നെടുങ്കണ്ടം: പാമ്പാടുംപാറ പഞ്ചായത്തിൽനിന്ന് അനുമതിയില്ലാതെ കടത്തിക്കൊണ്ടുപോകാൻ ശ്രമിച്ച വിലപിടിപ്പുള്ള സാധനങ്ങൾ കയറ്റിയ വാഹനം നാട്ടുകാർ തടഞ്ഞ് പൊലീസിൽ ഏൽപിച്ചു. സംഭവത്തെച്ചൊല്ലി വിവാദം. ഞായറാഴ്ച രാത്രി 7.45 ഓടെയാണ് പഞ്ചായത്ത് കോമ്പൗണ്ടിൽനിന്ന് നിറയെ സാധനങ്ങളുമായി വെളിയിലേക്കിറങ്ങിയ പിക്അപ്പ് വാഹനം നാട്ടുകാർ തടഞ്ഞിട്ടത്. പഞ്ചായത്തിൽ സൂക്ഷിച്ച ബൊലേറോ വാഹനത്തിെൻറ 10,000 രൂപ വിലവരുന്ന റേഡിയേറ്റർ, കുഴൽക്കിണറിന് ഉപയോഗിക്കുന്ന മോട്ടോർ, കസേരകൾ തുടങ്ങിയവയാണ് ഉണ്ടായിരുന്നത്. വിവിധ നിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സൂക്ഷിച്ച സാധനങ്ങളാണ് കടത്താൻ ശ്രമിച്ചത്. രണ്ട് തമിഴ് തൊഴിലാളികളും വാഹനത്തോടൊപ്പം ഉണ്ടായിരുന്നു. നെടുങ്കണ്ടത്തെ ആക്രി കടയിൽ നിന്നെത്തിയവരാണെന്ന് പറയപ്പെടുന്നു. കുഴൽക്കിണറിന് ഉപയോഗിക്കുന്ന മോട്ടോർ മൂന്നെണ്ണം പഞ്ചായത്തിൽ സൂക്ഷിച്ചിരുന്നെന്നും ഇപ്പോൾ ഒരെണ്ണം മാത്രമാണുള്ളതെന്നും പ്രതിപക്ഷാംഗം ഷിജിമോൻ ഐപ്പ് ആരോപിച്ചു. ലേലം ചെയ്യാതെയും പഞ്ചായത്ത് കമ്മിറ്റിയുടെ തീരുമാന പ്രകാരവും അല്ലാതെയാണ് സെക്രട്ടറി ഓഫിസിൽ ഉള്ളപ്പോൾ സാധനങ്ങൾ കയറ്റിയതെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, പഞ്ചായത്ത് കമ്മിറ്റി തീരുമാനപ്രകാരം ഉപയോഗശൂന്യമായ ആക്രി സാധനങ്ങളാണ് വണ്ടിയിൽ കയറ്റിയതെന്നും സെക്രട്ടറിയുടെ വിവേചനാധികാരം ഉപയോഗിച്ചാണ് ആക്രി സാധനങ്ങൾ വിൽക്കാൻ ശ്രമിച്ചതെന്നും പഞ്ചായത്ത് പ്രസിഡൻറ് മിനി ടോമി കരിയിലക്കുളം പറഞ്ഞു. കെട്ടിടത്തിൽ വയറിങ് നടത്തിയപ്പോൾ പൊളിച്ചുമാറ്റിയ പൊട്ടിത്തകർന്ന പൈപ്പുകളും ടൈൽസ് പായ്ക്ക് ചെയ്തുവന്ന പേപ്പറുകളും മറ്റുമാണ് വിൽക്കാൻ ഏൽപിച്ചതെന്നും ആക്രി കടക്കാർക്ക് 4300 രൂപക്ക് വിറ്റ സാധനങ്ങളായിരുന്നെന്നും പ്രസിഡൻറ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.