മറയൂർ: 78 തൊഴിൽദിനങ്ങൾ പൂർത്തിയാക്കിയിട്ടും മറയൂർ ഗ്രാമപഞ്ചായത്തിലെ നൂറുകണക്കിന് തൊഴിലുറപ്പ് തൊഴിലാളികൾ കൂലി ലഭിക്കാതെ ദുരിതത്തിൽ. 2016^17 സാമ്പത്തിക വർഷത്തിൽ പണിയെടുത്ത തൊഴിലാളികൾക്കാണ് കൂലി കിട്ടാത്തത്. 78 ദിവസത്തെ കഷ്ടപ്പാടുകൾക്ക് പ്രതിഫലമായി വെറും ആറുദിവസത്തെ കൂലി മാത്രം ലഭിച്ചപ്പോൾ കടുത്ത വേനലിലും പണിയെടുത്ത തൊഴിലാളികൾക്ക് മരുന്നുവാങ്ങാൻ പോലും തികയുന്നില്ല. തൊഴിലുറപ്പ് കൂലി ഇനത്തിൽ മറയൂർ പഞ്ചായത്തിൽ മാത്രം 3500 തൊഴിലാളികൾക്ക് 245 രൂപ നിരക്കിൽ 75 ദിവസത്തെ കൂലിയായി 6,22,80,000 രൂപയാണ് കിട്ടാനുള്ളത്. ഇതുമൂലം സ്കൂൾ ഫീസ് പോലും അടയ്ക്കാൻ കഴിയാതെ നിരവധി തൊഴിലാളി കുടുംബങ്ങൾ ബുദ്ധിമുട്ടിലാണ്. തൊഴിൽ കാർഡിൽ തൊഴിൽ രേഖപ്പെടുത്തിയിട്ടില്ലെങ്കിൽ സർക്കാർ തലത്തിലുള്ള ഒരു ആനുകൂല്യവും ലഭിക്കില്ലെന്ന കാരണത്താൽ ദൂരെ പ്രദേശങ്ങളിൽ ജോലിതേടി പോയിരുന്നവർ വരെ തൊഴിലുറപ്പ് ജോലിക്കായി വന്നതാണ്. തൊഴിലുറപ്പ് ദിനങ്ങളുടെ വിവരങ്ങൾ അടങ്ങിയ മസ്ട്രോളുകൾ കേന്ദ്രസർക്കാർ നിഷ്കർഷിച്ച ഡൽഹി കേന്ദ്രീകരിച്ചുള്ള ബാങ്കിലേക്കാണ് പഞ്ചായത്ത് അയക്കാറുള്ളത്. ഈ സാമ്പത്തികവർഷം പഞ്ചായത്ത് രേഖകൾ മുഴുവൻ അയച്ചിട്ടും കൂലി നൽകാതെ തൊഴിലാളികളെ വലക്കുകയാണ്. ഇതേക്കുറിച്ച് പഞ്ചായത്ത് അധികൃതർ ബാങ്കുമായി ബന്ധപ്പെടുമ്പോൾ ഉടൻ ലഭിക്കുമെന്ന മറുപടി മാത്രമാണ് ലഭിക്കുന്നത്. പ്രശ്നത്തിൽ പ്രതിഷേധവുമായി കോൺഗ്രസ് രംഗത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ഒമ്പതുവർഷമായി തൊഴിൽ വേതനത്തിന് മുടക്ക് വന്നിട്ടില്ലായെന്നും ഈ സാമ്പത്തിക വർഷത്തിലാണ് തൊഴിലാളികൾക്ക് ഇത്ര ബുദ്ധിമുട്ടുണ്ടായതെന്നും ആരോപിച്ച് വ്യാഴാഴ്ച പോസ്റ്റ് ഓഫിസ് ഉപരോധത്തിനൊരുങ്ങുകയാണ് പഞ്ചായത്തിലെ ഭരണകക്ഷിയായ കോൺഗ്രസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.