വകുപ്പുമേധാവികളുടെ പിടിപ്പുകേടില്‍ തൊഴില്‍സ്വപ്നം പൊലിഞ്ഞവര്‍ നിരവധി

തൊടുപുഴ: ഒഴിവുകള്‍ യഥാസമയം റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ഭാഗത്തുനിന്നുണ്ടായ പിടിപ്പുകേട് മൂലം ജില്ലയില്‍ സ്വര്‍ക്കാര്‍ ജോലിയെന്ന സ്വപ്നം പൊലിഞ്ഞ ഉദ്യോഗാര്‍ഥികള്‍ നിരവധി. കീഴ്വഴക്കം മറികടന്ന് റാങ്ക്ലിസ്റ്റുകള്‍ തിരഞ്ഞുപിടിച്ച് കാലാവധി നീട്ടിയ പി.എസ്.സിയും ഒഴിവുകള്‍ പൂഴ്ത്തിവെച്ച് താല്‍ക്കാലികക്കാരെ തിരുകിക്കയറ്റിയ വകുപ്പ് മേധാവികളും വര്‍ഷങ്ങളായി തൊഴില്‍ കാത്തിരുന്നവരെ വഞ്ചിച്ചിരിക്കുകയാണെന്ന് ഉദ്യോഗാര്‍ഥികള്‍ പറയുന്നു. ജില്ലയില്‍ മാര്‍ച്ചിനകം കാലാവധി തീരുന്ന 186 റാങ്ക്ലിസ്റ്റുകളാണ് ആകെയുള്ളത്. ഇവയില്‍ 176 എണ്ണത്തിന്‍െറ കാലാവധി കഴിഞ്ഞ ഡിസംബര്‍ 31വരെയായിരുന്നു. ഇതില്‍നിന്ന് ഇതുവരെ കാലാവധി നീട്ടാത്ത 106 റാങ്ക്ലിസ്റ്റുകളുടെ കാലാവധി മാത്രമാണ് സര്‍ക്കാര്‍ ശിപാര്‍ശ പ്രകാരം പി.എസ്.സി നീട്ടിനല്‍കിയത്. ഇതോടെ ശേഷിക്കുന്ന 70 റാങ്ക്ലിസ്റ്റുകളിലുള്ളവര്‍ക്ക് തങ്ങളുടേതല്ലാത്ത കാരണത്താല്‍ തൊഴിലവസരം നഷ്ടപ്പെടുകയായിരുന്നു. മൂന്നരവര്‍ഷം പൂര്‍ത്തിയായ സിവില്‍ സപൈ്ളസ് അസി. സെയില്‍സ്മാന്‍ റാങ്ക്ലിസ്റ്റും റദ്ദായവയില്‍ ഉള്‍പ്പെടുന്നു. കോര്‍പറേഷന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് കീഴില്‍ സെയില്‍സ്മാന്‍മാരുടെ നിരവധി ഒഴിവുകള്‍ ഉള്ളതായി നിലവില്‍ ഇവിടങ്ങളില്‍ ജോലിചെയ്യുന്ന ജീവനക്കാര്‍ പറയുമ്പോഴും കഴിഞ്ഞ മൂന്നരവര്‍ഷത്തിനിടെ 200ഓളം പേരെ മാത്രമാണ് ലിസ്റ്റില്‍നിന്ന് നിയമിച്ചത്. ഇവരില്‍ പലരും ജോലിക്ക് ചേരാതിരുന്നതുമൂലമുണ്ടായ ഒഴിവുകളും മറ്റ് ഒഴിവുകളും ബന്ധപ്പെട്ട ഡിപ്പോ മാനേജര്‍മാര്‍ മുകളിലേക്ക് റിപ്പോര്‍ട്ട് ചെയ്യാതെ പൂഴ്ത്തിവെക്കുകയായിരുന്നു. കഴിഞ്ഞ ജൂണ്‍ 30ന് കാലാവധി തീര്‍ന്ന ലിസ്റ്റിന്‍െറ കാലാവധി ആറുമാസം കൂടി നീട്ടിയെങ്കിലും ഈ കാലയളവില്‍ അഞ്ചുപേരെ മാത്രമാണ് നിയമിച്ചത്. ഇവയില്‍ നാലെണ്ണവും എന്‍.ജെ.ഡി ഒഴിവുകളായിരുന്നു. ഒഴിവുകളുണ്ടെന്ന് വിവരാവകാശ മറുപടിയില്‍ വ്യക്തമാക്കിയ നെടുങ്കണ്ടം, മൂന്നാര്‍ ഡിപ്പോകളില്‍ ഭരണകക്ഷി യൂനിയനുകളുടെ സമ്മര്‍ദത്തിനുവഴങ്ങി താല്‍ക്കാലികക്കാരെ തിരുകിക്കയറ്റുകയാണ് വകുപ്പ് മേധാവികള്‍ ചെയ്തത്. ജില്ലയിലെ പല സപൈ്ളകോ സൂപ്പര്‍മാര്‍ക്കറ്റുകളിലും 20 വര്‍ഷം വരെ സര്‍വിസുള്ള താല്‍ക്കാലികക്കാര്‍ സെയില്‍സ്മാന്‍മാരായി ജോലിചെയ്യുന്നുണ്ട്. ഇവരുടെ നിയമനത്തിലൂടെ ഭരണകക്ഷി യൂനിയനുകള്‍ ലക്ഷങ്ങളാണ് സമ്പാദിച്ചത്. എന്നിട്ടും കഷ്ടപ്പെട്ട് പഠിച്ച് പരീക്ഷയെഴുതി റാങ്ക്ലിസ്റ്റില്‍ ഇടംപടിച്ചവരെ നിയമിക്കാന്‍ അധികൃതര്‍ തയാറായില്ല. സ്ഥിരം ജീവനക്കാര്‍ എത്തുന്നത് തങ്ങളുടെ കമീഷന്‍ ഇടപാടുകളെ ബാധിക്കുമെന്ന ഡിപ്പോ മാനേജര്‍മാരുടെ ആശങ്കയും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാതിരിക്കാന്‍ കാരണമാണ്. കാലാവധി മുമ്പ് നീട്ടിനല്‍കിയെങ്കിലും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യാത്തതിനാല്‍ നിയമനം ലഭിക്കാതിരിക്കുകയും അതേസമയം, നേരത്തേ നീട്ടിയതിന്‍െറ പേരില്‍ ലിസ്റ്റ് ഇപ്പോള്‍ റദ്ദാക്കുകയും ചെയ്തതോടെ ഉദ്യോഗാര്‍ഥികള്‍ക്ക് വന്‍ തിരിച്ചടിയാണ് നേരിട്ടത്. ഇപ്പോള്‍ കാലാവധി നീട്ടിയ ഭൂരിഭാഗം ലിസ്റ്റിലുള്ളവര്‍ക്കും നിയമനം നിഷേധിക്കും വിധത്തിലുള്ള നടപടികളാണ് വകുപ്പ് മേധാവികള്‍ സ്വീകരിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.