മൂന്നാർ: മൂന്നാറിലെ കൈയേറ്റങ്ങൾക്കും അനധികൃത നിർമാണങ്ങൾക്കുമെതിരെ നടപടിയെടുത്ത ദേവികുളം സബ് കലക്ടർക്കെതിരെ രാഷ്ട്രീയ പടയൊരുക്കം ശക്തം. സബ്കലക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് കക്ഷിരാഷ്ട്രീയ വ്യത്യാസമില്ലാതെ അണിയറ നീക്കം സജീവമായി. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിലെ കൈയേറ്റം ഒഴിപ്പിക്കാനും അനധികൃത നിർമാണം തടയാനും സബ്കലക്ടർ ശ്രീറാം വെങ്കിട്ടരാമൻ സ്വീകരിച്ച നടപടിയാണ് രാഷ്ട്രീയ നേതൃത്വങ്ങളെ ചൊടിപ്പിച്ചത്. സബ്കലക്ടർ കർഷകർക്കെതിരെ നിലപാട് സ്വീകരിക്കുന്നു എന്നാരോപിച്ച് കർഷക സംഘം, കർഷക തൊഴിലാളി യൂനിയൻ, നിർമാണത്തൊഴിലാളി യൂനിയൻ എന്നിവയുടെ നേതൃത്വത്തിൽ ദേവികുളം ആർ.ഡി ഒാഫിസിനു മുന്നിൽ നടക്കുന്ന അനിശ്ചിതകാല സമരം പത്താം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. വ്യാജരേഖകളുടെ മറവിൽ നിർമാണം നടത്തിയ അഞ്ഞൂറിലധികം കെട്ടിടങ്ങൾക്കെതിരെ സബ്കലക്ടർ നടപടി സ്വീകരിച്ചിരുന്നു. ദേവികുളം, ഉടുമ്പൻചോല താലൂക്കുകളിൽ നിർമിക്കുന്ന മുഴുവൻ കെട്ടിടങ്ങൾക്കും കലക്ടറുടെ എൻ.ഒ.സി നിർബന്ധമാക്കുകയും ചെയ്തു. പെൻസ്റ്റോക് പൈപ്പിനു സമീപം നിർമിച്ച അഞ്ച് കെട്ടിടങ്ങൾക്കെതിരെയും നടപടി സ്വീകരിച്ചു. എന്നാൽ, സബ്കലക്ടറുടെ നടപടി ജനവിരുദ്ധമാണെന് ആരോപിച്ച് സി.പി.െഎ, സി.പി.എം, ഇരുപാർട്ടികളുടെയും കർഷക സംഘടനകൾ, ജില്ല കോൺഗ്രസ് നേതൃത്വം എന്നിവ ഒറ്റക്കെട്ടായി രംഗത്തുവന്നിരുന്നു. കർഷകർക്ക് ഭൂരേഖകൾ നൽകാതെയും കരം അടക്കാൻ അനുവദിക്കാതെയും വൻകിടക്കാരെ സഹായിക്കുന്ന നിലപാടാണ് സബ്കലക്ടറുടേതെന്ന് ഇവർ ആരോപിക്കുന്നു. ഇതിനു പിന്നാലെയാണ് മൂന്നാറിൽ ഗാർഹികേതര ആവശ്യങ്ങൾക്കുള്ള സ്ഥിരമോ താൽക്കാലികമോ ആയ മുഴുവൻ കെട്ടിട നിർമാണങ്ങളും നിർത്തിവെക്കണമെന്ന് പരിസ്ഥിതി സംബന്ധിച്ച നിയമസഭ സമിതിയുടെ റിപ്പോർട്ട് പുറത്തുവന്നത്. മൂന്നാറിെൻറ പച്ചപ്പ് നിലനിർത്താൻ പ്രത്യേക സമിതിയെ നിയോഗിക്കണമെന്നും അതുവരെ നിർമാണങ്ങൾ നിർത്തിവെക്കണമെന്നും മുല്ലക്കര രത്നാകരൻ അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ടിൽ പറയുന്നു. പശ്ചിമഘട്ട മലനിരകൾ ഇടിച്ചുനിരത്തിയും മണ്ണെടുത്തും ബഹുനില മന്ദിരങ്ങൾ ഉയരുന്നത് മൂന്നാറിെൻറ കാലാവസ്ഥക്ക് തിരിച്ചടിയാകുമെന്നാണ് കണ്ടെത്തൽ. വീടുകൾ നിർമിക്കാനെന്ന വ്യാജേന കരസ്ഥമാക്കുന്ന പെർമിറ്റുകൾ ഉപയോഗിച്ചാണ് നിർമാണങ്ങൾ പലതും നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.