കാലാവസ്ഥ വ്യതിയാനവും ഉല്‍പാദന തകര്‍ച്ചയും: കര്‍ഷകര്‍ ദുരിതത്തില്‍

കട്ടപ്പന: കാലാവസ്ഥ വ്യതിയാനവും ഉല്‍പാദന തകര്‍ച്ചയും ജില്ലയിലെ കര്‍ഷകരുടെ ജീവിതം വഴിമുട്ടുന്നു. വായ്പയെടുത്തും കടം വാങ്ങിയും കൃഷിയിറക്കിയ കര്‍ഷകര്‍ക്ക് പ്രതീക്ഷിച്ച ഉല്‍പാദനത്തിന്‍െറ പകുതിപോലും ലഭിക്കാത്തതും വിളകള്‍ക്ക് മതിയായ വില ലഭിക്കാത്തതും കനത്ത തിരിച്ചടിയായി. ജില്ലയില്‍ ഇഞ്ചി കൃഷി മേഖലയില്‍ ഉണ്ടായ വിലത്തകര്‍ച്ച കര്‍ഷകരെ തളര്‍ത്തുന്നു. ഒരു കിലോ ഇഞ്ചിക്ക് നിലവില്‍ കമ്പോളത്തില്‍ 25 രൂപയാണ് ലഭിക്കുന്നത്. ചുക്കിനു കിലോക്ക് 120 മുതല്‍ 130വരെയാണ് വില. മുന്‍ കാലങ്ങളെ അപേക്ഷിച്ച് കനത്ത വിലത്തകര്‍ച്ചയാണിത്. പ്രധാന നാണ്യവിളകളുടെ വിലത്തകര്‍ച്ചയില്‍ നട്ടം തിരിയുന്ന കര്‍ഷകര്‍ക്ക് ഇത്തരം ഇടകൃഷികളായിരുന്നു ഏക ആശ്രയം. 120 രൂപയില്‍നിന്നാണ് ഇഞ്ചിയുടെ വില 55ല്‍ എത്തുകയും പിന്നീട് 30ലേക്ക് താഴുകയും ചെയ്തത്. ഇപ്പോള്‍ ഇഞ്ചി വ്യാപാരികള്‍ക്ക് വേണ്ടാത്ത അവസ്ഥയാണ്. കേന്ദ്ര സര്‍ക്കാറിന്‍െറ നോട്ട് നിരോധനം ഇഞ്ചി കാര്‍ഷിക മേഖലയെ സാരമായി ബാധിച്ചിട്ടുണ്ട്. ചുക്കിന്‍െറ വില 250 നിന്നാണ് ഇപ്പോള്‍ 130ആയി താഴ്ന്നത്. വിളവെടുപ്പ് കഴിഞ്ഞ ഉല്‍പന്നങ്ങള്‍ക്ക് പ്രതീക്ഷിച്ചതിന്‍െറ പകുതി പോലും വില ലഭിക്കാത്തതിനാല്‍ വിറ്റഴിക്കാന്‍ പോലുമാകാതെ സൂക്ഷിക്കുകയാണ് കര്‍ഷകര്‍. ഉണങ്ങി സൂക്ഷിച്ച ഇഞ്ചിക്കും വിലയില്ലാത്തതിനാല്‍ വില ഉയരുംവരെ സൂക്ഷിക്കുന്നതിനും കര്‍ഷകര്‍ക്ക് കഴിയുന്നില്ല. വില ഉയരുമെന്ന് പ്രതീക്ഷിച്ച് സൂക്ഷിച്ചുവെച്ച ചുക്കിനു പൂപ്പല്‍ ബാധിച്ചതായും കര്‍ഷകര്‍ പറയുന്നു. മേയ്, ജൂണ്‍ മാസങ്ങളിലാണ് ഇഞ്ചി പ്രധാനമായും നടുന്നത്. തുടക്കത്തില്‍ നല്ല മഴ ലഭിച്ചെങ്കില്‍ മാത്രമേ വിള മെച്ചമാകൂ. എന്നാല്‍, കഴിഞ്ഞ സീസണില്‍ കാലവര്‍ഷത്തിന്‍െറ തുടക്കത്തില്‍ ശക്തമായ മഴ ലഭിക്കാതിരുന്നത് ഇഞ്ചി കൃഷിയെ ദോഷകരമായി ബാധിച്ചു. മിക്കവര്‍ക്കും പ്രതീക്ഷിച്ചതിന്‍െറ പകുതി പോലും വിളവ് ലഭിച്ചില്ല. വളങ്ങള്‍ക്കും കീടനാശിനികള്‍ക്കും വില അനിയന്ത്രിതമായി ഉയര്‍ന്നതും തൊഴിലാളികളുടെ കൂലിയില്‍ ഉണ്ടായ വര്‍ധനയും കണക്കിലെടുത്താല്‍ കര്‍ഷകര്‍ക്ക് മുടക്കുമുതല്‍ പോലും ലഭിക്കാതായി. ഹൈറേഞ്ച് മേഖലയിലെ മിക്ക കര്‍ഷകരും പ്രധാന നാണ്യവിളകളോടോപ്പം ഇഞ്ചി കൃഷി ചെയ്യാറുള്ളതാണ്. എന്നാല്‍, ഈ ദു$സ്ഥിതി തുടരുന്നതിനാല്‍ പലരും കടക്കെണി ഭയന്ന് കൃഷി ഉപേക്ഷിക്കുകയാണ്. ഏറെ ഗുണമേന്മയുള്ള നാടന്‍ ഇഞ്ചിയിനങ്ങളാണ് ഇതോടെ ഇല്ലാതാകുന്നത്. മറ്റ് കൃഷി ലാഭകരമല്ലാതായയോടെ കര്‍ഷകര്‍ പപ്പായ കൃഷി പരീക്ഷിച്ചെങ്കിലും രോഗബാധ ഈ കൃഷിയെയും ഇല്ലാതാക്കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.