ഏത്തവാഴ കൃഷിക്ക് പുത്തനുണര്‍വ് നല്‍കി കാര്‍ഷിക കര്‍മസേന

രാജാക്കാട്: ഏത്തവാഴ കൃഷിക്ക് പുത്തനുണര്‍വേകി സേനാപതി പഞ്ചായത്തിലെ കാര്‍ഷിക കര്‍മസേന. ചെലവ് കുറഞ്ഞ രീതിയില്‍ ജൈവവളങ്ങള്‍ ഉപയോഗിച്ച് സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്ന പദ്ധതിപ്രകാരമാണ് കാര്‍ഷിക കര്‍മസേന നേതൃത്വത്തില്‍ ഏത്തവാഴ കൃഷി നടത്തിയത്. കൃഷിയുടെ ആദ്യ വിളവെടുപ്പ് സ്പെഷല്‍ ബ്രാഞ്ച് ഡിവൈ.എസ്.പി വി.എന്‍. സജി നിര്‍വഹിച്ചു. കുറഞ്ഞ സ്ഥലത്ത് കൂടുതല്‍ വാഴകള്‍ കുറഞ്ഞ ചെലവില്‍ കൃഷി ചെയ്ത് കൂടുതല്‍ വരുമാനം ഉണ്ടാക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്റ്റേറ്റ് ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍ എന്ന പദ്ധതി നടപ്പാക്കിയത്. വര്‍ഷങ്ങള്‍ക്ക് മുമ്പ് ഈ കൃഷിരീതി യൂനിവേഴ്സിറ്റി നടപ്പാക്കുന്നതിനുവേണ്ടി നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍, ഇത് കര്‍ഷകര്‍ ഏറ്റെടുക്കുന്നത് അടുത്ത കാലങ്ങളിലാണ്. ഏത്തവാഴക്ക് ഏറ്റവും കൂടുതല്‍ മുതല്‍മുടക്ക് വരുന്ന താങ്ങുകാലുകള്‍ക്ക് പകരം പ്ളാസ്റ്റിക് കയറും കമ്പിയും ഉപയോഗിച്ച് താങ്ങ് തീര്‍ക്കുന്നതിനാലും കൂടുതല്‍ ജലപരിപാലനം നടത്തുന്നതിനാലും മറ്റ് കൃഷിയെ അപേക്ഷിച്ച് മുതല്‍മുടക്ക് കുറവാണ്. ഇടുക്കി ജില്ലയില്‍ അനുവദിച്ച ഏക കൃഷി കൂടിയാണ് സേനാപതി ഗ്രാമപഞ്ചായത്തിലേത്. ഹോള്‍ട്ടികള്‍ച്ചര്‍ മിഷന്‍െറ ഒന്നേകാല്‍ ലക്ഷത്തോളം രൂപയുടെ സഹായത്തോടെയാണ് കാര്‍ഷിക കര്‍മസേന കൃഷി നടത്തിയത്. സേനാപതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ജോണി മമ്പള്ളി, ജനപ്രതിനിധികള്‍, കര്‍ഷകര്‍, പൊലീസ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.