അടിമാലി: ഹൈറേഞ്ചിൽ വനമേഖലയോടുചേർന്ന ജനവാസകേന്ദ്രങ്ങളിലേക്ക് വന്യമൃഗങ്ങൾ കൂട്ടത്തോടെ കടക്കുന്നത് ഭീഷണിയാകുന്നു. ദേവികുളം, ഉടുമ്പൻചോല, പീരുമേട് താലൂക്കുകളിലാണ് ഇവയുടെ ശല്യം രൂക്ഷമായത്. വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മൂന്ന് മാസത്തിനിടെ രണ്ടുപേർ കൊല്ലപ്പെടുകയും 20ലേറെ വീടുകൾ തകർക്കപ്പെടുകയും 100 ഏക്കറിലേറെ കാർഷികവിളകൾ നശിക്കുകയും ചെയ്തിരുന്നു. ആന, കാട്ടുപോത്ത്, കുരങ്ങ്, കാട്ടുപന്നി തുടങ്ങിയവയാണ് കൂടുതൽ ശല്യക്കാർ. വിനോദസഞ്ചാരകേന്ദ്രമായ മൂന്നാർ പട്ടണത്തിൽ പലയിടങ്ങളിലും പകൽ പോലും കാട്ടാനയുടെ ശല്യമുണ്ട്. ദേവികുളത്ത് രാത്രി കാട്ടാന വരാത്ത ദിവസങ്ങളില്ല. കാട്ടാനയെ തുരത്തുന്നതിനിടെ രണ്ട് വനം വകുപ്പ് ജീവനക്കാർക്കും നാല് ഗ്രാമീണർക്കും അടുത്തിടെ പരിക്കേറ്റു. ജീവിതം വഴിമുട്ടിയ കർഷകർ വനം വകുപ്പ് ഓഫിസുകൾ ഉപരോധിച്ചും പൊതുജനങ്ങൾ സംഘടിച്ച് പ്രത്യേക സേന രൂപവത്കരണവുമൊക്കെ നടത്തുന്നുണ്ടെങ്കിലും നടപടിയില്ല. മാട്ടുപ്പെട്ടിയിലും മറയൂരിലും വനാതിർത്തിക്ക് സമീപം കാട്ടുപോത്ത് സ്ഥിരമായി ഇറങ്ങുന്നതിനാൽ ജനം പരിഭ്രാന്തനാണ്. കഴിഞ്ഞദിവസം അടിമാലി പഞ്ചായത്തിലെ നെല്ലിപ്പാറ ആദിവാസി കോളനിയിലിറങ്ങിയ കാട്ടാനക്കൂട്ടം വൻ നാശംവിതച്ചു. ദേവികുളത്ത് കാട്ടാനയുടെ മുന്നിൽപെട്ട യുവാവ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ചിന്നക്കനാൽ പഞ്ചായത്തിൽ 301 ആദിവാസി കോളനിയിൽ ഒരുമാസമായി കാട്ടാനശല്യമുണ്ട്. പലരും ഇവിടെ വീടുപേക്ഷിച്ച് പാലായനം ചെയ്യുകയാണ്. കാട്ടുപന്നിയും കുരങ്ങും കർഷകർക്ക് തലവേദനയാണ്. സൗരോർജവേലി പലയിടങ്ങളിലും സ്ഥാപിച്ചെങ്കിലും പ്രവർത്തിക്കുന്നില്ല. കാട്ടാനയെ അകറ്റാൻ കിടങ്ങുകൾക്കും കഴിയാതായതോടെ കൃഷി സംരക്ഷിക്കാനാകുന്നില്ല. ഇതോടെ ചെറുകിട കർഷകർ കൃഷിയിൽനിന്ന് പിന്മാറുകയാണ്. സഹകരണ ബാങ്കുകളിൽനിന്നും മറ്റ് ധനകാര്യ സ്ഥാപനങ്ങളിൽനിന്നും വായ്പയെടുത്ത് കൃഷി ആരംഭിച്ചവർ ഇപ്പോൾ തിരിച്ചടക്കാൻ കഴിയാത്ത സ്ഥിതിയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.