അടിമാലി: വേനൽ കടുത്തതോടെ ജില്ലയിൽ പാൽക്ഷാമം രൂക്ഷമാകുന്നു. വരൾച്ചയുടെ പിന്നാലെ പാലുൽപാദനവും ഗണ്യമായി കുറഞ്ഞതോടെ ക്ഷീര കർഷകർ പ്രതിസന്ധിയിലായി. കഴിഞ്ഞ അഞ്ച് സാമ്പത്തികവർഷവും പാലുൽപാദനത്തിൽ വർധന നേടിയ ജില്ലയിൽ ആദ്യമായാണ് ഇടിവുണ്ടാവുന്നതെന്ന് കർഷകർ പറയുന്നു. കത്തുന്ന ചൂടും വൈക്കോൽക്ഷാമവുമാണ് പാൽ ഉൽപാദനത്തിലെ കുറവിന് കാരണം. ജില്ലയിലുടനീളം കുടിവെള്ളക്ഷാമം രൂക്ഷമായതോടെ കന്നുകാലികളെ വളർത്തൽ കൂടുതൽ പ്രയാസമായെന്നാണ് കർഷകരുടെ അഭിപ്രായം. വീട്ടാവശ്യത്തിനുപോലും ശുദ്ധജലം തികയാതെവരുമ്പോൾ കന്നുകാലികളുടെ പരിപാലനം ബുദ്ധിമുട്ടിലാകുമെന്നാണ് മലയോര കർഷകരുടെ വിലയിരുത്തൽ. കഴിഞ്ഞവർഷം പ്രതിദിന ഉൽപാദനത്തിൽ 14.12 ശതമാനം വർധന നേടിയ ജില്ലയിലെ 206 പാൽ സൊസൈറ്റികളിലും പാൽ വരവിൽ ഗണ്യമായ കുറവുണ്ട്. തമിഴ്നാട്ടിൽനിന്നുള്ള വൈക്കോൽ വരവ് ഗണ്യമായി കുറഞ്ഞതും പ്രതിസന്ധിക്ക് ഇടയാക്കി. നേരത്തേ രണ്ടാംവിളയുടെ ഭാഗമായി തദ്ദേശീയമായി ഉൽപാദിപ്പിക്കുന്ന വൈക്കോലുകൾ ജില്ലയിലെ ആവശ്യത്തിന് ഏറെ ഉപകരിച്ചിരുന്നു. എന്നാൽ, ഇത്തവണ തുലാവർഷം ചതിച്ചതോടെ കർഷകർ രണ്ടാംവിള ഉപേക്ഷിച്ച നിലയിലാണ്. ക്ഷാമത്തെ തുടർന്ന് വൈക്കോലിെൻറ വിലയിൽ വർധനയുണ്ട്. വരൾച്ച തീറ്റപ്പുൽ കൃഷിയെയും സാരമായി ബാധിച്ചിട്ടുണ്ട്. വരൾച്ച കാരണം ക്ഷീരവകുപ്പിെൻറ ജില്ലയിലെ മൂന്ന് ഡിവിഷനുകളിൽ മാത്രം നശിച്ചത് 6.50 ഹെക്ടർ തീറ്റപ്പുൽ കൃഷിയാണ്. പ്രതിസന്ധി രൂക്ഷമായതോടെ കൃഷിക്കാർ കന്നുകാലികളെ വിൽക്കാനൊരുങ്ങുകയാണ്. മലയോരത്ത് 70ഓളം കന്നുകാലികളെ വിറ്റതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.