തൊടുപുഴ: ഇടവേളക്കുശേഷം ഇടുക്കി വഴി വീണ്ടും കഞ്ചാവ് കടത്ത് വ്യാപകം. ജനുവരി ഒന്നുമുതല്‍ 27 വരെ 41 കേസുകളിലായി വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ പിടിയിലായത് 46 പ്രതികള്‍. ആറര കിലോയിലധികം കഞ്ചാവും എക്സൈസ് ഇവരില്‍നിന്ന് പിടിച്ചെടുത്തു. യുവാക്കളെയും വിദ്യാര്‍ഥികളെയും കണ്ണിചേര്‍ത്തുള്ള കടത്തിനുപിന്നില്‍ വന്‍ മാഫിയയാണ് പ്രവര്‍ത്തിക്കുന്നതെങ്കിലും പിടിയിലാകുന്നവര്‍ വിരലിലെണ്ണാവുന്നവര്‍ മാത്രം. ഇതോടെ അന്വേഷണം അവസാനിപ്പിക്കുന്ന സാഹചര്യവും നിലനില്‍ക്കുന്നു. കുമളി, കമ്പംമെട്ട്, വണ്ടിപ്പെരിയാര്‍ എന്നിവിടങ്ങളില്‍ നിന്ന് ഒരാഴ്ചക്കിടെ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ ഒമ്പത് പേരെയാണ് പിടികൂടിയത്. പിടിയിലാകുന്ന വിദ്യാര്‍ഥികളെ വീണ്ടും കടത്തിന് ഉപയോഗിക്കുന്നതായാണ് വിവരം. നേരത്തേ കിലോ ക്കണക്കിനാണ് കഞ്ചാവ് കടത്തിയതെങ്കില്‍ ഇപ്പോള്‍ അളവ് കുറച്ചു. എളുപ്പം കേസില്‍നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണിതെന്നാണ് എക്സൈസ് നിഗമനം. കഞ്ചാവ് കേസുകളില്‍ കുട്ടികള്‍ക്ക് ശിക്ഷ കുറവാണെന്നതിനാലാണ് അവരെ വ്യാപകമായി ഉപയോഗിക്കുന്നത്. പ്രതിഫലമായി ആഡംബര ബൈക്കുകളും മറ്റും നല്‍കുന്നതായും വിവരമുണ്ട്. ഒഡിഷ, ആന്ധ്ര എന്നിവിടങ്ങളില്‍ മലയാളികള്‍ ഉള്‍പ്പെടെ കഞ്ചാവ് കൃഷി വ്യാപകമായി നടത്തുന്നതായി രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം ലഭിച്ചു. തമിഴ്നാട് വരെ കഞ്ചാവ് എത്തിച്ചിട്ട് അവിടെനിന്ന് യുവാക്കളെ ഉപയോഗിച്ച് കടത്തുകയാണ് ഇപ്പോഴത്തെ രീതി. കടത്തിനുമുമ്പ് റൂട്ടുകള്‍ കൃത്യമായി നോക്കിവെക്കും. പരിശോധന കര്‍ക്കശമായ സ്ഥലങ്ങള്‍ മറികടക്കാനുള്ള ഊടുവഴികള്‍ ഇവര്‍ക്കറിയാം. ചിലപ്പോള്‍ ചെക്ക് പോസ്റ്റുകളില്‍ വരാതെ ഊടുവഴികളിലൂടെ കേരളത്തിലത്തെിയ ശേഷം അവിടെനിന്ന് ബൈക്കിലാകും യാത്ര. സൂചനകള്‍ ലഭിച്ച് അന്വേഷണത്തിന് ശ്രമിച്ചാലും തമിഴ്നാട് പൊലീസ് ഇതിനോട് സഹകരിക്കാറില്ലത്രേ. ശരാശരി 22-23 വയസ്സായ യുവാക്കളെയാണ് ഇതില്‍ കണ്ണിചേര്‍ക്കുന്നത്. യുവാക്കളെ മയക്കുമരുന്നിന് അടിമകളാക്കിയാണ് പലപ്പോഴും ‘കാരിയര്‍’മാരാക്കുന്നത്. കമ്പംമെട്ട്, കുമളി വഴിയാണ് കേരളത്തിലേക്ക് കഞ്ചാവ് കടക്കുന്നത്. ബൈക്കുകളില്‍ പാഞ്ഞുവരുന്ന ഇത്തരക്കാര്‍ക്കുനേരെ കൈകാണിച്ചാല്‍ നിര്‍ത്താതെ പോവുകയാണ് പതിവ്. ചോറ്റുപാത്രം, മൊബൈല്‍ഫോണ്‍, കാന്തം എന്നിവ ഉപയോഗിച്ചുള്ള നൂതന രീതികളാണ് ഇവര്‍ പരീക്ഷിക്കുന്നത്. വെള്ളിയാഴ്ച ബസിന്‍െറ സീറ്റിനടിയില്‍ കാന്തം പിടിപ്പിച്ച ശേഷം അതിനിടയില്‍ കഞ്ചാവ് വെച്ച് കടത്താന്‍ ശ്രമിച്ചവരെ പിടികൂടിയിരുന്നു. അടുത്തിടെ പിടിയിലായവരില്‍ ഭൂരിഭാഗം പേരും സ്കൂളുകള്‍ കേന്ദ്രീകരിച്ച് വില്‍പനക്ക് കൊണ്ടുപോകുന്നെന്നാണ് എക്സൈസിനോട് സമ്മതിച്ചത്. കഞ്ചാവ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് സുരക്ഷിതമായി എത്തിക്കാനുള്ള വഴിയായും സ്കൂള്‍ കുട്ടികളെ ഉപയോഗിക്കുന്നു. കോളജുകളിലും കഞ്ചാവ് ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നുണ്ട്. ജില്ലയില്‍ കേസുകളില്‍ വര്‍ധനയുണ്ടായതായും വ്യാപക പരിശോധന പൊലീസും എക്സൈസും രഹസ്യാന്വേഷണ വിഭാഗവും നടത്തുന്നുണ്ടെന്നും ജില്ല പൊലീസ് മേധാവി കെ.ബി. വേണുഗോപാല്‍ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.