നോട്ട് പിന്‍വലിച്ചത് ഏറ്റവും വലിയ വിഡ്ഢിത്തം –ഐവന്‍ ഡിസൂസ

അടിമാലി: നോട്ട് പിന്‍വലിച്ച മോദി സര്‍ക്കാറിന്‍െറ നടപടി ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ വിഡ്ഢിത്തമാണെന്നും ദുരിതത്തിലായ ജനങ്ങളോട് പ്രധാനമന്ത്രി മാപ്പ് പറയണമെന്നും എ.ഐ.സി.സി നിരീക്ഷകനും കര്‍ണാടക ചീഫ്വിപ്പുമായ ഡോ. ഐവന്‍ ഡിസൂസ. മറ്റ് രാജ്യങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ട പ്ളാസ്റ്റിക് നോട്ടുകള്‍ ഇന്ത്യയില്‍ നടപ്പാക്കാനാണ് മോദിയുടെ നീക്കം. ഇത് രാജ്യത്തിന്‍െറ സമ്പദ്ഘടനയെ തകര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ജില്ല ഘടകത്തിന്‍െറ പ്രവര്‍ത്തനം വിലയിരുത്താന്‍ എ.ഐ.സി.സിയുടെ നിര്‍ദേശപ്രകാരം എത്തിയതായിരുന്നു അദ്ദേഹം. നോട്ട് പ്രതിസന്ധി 80 ശതമാനം ജനങ്ങളെയും പ്രതികൂലമായി ബാധിച്ചു. കള്ളപ്പണക്കാര്‍ക്കും കുത്തകകള്‍ക്കും മാത്രമാണ് ഇതിലൂടെ നേട്ടമുണ്ടായത്. 50ദിവസം കൊണ്ട് സാധാരണക്കാരുടെ പ്രശ്നങ്ങള്‍ തീരുമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. എന്നാല്‍, 58 ദിവസമായിട്ടും സാധാരണക്കാര്‍ ബാങ്കുകള്‍ക്ക് മുന്നില്‍ ക്യൂ നില്‍ക്കുന്നു. ദേശസാത്കൃത ബാങ്കുകളില്‍ കള്ളനോട്ടുകള്‍ എത്തിയത് സര്‍ക്കാര്‍ അടിയന്തരമായി അന്വേഷിക്കണം. വരുന്ന ലോക്സഭ തെരഞ്ഞെടുപ്പില്‍ ഇടുക്കി തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസ് ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഡി.സി.സി പ്രസിഡന്‍റ് ഇബ്രാഹീംകുട്ടി കല്ലാര്‍, എ.കെ. മണി, ഡീന്‍ കുര്യാക്കോസ്, റോയി കെ.പൗലോസ്, എസ്. അശോകന്‍, പി.വി. സ്കറിയ, ടി.എസ്. സിദ്ദീഖ്, ജോര്‍ജ് തോമസ് തുടങ്ങിയവരും ഡിസൂസയോടൊപ്പം ഉണ്ടായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.