പീരുമേട്: സ്കൂളുകളിൽ അധ്യയനം ആരംഭിച്ചതോടെ വിദ്യാർഥികൾക്ക് ദുരിതയാത്രക്കും തുടക്കമായി. സ്വകാര്യ ബസുകളിൽ വിദ്യാർഥികളെ കയറ്റാതിരിക്കുക, സ്റ്റോപ്പുകളിൽനിന്ന് മാറ്റിനിർത്തുക, അധികനിരക്ക് വാങ്ങുക എന്നിങ്ങനെയാണ് രീതികൾ. കുട്ടിക്കാനം-മുണ്ടക്കയം റൂട്ടിലാണ് എറെ യാത്രദുരിതം. ഈ ദൂരത്തിനിടെ 14 സ്റ്റോപ്പാണുള്ളത്. ആറ് ഫെയർ സ്റ്റേജും നിർണയിക്കപ്പെട്ടിരിക്കുന്നു. എന്നാൽ, മിക്ക ബസുകളും പെരുവന്താനം, മുറിഞ്ഞപുഴ എന്നീ രണ്ട് സ്റ്റോപ്പിൽ മാത്രമാണ് നിർത്തുന്നത്. പെരുവന്താനം പൊലീസ് സ്റ്റേഷനു മുന്നിലെ സ്റ്റോപ്പിൽപോലും ബസുകൾ മാറ്റിനിർത്തുന്നതും കുട്ടികൾ ഓടി എത്തുമ്പോൾ വിട്ടുപോകുന്നതും പതിവ് കാഴ്ചയാണ്. ചില ബസിൽ കുട്ടികൾക്ക് സീറ്റിൽ ഇരിക്കാനും അനുവാദമില്ല. ടിക്കറ്റിെൻറ പകുതി ചാർജ് നൽകുന്നവരെ മാത്രമേ ഇരിക്കാൻ അനുവദിക്കുകയുള്ളൂ. കെ.എസ്.ആർ.ടി.സി ബസുകളിൽ കൺസഷൻ കാർഡ് നൽകിയിട്ടുണ്ടെങ്കിലും നാമമാത്രമായ വിദ്യാർഥികൾക്കാണ് ലഭിക്കുന്നത്. കുമളി ഡിപ്പോയിൽനിന്ന് 600 കാർഡുകളാണ് വിതരണം ചെയ്യുന്നത്. ഇവിടെ നിന്ന് 1500 കാർഡുകൾ വിതരണം ചെയ്താൽ യാത്രക്ലേശം പരിഹരിക്കാൻ സാധിക്കുമെന്ന് വിദ്യാർഥികൾ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന പീരുമേട്, കുട്ടിക്കാനം, പെരുവന്താനം, മുപ്പത്തി അഞ്ചാംമൈൽ തുടങ്ങിയ സ്ഥലങ്ങളിൽ വൈകീട്ട് മൂന്ന് മുതൽ പൊലീസിെൻറ സേവനം ലഭ്യമായാൽ ബസുകൾ നിർത്താതെ പോകുന്നത് തടയാൻ സാധിക്കും. ഫാസ്റ്റ് പെർമിറ്റ് നഷ്ടപ്പെട്ടതിനുശേഷം ഓർഡിനറിയായി മാറിയ സ്വകാര്യ ബസുകൾ വിദ്യാർഥികളെ കയറ്റാനും മടിക്കുന്നു. ദുരിതയാത്ര അവസാനിപ്പിക്കാൻ പൊലീസ്, മോട്ടോർ വാഹന വകുപ്പുകൾ ഇടപെടണമെന്ന് വിദ്യാർഥികൾ ആവശ്യപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.