അടിമാലി: ജനവാസ മേഖലയിൽ മദ്യശാല സ്ഥാപിച്ചതിനെതിരായ സമരത്തിൽ നാടകീയ രംഗങ്ങൾ. പരസ്പരം മണ്ണെണ്ണ ദോഹത്തൊഴിച്ച് ആത്മാഹുതിക്ക് ശ്രമിച്ച സ്ത്രീയടക്കം മൂന്നുപേരെ പൊലീസ് സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി. ഉന്തിലും തള്ളിലും പെൺകുട്ടിക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് പത്തുപേരെ അറസ്റ്റ് ചെയ്തു. സ്ഥലത്ത് നാട്ടുകാരുടെ പ്രതിഷേധം തുടരുന്നു. അടിമാലി പഞ്ചായത്തിലെ പന്ത്രണ്ടാംമൈൽ അമ്മാവൻപടിയിൽ കൺസ്യൂമർ ഫെഡ് മദ്യശാല സ്ഥാപിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണം. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെയാണ് സംഭവം. അടിമാലി സി.ഐ യൂനസിെൻറ നേതൃത്വത്തിൽ കൺസ്യൂമർ ഫെഡ് ജീവനക്കാർ വൻ പൊലീസ് സന്നാഹത്തോടെയാണ് മദ്യശാല സ്ഥാപിക്കാൻ എത്തിയത്. വിവരമറിഞ്ഞ് സംഘടിച്ചെത്തിയ നാട്ടുകാർ വാഹനത്തിൽനിന്ന് മദ്യം ഇറക്കുന്നത് തടഞ്ഞു. ഇതിനിടെ ദേഹത്ത് പരസ്പരം മണ്ണെണ്ണ ഒഴിച്ച് ആത്മാഹുതിക്ക് ശ്രമിച്ച മാറാച്ചേരി പുത്തൻപുരക്കൽ എൽദോസ് (27), ഇടത്താനിക്കാട്ട് ബേസിൽ (32), വെള്ളയാംതോട്ടത്തിൽ സുഭാഷിണി (52) എന്നിവരെ പൊലീസ് ബലപ്രയോഗത്തിലൂടെ കീഴ്പ്പെടുത്തി. ഇവരെ പൊലീസ് വാഹനത്തിൽ സ്റ്റേഷനിലേക്ക് മാറ്റി. ഇതിനിടെയുണ്ടായ ഉന്തിലും തള്ളിലുംപെട്ട് മൂലംകുഴിയിൽ അച്ചുവിനാണ് (12) പരിക്കേറ്റത്. ക്രമസമാധാന പ്രശ്നം ഉണ്ടാക്കിയെന്നും നാട്ടുകാരെ സംഘടിപ്പിച്ചെന്നും ആരോപിച്ച് മദ്യവിരുദ്ധ സമിതി ജില്ല ചെയർമാൻ പ്രഫ. വിൻസൻറ്, പ്രദേശവാസികളായ ബാബു കീച്ചേരി, ബേസിൽ, ജയിൻ കോച്ചേരി, ജോസഫ്, മാർട്ടിൻ, അരുൺ, എൽദോസ്, ജോബിസ്, തോബിയാസ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരെ പിന്നീട് ജാമ്യത്തിൽ വിട്ടയച്ചു. ഫാ. ജോസഫ് ചാലകുഴി, ഫാ. എൽദോസ് പുളിഞ്ചുവട്ടിൽ, ഫാ. മത്തായി കുളങ്ങരക്കുടി, വാർഡ് അംഗം എം.പി. വർഗീസ് എന്നിവരുടെ നേതൃത്വത്തിൽ മദ്യശാലക്കെതിരെ സമരം തുടരുകയാണ്.കുറേ ദിവസങ്ങളായി നാട്ടുകാർ ജോലിപോലും ഉപേക്ഷിച്ച് മദ്യശാല വരുന്നതിനെതിരെ സമരത്തിലായിരുന്നു. കഴിഞ്ഞ ദിവസം വാടകഗുണ്ടകളുമായി എത്തിയ കൺസ്യൂമർ ഫെഡ് ജീവനക്കാർ ഇവിടെ മദ്യശാല തുറക്കാൻ നീക്കം നടത്തിയിരുന്നു. അന്ന് സംഘട്ടനത്തിൽ നാട്ടുകാരനായ അർജുനന് പരിക്കേറ്റു. തുടർന്നാണ് അടിമാലി, വെള്ളത്തൂവൽ, രാജാക്കാട്, ശാന്തൻപാറ, മൂന്നാർ, മറയൂർ എസ്.ഐമാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘത്തിെൻറ അകമ്പടിയോടെ മദ്യശാല സ്ഥാപിക്കാൻ എത്തിയത്. പൊലീസിെൻറ അവസരോചിത ഇടപെടൽ അനിഷ്ടസംഭവങ്ങൾ ഒഴിവാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.