തൊടുപുഴ: വിലക്കയറ്റത്തിൽ വിപണി പൊള്ളുന്നു. അരിയടക്കം മിക്ക നിത്യോപയോഗ സാധനങ്ങൾക്കും വില കുതിക്കുകയാണ്. എല്ലാത്തരം അരിക്കും വില വർധിച്ചിട്ടുണ്ട്. 48 മുതൽ 50 വരെയായാണ് അരി വില ഉയർന്നിരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ നാലുരൂപ വരെ വർധനയുണ്ട്. 47 രൂപക്ക് വിറ്റിരുന്ന മട്ട, വടി അരികൾ 52 രൂപക്കാണ് വിൽപന. 49.50 രൂപയാണ് മൊത്ത വില. ജയ, സുരേഖ തുടങ്ങിയ അരികൾക്കും രണ്ട് രൂപയോളം വർധിച്ചു. കർണാടക, ആന്ധ്ര തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് നെല്ല് ലഭിക്കുന്നത് കുറഞ്ഞതാണ് അരി വില ഉയരാൻ കാരണമെന്ന് മില്ല് ഉടമകൾ പറയുന്നു. ഇതുകൂടാതെ പച്ചരി വിലയിലും മൂന്ന് രൂപയുടെ വർധനയുണ്ടായി. ഉള്ളി വില 100 കടന്നിട്ട് ദിവസങ്ങളായി. കഴിഞ്ഞ ആഴ്ചവരെ ഒരു കിലോ ബീഫിന് 280 രൂപയുണ്ടായിരുന്നത് 300, 310 രൂപയിലേക്കെത്തി. രണ്ട് ദിവസംകൊണ്ട് 30 രൂപയോളം വർധന. ആവശ്യക്കാർ ഏറിയതും വരവു കുറഞ്ഞതുമാണ് വില വർധനക്ക് കാരണം. ഇറച്ചിക്കോഴി വിലയും കുതിക്കുകയാണ്. 40 രൂപയിലേറെ വർധനയാണ് രണ്ടാഴ്ചക്കിടെ ഉണ്ടായത്. വെള്ളിയാഴ്ച ഇറച്ചിക്കോഴിയുടെ വിപണി വില കിലോക്ക് 140 രൂപയായിരുന്നു. മട്ടന് വില 500ൽ എത്തിനിൽക്കുന്നു. എന്നാൽ, ലഭ്യതക്കുറവും ഉയർന്ന വിലയും മൂലം പലരും ആട്ടിറച്ചി ഉപേക്ഷിക്കുകയാണ്. മാംസവിപണിയിൽ വില കുതിച്ചുയർന്നതോടെ ഇറച്ചിവിഭവങ്ങൾക്ക് വില കൂട്ടേണ്ട അവസ്ഥയാണെന്ന് ഹോട്ടലുടമകൾ പറയുന്നു. ജില്ലയിലേക്ക് ഏറ്റവുമധികം കന്നുകാലികളെത്തുന്ന തമിഴ്നാട്ടിൽനിന്നുള്ള കാലിവരവിൽ ഇടിവുണ്ടായതായി വ്യാപാരികൾ പറയുന്നു. വരുംദിവസങ്ങളിൽ കാലിവരവ് നിലക്കുമെന്നാണ് കരുതുന്നത്. ഇതോടെ ബീഫിന് വില ഇനിയും ഉയരുമെന്നാണ് ഇവർ പറയുന്നത്. ദിവസേന കശാപ്പു നടത്തിയിരുന്ന പലരും ആഴ്ചയിലേക്ക് കശാപ്പ് മാറ്റി. വിലക്കയറ്റത്തിനൊപ്പം പകർച്ചപ്പനിയടക്കം വ്യാധികൾകൂടി പിടിപെട്ടതോടെ സാധാരണക്കാർ കടുത്ത പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ്. സർക്കാർ സംവിധാനങ്ങൾ ഉണർന്ന് പ്രവർത്തിച്ചാൽ പ്രശ്നത്തിന് പരിഹാരം കാണാൻ കഴിയുമെന്നും വീട്ടമ്മമാർ അടക്കം ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.