കട്ടപ്പന: പുരാവസ്തുക്കളുടെ അപൂർവ ശേഖരമൊരുക്കി കട്ടപ്പനയിൽ ഒരു കർഷകൻ. കട്ടപ്പന തൂങ്കുഴി കണ്ടത്തിൽ തോമസ് കുര്യനാണ് അപൂർവ ശേഖരങ്ങളുടെ ഉടമ. സാധാരണ കർഷക കുടുംബത്തിൽ ജനിച്ച തോമസ് കുര്യൻ എന്ന ടോമിക്ക് പുരാതന വസ്തുക്കളോട് കടുത്ത ഭ്രമമാണ്. അഞ്ചുവർഷം മുമ്പാരംഭിച്ച ഈ ഭ്രമം ഇദ്ദേഹത്തെ വിശിഷ്ടവും അമൂല്യവുമായ പല പുരാവസ്തുക്കളുെടയും ഒരു വലിയ ശേഖരത്തിന് ഉടമയാക്കി. പൂർവികരാൽ കൈമാറിവന്ന ചില വസ്തുക്കൾ മാത്രമുണ്ടായിരുന്ന ടോമിയുടെ കൈകളിൽ ഇന്ന് 2000 വർഷങ്ങൾ പഴക്കമുള്ള നാണയങ്ങൾ മുതൽ ബ്രിട്ടീഷ് ഭരണം, രാജഭരണകാലം എന്നിവയുടെ സ്മരണകൾ നിറയുന്ന ശേഖരമുണ്ട്. കല്ലച്ചിൽ അച്ചടിച്ച ബൈബിളും രാജഭരണകാലത്ത് രാജ്ഞിമാർ ഉപയോഗിച്ചിരുന്ന 350ലധികം വർഷം പഴക്കമുള്ള വാളും 102 വർഷം പഴക്കമുള്ള വിക്ടോറിയ രാജ്യത്തിെൻറ ബൈനോകുലറും ഇദ്ദേഹം സ്വന്തമാക്കിയത് വലിയ വിലകൊടുത്താണ്. ഓലയിൽ എഴുതിയ രാമായണവും മാന്ത്രിക ഗ്രന്ഥങ്ങളും പട്ടയവുമെല്ലാം ശേഖരത്തിലുണ്ട്. രാജാക്കന്മാരുടെ കാലത്തും ബ്രിട്ടീഷ് ഭരണകാലത്തും പുറത്തിറക്കിയ മുദ്രപത്രങ്ങളും നാൽപതോളം രാജ്യങ്ങളുടെ നാണയങ്ങളും ആരെയും ആകർഷിക്കും. തെൻറ ശേഖരം സ്കൂൾ കുട്ടികൾക്കും വിനോദ സഞ്ചാരികൾക്കും കാണാനും പഠിക്കാനും ഒരു മ്യൂസിയം തന്നെ ഒരുക്കാനാണ് തയാറെടുപ്പ്. അതിന് പ്രാരംഭ പ്രവർത്തനങ്ങളും ആരംഭിച്ചു. വിനോദസഞ്ചാര മേഖലക്ക് ഏറെ മുതൽക്കൂട്ടാകുന്ന ഇദ്ദേഹത്തിെൻറ മ്യൂസിയത്തിനായി സർക്കാറിെൻറ ഒരു സഹായവും ലഭിച്ചിട്ടില്ലെന്ന് ടോമി പറയുന്നു. ശേഖരങ്ങൾ കണ്ട തപാൽ വകുപ്പ് ഉദ്യോഗസ്ഥർ ഇദ്ദേഹത്തിെൻറ ഫോട്ടോ പതിച്ച സ്റ്റാമ്പ് പുറത്തിറക്കിയിരുന്നു. കട്ടപ്പനയിൽനിന്ന് ഏഴുകിലോമീറ്റർ സഞ്ചരിച്ചാൽ വള്ളക്കടവ് തൂങ്കുഴിയിലുള്ള കണ്ടത്തിൽ ടോമി മ്യൂസിയത്തിൽ എത്താം. അപൂർവമായ പുരാവസ്തു ശേഖരത്തിന് പുറമെ വിവിധയിനം ഫലവൃക്ഷങ്ങളും മൃഗങ്ങളും ഇദ്ദേഹത്തിെൻറ പരിചരണത്തിൽ ഇവിടെയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.