ചെറുതോണി: പഠിക്കാൻ സമർഥരായ പട്ടികജാതി–വർഗക്കാരായ കുട്ടികളെ കണ്ടെത്തി സഹായിക്കാൻ ജില്ല പഞ്ചായത്ത് തയാറാക്കിയ ലിസ്റ്റ് ഉപേക്ഷിച്ചു. അർഹരായ വിദ്യാർഥികളെ ഒഴിവാക്കി അനർഹരെ ഉൾപ്പെടുത്തണമെന്ന ഒരു ഡിവിഷൻ മെംബറുടെ പിടിവാശിമൂലമാണ് ലിസ്റ്റ് പിൻവലിച്ചത്. ജില്ല പഞ്ചായത്ത് അഞ്ചുമുതൽ പത്തുവരെ ക്ലാസുകളിൽ പഠിക്കുന്ന സമർഥരായ കുട്ടികൾക്ക് മികച്ച വിദ്യാഭ്യാസം നൽകാൻ വർഷന്തോറും ഒരുകോടി രൂപയാണ് െചലവഴിക്കുന്നത്. ഈ പദ്ധതിയനുസരിച്ച് ക്ലാസ് ആരംഭിക്കുന്ന ജൂൺ ഒന്നിന് 23 കുട്ടികളെയാണ് അഞ്ചാം ക്ലാസിലേക്ക് തെരഞ്ഞെടുക്കേണ്ടത്. മുൻ ഭരണസമിതി അർഹതയുള്ള കുട്ടികളെ തഴഞ്ഞ് രാഷ്ട്രീയക്കാരുടെയും ബന്ധുക്കളുടെയും കുട്ടികളെ പദ്ധതിയിൽെപടുത്തിയിരുന്നു. ഇവരിൽ പലരും പഠനം പാതിവഴിയിൽ ഉപേക്ഷിക്കുകയും ജില്ല പഞ്ചായത്തിന് നഷ്ടം വരുത്തുകയും ചെയ്തു. ഈ ക്രമക്കേട് കഴിഞ്ഞവർഷങ്ങളിൽ ഓഡിറ്റ് വിഭാഗം കണ്ടെത്തി വിയോജനക്കുറിപ്പ് എഴുതിയിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിൽ മാർക്ക് അനുസരിച്ച് ഇപ്പോഴത്തെ സെക്രട്ടറി ജൂൺ ഒന്നിന് അഞ്ചാം ക്ലാസിൽ പഠനമാരംഭിക്കേണ്ട 23 പേരുടെ ലിസ്റ്റ് തയാറാക്കി. ഇൻറർവ്യൂ ബോർഡിലുണ്ടായിരുന്ന 16 പേരിൽ 15 പേരും അംഗീകരിച്ചു. എന്നാൽ, തോട്ടം മേഖലയിലെ ഒരു ഡിവിഷൻ മെംബർ ഇഷ്ടക്കാരായ എട്ട് കുട്ടികളുടെ ലിസ്റ്റുമായി എത്തി ഇവരെ ഉൾപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. പരിശോധനയിൽ ഇവരിൽ യോഗ്യർ രണ്ടുപേർ മാത്രമാണെന്ന് കണ്ടെത്തി. ബാക്കിയുള്ളവരെ ഒഴിവാക്കിയ നടപടി മെംബറെ ചൊടിപ്പിച്ചു. ഇതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം. പുതിയ ലിസ്റ്റിൽനിന്ന് അർഹതയുള്ള ആറ് കുട്ടികളെ ഒഴിവാക്കി അനർഹരെ തിരുകിക്കയറ്റുന്നതിനെ പഞ്ചായത്ത് സെക്രട്ടറി എതിർത്തു. തുടർന്ന് സെക്രട്ടറിക്കെതിരെ ശകാരവർഷവുമായെത്തിയ ഡിവിഷൻ മെംബർ കോടതി കയറ്റുമെന്ന് ഭീഷണിപ്പെടുത്തുകയും െചയ്തു. ഇതോടെ തയാറാക്കിയ കുട്ടികളുടെ ലിസ്റ്റ് സെക്രട്ടറി പിൻവലിക്കുകയും വിഷയം അടുത്ത ഒമ്പതിന് ചേരുന്ന ജില്ല പഞ്ചായത്ത് കമ്മിറ്റിയിലേക്ക് മാറ്റുകയും ചെയ്തു. സെക്രട്ടറി ഇതുസംബന്ധിച്ച് കൂടുതൽ നിയമോപദേശം സർക്കാറിൽനിന്ന് തേടിയിട്ടുണ്ട്. ജൂൺ ഒന്നുമുതൽ അഞ്ചാം ക്ലാസിൽ ഇൗ പദ്ധതി പ്രകാരം പഠനമാരംഭിക്കേണ്ട സമർഥരായ 23 കുട്ടികളുടെ ഭാവി ഇതോടെ അനിശ്ചിതത്വത്തിലായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.