കട്ടപ്പന: ഭരണഘടന ശിൽപി ഡോ. ബി.ആർ. അംബേദ്കറുടെ ചിത്രമുള്ള പതാക കത്തിച്ച് കൊടിമരം തകർത്ത സംഭവത്തിൽ അന്വേഷണത്തിന് കോടതി ഉത്തരവ്. ചേരമർ സാംബവ പട്ടികജാതി പട്ടികവർഗ ഓർഗനൈസേഷൻ ജില്ല സെക്രട്ടറി വി.കെ. ഷാജി ഇടുക്കി ജില്ല കോടതിയിൽ നൽകിയ പരാതി ഫയലിൽ സ്വീകരിച്ചാണ് ഉത്തരവ്.പോപ്സൺ ഗ്രൂപ്പിെൻറ വെടിക്കുഴി ഗ്രാമ്പി എസ്റ്റേറ്റിൽ ഏപ്രിൽ 14നാണ് പരാതിക്കിടയാക്കിയ സംഭവം. അംബേദ്കർ ജന്മദിനാഘോഷത്തിെൻറ ഭാഗമായി എസ്റ്റേറ്റിൽ സ്ഥാപിച്ച കൊടിമരത്തിൽ പതാക ഉയർത്താറുണ്ടായിരുന്നു. സംഭവദിവസം രാവിലെ എട്ടിന് പ്രവർത്തകർ കൊടിമരത്തിൽ അംബേദ്കറുടെ ചിത്രമുള്ള പതാക ഉയർത്താനെത്തി. ഈസമയം മാനേജ്മെൻറ് പ്രതിനിധികളായ ചിലരുടെയും മറ്റും നേതൃത്വത്തിൽ ഒരുസംഘം ആളുകളെത്തി കൊടി ഉയർത്താനെത്തിയവരെ തടഞ്ഞ് പതാക പിടിച്ചുവാങ്ങി കത്തിക്കുകയായിരുന്നു. തുടർന്ന് കൊടിമരം പിഴുത് നശിപ്പിക്കുകയും ചെയ്തു. കുറ്റക്കാർക്കെതിരെ നടപടി ആവശ്യപ്പെട്ട് ദലിത് സംഘടന വണ്ടിപ്പെരിയാർ പൊലീസ് സ്റ്റേഷനിലും കട്ടപ്പന ഡിവൈ.എസ്.പിക്കും പരാതി നൽകിയെങ്കിലും പൊലീസ് നടപടി സ്വീകരിച്ചില്ലെന്നാണ് ഷാജിയുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.