മാങ്കുളം: വേനൽമഴ മാങ്കുളത്തും പരിസരപ്രദേശങ്ങളിലും കനത്ത നാശം വിതച്ചു. നിരവധി കൃഷിയിടങ്ങൾ കാറ്റിൽ നശിച്ചു. പലഭാഗങ്ങളിലും വീടുകൾക്ക് പൂർണമായും ഭാഗികമായും കേടുപാട് സംഭവിച്ചു. വിളവെടുപ്പിന് പാകമായ കൃഷിയാണ് പലയിടങ്ങളിലും നശിച്ചത്. ഇതുമൂലം കർഷകർക്ക് ലക്ഷങ്ങളുടെ നാശനഷ്ടമുണ്ടായി. ഒരാഴ്ചയോളമായി വേനൽമഴ മാങ്കുളത്ത് ലഭിക്കുന്നുണ്ട്. എന്നാൽ, കഴിഞ്ഞ ദിവസത്തെ കനത്ത മഴയാണ് നാശംവിതച്ചത്. മാങ്കുളം പഞ്ചായത്തിലെ വിവിധ മേഖലകളിലും ആദിവാസി കോളനിയിലുമാണ് വ്യാപക കൃഷിനാശം ഉണ്ടായത്. വേലിയാംപാറ പ്രദേശത്താണ് വീടുകൾ ഉൾപ്പെടെയുള്ള നിർമാണങ്ങൾ വ്യാപകമായി തകർന്നു. വീടുകളുടെ ഭിത്തികൾക്ക് വിള്ളൽ വീഴുകയും മേൽക്കൂരകൾ കാറ്റിൽ പറന്നുപോയി. മാങ്കുളം വേലിയാംപാറ പ്ലാക്കൽ സോമൻ, സുരേഷ്, മംഗലത്തിൽ ബേബി, ബിജു ജോർജ് തുടങ്ങിയവരുടെ വീടുകൾക്കാണ് കാര്യമായ നാശം സംഭവിച്ചത്. പ്ലാവ് ഉൾെപ്പടെ വൻമരങ്ങൾ കടപുഴകി പഞ്ചായത്തിെൻറ വിവിധ ഭാഗങ്ങളിൽ വൻ കൃഷിനാശമാണുണ്ടായത്. കടമെടുത്തും പാട്ടത്തിനെടുത്തും കൃഷി നടത്തിയ കർഷകർ ഇതോടെ വൻ പ്രതിസന്ധിയിലായി. വേനലിൽ കാർഷിക വിളകൾ ഉണങ്ങിനശിച്ചതിന് പിന്നാലെയാണ് മഴ കർഷകരുടെ പ്രതീക്ഷകൾക്ക് തിരിച്ചടിയായത്. മഴയെ തുടർന്ന് പഞ്ചായത്തിെൻറ പല ഭാഗങ്ങളിലും വൈദ്യുതി ബന്ധം നിലച്ചു. തിങ്കളാഴ്ച ഭാഗികമായി മാത്രമേ വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാൻ കഴിഞ്ഞിട്ടുള്ളൂ. ഉൾപ്രദേശങ്ങളിൽ ഇപ്പോഴും വൈദ്യുതി എത്തിയിട്ടില്ല. പരീക്ഷാക്കാലമായതിനാൽ വിദ്യാർഥികൾ അടക്കമുള്ളവരെ ഇത് ഏറെ ദുരിതത്തിലാക്കിയിട്ടുണ്ട്. പലയിടത്തും റോഡുകൾ തകർന്നു. കൃഷിനാശം നേരിട്ട കർഷകർക്കും വീടുകൾക്ക് കേടുപാട് സംഭവിച്ചവർക്കും അർഹമായ നഷ്ടപരിഹാരം അനുവദിക്കണമെന്ന് ആവശ്യം ഉയർന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.