െതാടുപുഴ: ജില്ലയിൽ വിവിധ ഇടങ്ങളിലായി കൊതുക് വളരുന്നതിനു സാഹചര്യം സൃഷ്ടിച്ച ആയിരത്തോളം പേർക്ക് നോട്ടീസ് നൽകി. തുടർപരിശോധനയിലും സമാന സാഹചര്യം നിലനിൽക്കുന്നതായി കണ്ടാൽ അവർക്കെതിരെ കേസെടുക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ പറഞ്ഞു. കൊതുക് വളർച്ചക്ക് സാഹചര്യം സൃഷ്ടിക്കുന്നവർക്ക് 24 മണിക്കൂർ സമയപരിധിയാണ് നിശ്ചയിച്ചിരിക്കുന്നത്. അതേസമയം, തൊടുപുഴയിൽ കൊതുകിെൻറ സാന്ദ്രത കുറക്കുന്നതിനായി ആരോഗ്യവകുപ്പ് നടത്തിവരുന്ന ഫോഗിങ് പ്രവർത്തനം പുനരാരംഭിച്ചു. കൊതുകിെൻറ സാന്ദ്രത പഠനത്തിൽ, സാന്ദ്രത കൂടിയ പ്രദേശങ്ങളും പനി കൂടുതലായി റിപ്പോർട്ട് ചെയ്യുന്ന പ്രദേശങ്ങളും തെരഞ്ഞെടുത്താണ് ഫോഗിങ്. ബുധനാഴ്ച പഴുക്കാകുളം, എട്ടിന് ചന്തക്കുന്ന്, ഒമ്പതിന് കാഞ്ഞിരമറ്റം എന്നിവിടങ്ങളിൽ ഫോഗിങ് നടത്തും. ഇതിനിടെ തൊടുപുഴക്ക് സമീപം വെങ്ങല്ലൂരിൽ വീട്ടമ്മക്ക് മലമ്പനി സ്ഥിരീകരിച്ചു. ഒഡിഷ സന്ദർശിച്ച് മടങ്ങിയെത്തിയ വീട്ടമ്മക്കാണ് മലമ്പനി പിടിപെട്ടത്. ഇതോടെ ഇൗ വർഷം മലമ്പനി ബാധിച്ചവരുടെ എണ്ണം ആറായി. തൊടുപുഴ മുനിസിപ്പൽ നാലാം വാർഡിലെ താമസക്കാരിയായ ഇവർക്ക് മുമ്പ് ഒഡിഷയിൽവെച്ച് മലമ്പനി പിടിപെട്ടിരുന്നു. അവിടെ ചികിത്സ തേടി അസുഖം ഭേദമാക്കിയാണ് മടങ്ങിയത്. നാട്ടിലെത്തി നാളുകൾക്കു ശേഷം വീണ്ടും അസുഖബാധിതയാകുകയായിരുന്നു. തൊടുപുഴക്ക് സമീപത്തെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലാണ് ഇവർ ചികിത്സ തേടിയത്. ഇവിടെ നടത്തിയ പരിശോധനയിലാണ് മലമ്പനിയാണെന്ന സംശയം ഉയർന്നത്. തുടർന്ന് ആശുപത്രി അധികൃതർ ആരോഗ്യവകുപ്പിനെ വിവരം ധരിപ്പിച്ചു. തുടർന്നാണ് രോഗം സ്ഥിരീകരിച്ചത്. വീട്ടമ്മ താമസിക്കുന്ന സ്ഥലത്തിനു സമീപം മലമ്പനി പരത്തുന്ന ‘അനോഫിലസ്’ കൊതുകുകളെ കണ്ടെത്തിയിട്ടുണ്ട്. സ്ഥലത്ത് ആരോഗ്യവകുപ്പ് നേതൃത്വത്തിൽ ഉറവിട നശീകരണമടക്കമുള്ള പ്രതിരോധപ്രവർത്തനങ്ങളും നടത്തി. വീട്ടമ്മയുടെ കുടുംബാംഗങ്ങളുടെ രക്തസാമ്പിളുകൾ പരിശോധിച്ചെങ്കിലും ആർക്കും രോഗം കണ്ടെത്തിയിട്ടില്ല. സമീപവാസികളുടെ രക്തസാമ്പിളുകളും വരുംദിവസങ്ങളിൽ പരിശോധിക്കുമെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. മലമ്പനി പരത്തുന്ന അനോഫിലസ് കൊതുകിെൻറ സാന്നിധ്യം പരിശോധിക്കാൻ ജില്ല വെക്ടർ കൺേട്രാൾ യൂനിറ്റിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തൊടുപുഴയിലെ ജില്ല ആശുപത്രി സൂപ്രണ്ട് ഡോ. ഉമാദേവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.