അറവുമാടുകളെ കടത്തുന്നത് ഊടുവഴികളിലൂടെ

തൊടുപുഴ: പരിശോധനകളില്ലാതെ തമിഴ്നാട്ടില്‍നിന്ന് അറവുമാടുകളെ ജില്ലയിലേക്ക് കടത്തുന്നു. അധികൃതരുടെ കണ്ണുവെട്ടിച്ച് ചെക്ക് പോസ്റ്റിന് സമീപമുള്ള ഊടുവഴികളിലൂടെയാണ് കടത്തുന്നത്. മൃഗസംരക്ഷണ വകുപ്പിന് തടയാന്‍ കഴിയുന്നില്ല. ലോറികളിലും പെട്ടി ഓട്ടോകളിലും നിറച്ച മാടുകളെ രാത്രിയാണ് നേരത്തേ കടത്തിയിരുന്നെങ്കില്‍ ഇപ്പോള്‍ പകലും വാഹനങ്ങളില്‍ കുത്തിനിറച്ചനിലയില്‍ കൊണ്ടുപോകുന്നു. ഇവിടെനിന്ന് കേരളത്തിന്‍െറ മറ്റ് സ്ഥലങ്ങളിലേക്ക് എത്തിക്കുന്നതായും വിവരമുണ്ട്. കഴിഞ്ഞദിവസം തമിഴ്നാട്ടില്‍നിന്ന് അറവുമാടുകളെ പട്ടാപ്പകല്‍ കുത്തിനിറച്ച് കൊണ്ടുവന്നിട്ടും അധികൃതര്‍ നടപടിയെടുത്തില്ല. 15 മാടുകളെ വരെയാണ് ഒരുവാഹനത്തില്‍ കൊണ്ടുപോകുന്നത്. മാടുകളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഉള്ളപ്പോഴാണ് മൃഗപീഡനം അരങ്ങേറുന്നത്. ചെക്ക് പോസ്റ്റുകളില്‍ കൃത്യമായ പരിശോധനകളും കുത്തിവെപ്പുകളും നടത്തുന്നുണ്ടെന്നും ഊടുവഴികളിലൂടെ എത്തുന്നതാണ് പ്രശ്നങ്ങള്‍ക്ക് കാരണമെന്നും മൃഗസംരക്ഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുടിവെള്ളവും പുല്ലും വാഹനത്തില്‍ കരുതണമെന്നും പിക്-അപ് വാനില്‍ മൂന്ന് മാടുകളെ കയറ്റണമെന്നും നിയമമുള്ളപ്പോഴാണ് ഇത്തരം അനധികൃത കടത്ത്. തമിഴ്നാട്ടില്‍നിന്ന് മാടുകളെ അതിര്‍ത്തി പ്രദേശങ്ങളില്‍ എത്തിക്കുകയും അവിടെനിന്ന് പരിശോധന ഒഴിവാക്കി രഹസ്യ പാതകളിലൂടെ ഇടുക്കി വഴി കടത്തുകയാണ് ചെയ്യുന്നത്. ഇതിനായി കേരളത്തിലെ ഏജന്‍റുമാര്‍ അതിര്‍ത്തിയില്‍ വെച്ച് കച്ചവടം ഉറപ്പിക്കും. തമിഴ്നാട്ടില്‍നിന്ന് എത്തിക്കുന്ന മാടുകളില്‍ രോഗം ബാധിച്ചവ ഉണ്ടെന്നും ചെക്ക് പോസ്റ്റുകളില്‍ ശരിയായ പരിശോധന നടത്താതെയാണ് വാഹനങ്ങള്‍ കടത്തിവിടുന്നതെന്നും ആരോപണമുണ്ട്. ജില്ലയിലേക്ക് ഊടുവഴികളിലൂടെ മാടുകളെ കടത്തുന്നത് ശ്രദ്ധയില്‍പെട്ടതായും കര്‍ശന പരിശോധന നടത്തുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.