വണ്ടിപ്പെരിയാർ: പഞ്ചായത്തിലെ തോട്ടം മേഖലയിൽ ഡെങ്കിപ്പനി വ്യാപകമാകുന്നു. പെരിയാർ സാമൂഹിക ആരോഗ്യ കേന്ദ്രത്തിൽ മാത്രം ഒരാഴ്ചക്കകം പത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. സ്വകാര്യ ആശുപത്രികളിൽ ചികിത്സ തേടുന്നവർക്ക് പുറമെയാണിത്. തോട്ടം തൊഴിലാളികൾക്ക് ശുദ്ധീകരിക്കാത്ത കുടിവെള്ളം വിതരണം ചെയ്തതാണ് പലതരത്തിലുള്ള രോഗങ്ങൾ പടരാൻ കാരണമായി കണ്ടെത്തിയിരിക്കുന്നത്. വാളാർഡി എസ്റ്റേറ്റിൽ അഞ്ച്, ഇഞ്ചിക്കാട് ആറ്റോരം മൂന്ന്, പെരിയാർ ടൗൺ വള്ളക്കടവ് എന്നിവിടങ്ങളിൽ ഒരോന്നും വിതമാണ് പനി ബാധിച്ചവരുടെ എണ്ണം. എസ്റ്റേറ്റുകളിലെ ടാങ്കുകളിൽ വെള്ളം ശേഖരിച്ച ശേഷമാണ് തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നത്. എന്നാൽ, ഈ ടാങ്കുകൾ മാസങ്ങളായി ശുചീകരിക്കാത്ത നിലയിലാണ്. കൊതുകുകളും കൂത്താടികളും വർധിക്കാൻ ഇത് കാരണമായതായും ആരോഗ്യ വകുപ്പ് അധികൃതർ പറഞ്ഞു. തൊഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് ലയങ്ങളുടെ പരിസര പ്രദേശങ്ങളും വൃത്തിഹീനമായ നിലയിലാണ്. ശുചീകരണ പ്രവർത്തനങ്ങളിൽ എസ്റേറ്റ് അധികൃതർ കടുത്ത അലംഭാവമാണ് കാണിക്കുന്നതെന്നും ആക്ഷേപം ഉയർന്നിട്ടുണ്ട്. മഴക്കാലം ആരംഭിച്ച് ഒരാഴ്ച മാത്രം പിന്നിടുമ്പോൾ പനി ബാധിതരുടെ എണ്ണം വർധിച്ചത് ആശങ്കക്കിടയാക്കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.