പാ​ലി​യേ​റ്റി​വ്​ പ​ദ്ധ​തിയിൽ അയോ​ഗ്യരെ സ്​​ഥി​ര​പ്പെ​ടു​ത്താ​ൻ നീ​ക്കം

ചെറുതോണി: കിടപ്പുരോഗികളെ വീടുകളിലെത്തി ശുശ്രൂഷിക്കാൻ ആരോഗ്യവകുപ്പ് ആരംഭിച്ച പാലിയേറ്റിവ് പദ്ധതിയിൽ യോഗ്യതയില്ലാത്തവരെ സ്ഥിരപ്പെടുത്താൻ നീക്കം. സംസ്ഥാനത്ത് പഞ്ചായത്ത് അടിസ്ഥാനത്തിൽ പാലിയേറ്റിവ് പരിചരണ സംവിധാനം നടപ്പാക്കിയത് അടുത്തകാലത്താണ്. ഓരോ പഞ്ചായത്തിലും പ്രാഥമികാരോഗ്യ കേന്ദ്രത്തിെൻറ കീഴിലാണ് പദ്ധതി നടപ്പാക്കുന്നത്. ഇതിന് പുറമെ ജില്ല ആശുപത്രികളും താലൂക്ക് ആശുപത്രികളും പദ്ധതിയുണ്ട്. താലൂക്ക്, ജില്ല പാലിയേറ്റിവ് അംഗങ്ങളിൽ യോഗ്യർ ഉണ്ടായിട്ടും പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ഒരു യോഗ്യതയുമില്ലാത്തവരാണ് ജോലി ചെയ്യുന്നതെന്ന് ആക്ഷേപമുയർന്നു. പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകരും ആശ വർക്കർമാരും പാലിയേറ്റിവ് നഴ്സുമടങ്ങുന്ന സംഘമാണ് കിടപ്പ് രോഗികളെ വീടുകളിലെത്തി പരിചരിക്കുന്നത്. ഹെൽത്ത് ഇൻസ്പെക്ടർമാർക്കോ ആശ വർക്കർമാർക്കോ രോഗികളെ ശുശ്രൂഷിക്കാൻ വൈദഗ്ധ്യമില്ല. ഇതിന് പരിചയ സമ്പന്നയായ ഒരു നഴ്സ് കൂടി സംഘത്തിലുണ്ട്. എന്നാൽ, ഇത്രമാത്രം പ്രാധാന്യമുണ്ടായിട്ടും നഴ്സിെൻറ ജോലിചെയ്യുന്ന ഇവരിൽ പലരും അയോഗ്യരാണ്. ഇത് രോഗികൾക്കോ അധികൃർക്കോ അറിയില്ല. നേരത്തേ ആശാ വർക്കറായി പ്രവർത്തിച്ചിരുന്നവരും രാഷ്ട്രീയ പാർട്ടികളുടെ സ്വാധീനം ഉപയോഗിച്ച് ജോലി നേടിയവരുമാണ് പലരും. നഴ്സിങ് അസി. കോഴ്സ് പോലും പാസായിട്ടില്ല. പലരും പരിചയം മാത്രം കൈമുതലാക്കി ജോലിചെയ്യുന്നു. എങ്ങനെയാണ് രോഗികളെ പരിചരിക്കേണ്ടതെന്ന് പോലും പലർക്കുമറിയില്ല. രോഗികളെ ശുശ്രൂഷിക്കാൻ ഉപയോഗിക്കുന്ന ഉപകരണങ്ങൾപോലും ശുചിത്വമുള്ളതാക്കാൻ കൂടി പലരും മെനക്കെടാറില്ലെത്ര. ലക്ഷങ്ങൾ മുടക്കി നഴ്സിങ് പഠിച്ച് ജോലിയില്ലാതിരിക്കുന്ന നിരവധിപേരുണ്ട് ജില്ലയിൽ. പാലിയേറ്റിവ് കോഴ്സ് പാസായവരും ഇക്കൂട്ടത്തിലുണ്ട്. യോഗ്യരെ മാറ്റിനിർത്തി അയോഗ്യരെ പാലിയേറ്റിവ് നഴ്സായി നിയമിക്കുന്നതിൽ വ്യാപക പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇതിനിടെ പാലിയേറ്റിവ് നഴ്സായി ജോലിയുള്ള ചിലർ വ്യാജമായി സർട്ടിഫിക്കറ്റ് നിർമിക്കാനുള്ള ശ്രമങ്ങളും നടത്തുന്നതായി സൂചനയുണ്ട്. യോഗ്യതയുള്ളവരെ പാലിയേറ്റിവ് നഴ്സായി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കും പരാതി നൽകാനൊരുങ്ങുകയാണ് നഴ്സുമാർ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.