കാട്ടാന ശല്യം; കര്‍ഷകര്‍ കരിമ്പ് വെട്ടിനശിപ്പിക്കുന്നു

മറയൂര്‍: നിരന്തരമായി തുടരുന്ന കാട്ടാനയുടെ ശല്യം സഹിക്കാന്‍ കഴിയാതെ മറയൂരിലെ പുറവയല്‍പ്രദേശത്ത് കര്‍ഷകര്‍ കരിമ്പ് വെട്ടിനശിപ്പിക്കുന്നു. മേഖലയിലെ കര്‍ഷകര്‍ക്ക് നാശനഷ്ടങ്ങളുടെ കണക്കാണ് പറയാനുള്ളത്. വെള്ളത്തിനായും വിശപ്പകറ്റാനും എത്തുന്ന കാട്ടാന കര്‍ഷകന്‍െറ പ്രതീക്ഷ പൂര്‍ണമായും നശിപ്പിച്ചാണ് വിഹരിക്കുന്നത്. കാട്ടാനക്കൂട്ടത്തെ ഭയന്ന് ഒരേക്കറോളം കരിമ്പാണ് കര്‍ഷകയായ ശകുന്തള വെട്ടിനിരത്തി മറ്റ് കൃഷികള്‍ക്കായി മണ്ണൊരുക്കുന്നത്. ബാങ്ക് വായ്പയെടുത്തും ശര്‍ക്കര വ്യാപാരിയുടെ പക്കല്‍നിന്ന് പലതവണയായി പണം കടം വാങ്ങിയാണ് കൃഷിയിറക്കിയത്. എന്നാല്‍, ആന കൃഷി പൂര്‍ണമായും നശിപ്പിക്കുന്നതിനാല്‍ കരിമ്പ് പൂര്‍ണവളര്‍ച്ച എത്തിയാല്‍ വന്‍ കടക്കെണിയില്‍പെടുമെന്നതിനാലാണ് കരിമ്പ് വെട്ടിനിരത്തിയത്. കരിമ്പ് ഒരുതവണ കൃഷി ചെയ്താല്‍ അഞ്ചു വര്‍ഷത്തേക്ക് പുതുതായി കൃഷിയിറക്കാതെ വളവും മറ്റ് പരിചരണവും മാത്രം നല്‍കിയാല്‍ മതി. എന്നാല്‍, ഓരോവര്‍ഷം പിന്നിടുമ്പോഴും കര്‍ഷകനു നഷ്ടങ്ങളാണ് ഉണ്ടാകുന്നത്. ഒരു ഭാഗത്ത് വന്യമൃഗങ്ങള്‍ കൃഷി നശിപ്പിക്കുമ്പോള്‍ തൊഴിലാളികളുടെ കൂലി, ശര്‍ക്കര ഉല്‍പാദകരുടെ ശമ്പളം എന്നിങ്ങനെ കണക്ക് കൂട്ടിയാല്‍ കര്‍ഷകന് ലാഭം കിട്ടാറില്ല. ഇതിനു പുറമെ കാട്ടാനശല്യവും രാത്രിയിലെ ഉറക്കവും മനസ്സമാധാനവും ഇല്ലാതാകുമെന്ന് കര്‍ഷകര്‍ പറഞ്ഞു. കാട്ടാന കൃഷി നശിപ്പിച്ചതിനു സര്‍ക്കാര്‍ നല്‍കുന്ന നഷ്ടപരിഹാരത്തുക കരിമ്പിനു ഒരുതവണ കളയെടുക്കാന്‍ എത്തുന്ന തൊഴിലാളികളുടെ കൂലിക്ക് പോലും തികയാറില്ല. മാത്രമല്ല നഷ്ടപരിഹാരം ചിലപ്പോള്‍ കടലാസില്‍ ഒതുങ്ങി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.