ചെറുതോണി: മുൻഗണനയനുസരിച്ച് കിട്ടേണ്ട എഴുപതിനായിരത്തോളം പട്ടയ അപേക്ഷ ജില്ലയിലെ വിവിധ ഓഫിസുകളിൽ കെട്ടിക്കിടക്കുന്നു. 1964ലെ ഭൂമിപതിവ് ചട്ടപ്രകാരം ഉപാധിരഹിത പട്ടയത്തിന് അർഹമായ അപേക്ഷകളാണ് തീർപ്പാകാതെകിടക്കുന്നത്. 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ ചട്ടപ്രകാരം നൽകിയ അപേക്ഷകളിലാണ് ഇപ്പോൾ പട്ടയവിതരണം നടന്നതിൽ ഏറെയും. 2010ൽ പട്ടയത്തിന് അപേക്ഷ ക്ഷണിച്ചപ്പോൾ ഒരു ലക്ഷത്തിലധികം പേരാണ് നൽകിയത്. 1964ലെ ഭൂമിപതിവ് ചട്ടപ്രകാരം കുടിയേറിയ കർഷകന് നാലേക്കർ ഭൂമിവരെ നൽകാം. 1985വരെ താലൂക്ക് ഓഫിസുകൾ വഴി ഇങ്ങനെ പട്ടയം വിതരണം ചെയ്തിട്ടുണ്ട്. 1980ൽ കേന്ദ്രസർക്കാർ വനനിയമം കൊണ്ടുവന്നതോടെ തുടർന്നുള്ള പട്ടയവിതരണം നിയമത്തിെൻറ നൂലാമാലകളിൽ കുടുങ്ങി. രണ്ടുതരം അപേക്ഷഫോറമാണ് അന്ന് വിതരണം ചെയ്തത്. 1977 ജനുവരി ഒന്നിനുമുമ്പ് കുടിയേറിയവർ 1964ലെ ഭൂമിപതിവ് ചട്ടപ്രകാരമുള്ള ഫോറത്തിലും 1977നുശേഷം കുടിയേറിയവർ 1993ലെ വനഭൂമി കുടിയേറ്റം ക്രമീകരിക്കൽ പ്രത്യേക ചട്ടപ്രകാരമുള്ള ഫോറത്തിലുമാണ് അപേക്ഷ നൽകിയത്. വനഭൂമിക്കടുത്ത പ്രദേശത്ത് താമസമാക്കിയവർക്കാണ് കുടിയേറ്റം ക്രമീകരിക്കൽ ബാധകമാവുക. അതേസമയം, അധിക ഭക്ഷ്യോൽപാദന പദ്ധതിപ്രകാരം കുടിയിരുത്തിയ സ്ഥലം, ഉപേക്ഷിക്കപ്പെട്ട പദ്ധതി പ്രദേശം, 10 ചെയിൻ മേഖല, 1977നുമുമ്പത്തെ കൃഷിഭൂമി എന്നിവിടങ്ങളിലെല്ലാം താമസിക്കുന്നവർക്ക് 1964ലെ ഭൂമിപതിവ് ചട്ടപ്രകാരം പട്ടയം നൽകേണ്ടതാണ്. ഇവരുടെ അപേക്ഷയാണ് തീരുമാനമെടുക്കാതെ കെട്ടിക്കിടക്കുന്നത്. സി.എച്ച്.ആറിലെ പട്ടയനിയമം ചോദ്യംചെയ്ത് പരിസ്ഥിതി സംഘടന നൽകിയ ഹരജി ഹൈകോടതിയിലും അവിടെനിന്ന് സുപ്രീംകോടതിയിലേക്കും നീണ്ടു. തുടർന്ന് 1964ലെ വ്യവസ്ഥപ്രകാരം പട്ടയം നൽകാൻ തടസ്സമില്ലെന്നിരിക്കെ അനാവശ്യ നിയമഭേദഗതികൾ സർക്കാർ കൊണ്ടുവന്നു. 2005ൽ യു.ഡി.എഫും 2009ൽ എൽ.ഡി.എഫും 1964ലെ നിയമത്തിൽ അനാവശ്യ ദേതഗതികൾ വരുത്തി. 2005ൽ റവന്യൂ മന്ത്രി കെ.എം. മാണി പട്ടയം നൽകാൻ കഴിയുന്ന സ്ഥലത്തിെൻറ അളവ് നാല് ഏക്കറിൽനിന്ന് ഒരു ഏക്കറായി വെട്ടിക്കുറച്ചു. പട്ടയം നൽകുന്ന സ്ഥലം 25 വർഷത്തേക്ക് കൈമാറ്റം ചെയ്യാൻ പാടില്ലെന്ന വ്യവസ്ഥയാണ് 2009ലെ സർക്കാർ കൊണ്ടുവന്നത്. അതിനിടെ, സി.എച്ച്.ആർ വിഷയത്തിൽ 2009ൽ കർക്ഷകർക്ക് അനുകൂല കോടതി വിധി വന്നു. ഇതോടെയാണ് പട്ടയത്തിന് പുതുതായി അപേക്ഷ സ്വീകരിക്കാൻ തുടങ്ങിയത്. ഇങ്ങനെ വാങ്ങിയവയാണ് കെട്ടിക്കിടക്കുന്നത്. ഇതുവരെ 1964ലെ ചട്ടപ്രകാരം ആയിരത്തിൽ താഴെ മാത്രം പട്ടയമാണ് നൽകിയത്. ആയുഷ്കാലം മുഴുവൻ പട്ടയത്തിനായി കാത്തിരുന്നവർ ഇപ്പോഴും സർക്കാർ ഓഫിസുകൾ കയറിയിറങ്ങുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.