില്‍ പ്രതിഷേധിച്ച് ബസ് തടയുകയും വാക്കേറ്റത്തിനിടെ ക്ളീനറെ മര്‍ദിക്കുകയുമായിരുന്നു. സംഭവത്തെ തുടര്‍ന്ന് മിന്നല്‍ പണിമുടക്ക് നടത്തിയതോടെ ജില്ലാ പൊലീസ് ചീഫ് പി.എന്‍. ഉണ്ണിരാജനുള്‍പ്പെടെയുള്ളവര്‍ ഇടപെട്ടെങ്കിലും ജീവനക്കാര്‍ പണിമുടക്ക് തുടരുകയാണ്. ചില ബസ് ജീവനക്കാര്‍ സര്‍വിസ് നടത്താന്‍ ശ്രമിച്ചെങ്കിലും പണിമുടക്ക് അനുകൂലികള്‍ തടയുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.