കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ വികസനവുമായി ബന്ധപ്പെട്ട് മേയറും സംഘവും മുഖ്യമന്ത്രിയെയും മന്ത്രിമാരെയും കണ്ടു. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ്, സാമൂഹ്യ ക്ഷേമ മന്ത്രി എം.കെ. മുനീര്‍, വൈദ്യുതി മന്ത്രി ആര്യാടന്‍ മുഹമ്മദ്, ജലവിഭവ മന്ത്രി പി.ജെ. ജോസഫ് എന്നിവരുമായാണ് വിവിധ വിഷയങ്ങളില്‍ കഴിഞ്ഞ ദിവസം മേയറും സംഘവും ചര്‍ച്ച നടത്തിയത്. താഴെ ചൊവ്വ പാലം, നഗരത്തിലെ റോഡ് വികസനത്തിന് തടസ്സമായി നില്‍ക്കുന്ന വൈദ്യുതി തൂണുകള്‍ മുഴുവന്‍ ഭൂഗര്‍ഭ ലൈനാക്കി മാറ്റുക, കണ്ണൂര്‍ കുടിവെള്ള പദ്ധതി പൂര്‍ത്തിയാക്കാനാവശ്യമായ ഫണ്ട്, മേലെചൊവ്വയില്‍ അണ്ടര്‍പാസും താഴെചൊവ്വയില്‍ അണ്ടര്‍ ബ്രിഡ്ജും എന്നിവ നിര്‍മിക്കുക എന്നീ ആവശ്യങ്ങളാണ് സംഘം മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും മുമ്പാകെ ഉന്നയിച്ചത്. ഈ ആവശ്യങ്ങളോട് തികച്ചും അനുകൂലമായ നിലപാടാണ് മുഖ്യമന്ത്രിയും മന്ത്രിമാരും സ്വീകരിച്ചത്. പയ്യാമ്പലം ശ്മശാനം നവീകരിക്കാനാവശ്യമായ ഫണ്ട് നല്‍കാന്‍ സാമൂഹിക ക്ഷേമ വകുപ്പ് തയാറായിട്ടുണ്ട്. പുതിയ കോര്‍പറേഷന് ആവശ്യമായ സ്റ്റാഫ് പാറ്റേണ്‍ അടുത്ത ദിവസം തന്നെ അംഗീകരിക്കുമെന്ന് നഗരകാര്യ മന്ത്രി മഞ്ഞളാംകുഴി അലി ഉറപ്പ് നല്‍കി. എന്‍ജിനീയറിങ് വിഭാഗത്തിലെയും ഐ.സി.ഡി.എസ് മേഖലയിലെയും ഒഴിവുകള്‍ ഉടന്‍ നികത്താനും നടപടി സ്വീകരിക്കും. അടിസ്ഥാന വികസനത്തിന് പ്രാധാന്യം നല്‍കി നിരവധി പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഫണ്ട് അനുവദിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പ് നല്‍കി. പദ്ധതികള്‍ മുഴുവന്‍ പരിശോധിച്ച് അടുത്ത ദിവസം തന്നെ മന്ത്രിസഭാ യോഗവും അംഗീകാരം നല്‍കുമെന്ന് മുഖ്യമന്ത്രിയും ഉറപ്പ് നല്‍കി. സംഘത്തില്‍ മേയര്‍ക്ക് പുറമെ കൗണ്‍സിലര്‍മാരായ എന്‍. ബാലകൃഷ്ണന്‍, വി. ജ്യോതിലക്ഷ്മി എന്നിവരുമുണ്ടായി. മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരുമായുള്ള ചര്‍ച്ചക്ക് എം.എല്‍.എമാരായ ഇ.പി. ജയരാജന്‍, ടി.വി. രാജേഷ്, ജെയിംസ് മാത്യു എന്നിവരുമുണ്ടായി. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍, പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ എന്നിവര്‍ക്കും മേയറുടെ നേതൃത്വത്തിലുള്ള സംഘം നിവേദനം നല്‍കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.